വലിച്ചിഴച്ച് കൊണ്ടുപോയി മുഖത്ത് കല്ലു കൊണ്ടടിച്ചു; കൊണ്ടോട്ടിയിൽ വിദ്യാർഥിനി നേരിട്ടത് ക്രൂരപീഡനം
text_fieldsമലപ്പുറം: കൊണ്ടോട്ടിയില്‍ കോളജ് വിദ്യാര്‍ഥിനിക്കു നേരെ നടന്നത് ക്രൂരമായ പീഡനശ്രമമെന്ന് പൊലീസ്. തിങ്കളാഴ്ച ഉച്ചയ്ക്ക് കോളജിലേക്ക് പോകുകയായിരുന്ന 21കാരിയെ ആളൊഴിഞ്ഞ സ്ഥലത്ത് കാത്തുനിന്നയാൾ കീഴ്പ്പെടുത്തി വയലിലെ വാഴത്തോട്ടത്തിലേക്കു വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു. വസ്ത്രങ്ങൾ വലിച്ചു കീറാൻ ശ്രമിച്ചു.
രക്ഷപ്പെടാൻ ശ്രമിച്ച പെൺകുട്ടിയെ ഇയാൾ വീണ്ടും ആക്രമിച്ചു. മുഖത്തു കല്ലുകൊണ്ടിടിച്ചു. പെൺകുട്ടി എങ്ങനെയൊക്കെയോ തൊട്ടടുത്ത വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. ഇതോടെ ഇയാൾ രക്ഷപ്പെട്ടു.
പ്രതിയെന്ന് സംശയിക്കുന്ന ആളുടെ ചെരിപ്പ് സംഭവസ്ഥലത്ത് നിന്ന് ലഭിച്ചതായി പൊലീസ് പറഞ്ഞു. പ്രതിയെ ഉടന്‍ പിടികൂടുമെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു. അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചുവെന്നും പ്രതിയെ ഉടൻതന്നെ പിടികൂടുമെന്ന് അദ്ദേഹം അറിയിച്ചു. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. പ്രതി മലയാളിയെന്നാണ് സൂചനയെന്നും എസ്.പി പറഞ്ഞു. പരിസരത്തെ സി.സി.ടി.വി ക്യാമറ ദൃശ്യങ്ങൾ ഉൾപ്പെടെ ശേഖരിച്ചിട്ടുണ്ട്.
പൊലീസ് നായ കൊട്ടൂക്കര ബസ് സ്റ്റോപ്പുവരെ മണംപിടിച്ചു പോയി. പ്രതി ബസിൽക്കയറി രക്ഷപ്പെട്ടതായാണ് നിഗമനം. അതേസമയം, പരിക്കേറ്റ പെൺകുട്ടി കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് മഞ്ചേരി മെഡിക്കൽ കോളജിലും ചികിൽസ തേടി.

