ആശസമരം ചരിത്ര യാഥാർഥ്യമായി രേഖപ്പെടുത്തും- തമ്പാൻ തോമസ്
text_fieldsതിരുവനന്തപുരം:ആശസമരം ചരിത്ര യാഥാർഥ്യമായി രേഖപ്പെടുത്തുമെന്ന് എച്ച്.എം.എസ് ദേശീയ സെക്രട്ടറിയും ട്രേഡ് യൂനിയൻ നേതാവുമായ തമ്പാൻ തോമസ്. 55 ദിവസമായി സെക്രട്ടേറിയേറ്റിന് മുന്നിൽ നടക്കുന്ന ആശാ പ്രവർത്തകരുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അധ്വാനിക്കുന്നവൻറെ അവകാശമാണ് കൂലി, അത് ആരുടെയും ഔദാര്യമല്ല. അത് തൊഴിലാളി വർഗത്തിന്റെ അന്തസിന്റെ പ്രശ്നമാണ്. ആശാ പ്രവർത്തകർ നടത്തിവരുന്ന സമരം സ്ഥാപിക്കപ്പെടുന്നത് തങ്ങൾ തൊഴിലാളികളാണ്, പിച്ചക്കാരല്ല എന്നതാണ്. ആ സമരത്തിൽ തളരാനോ പതറാനോ പാടില്ല. രാഷ്ട്രീയപരമായ നേട്ടങ്ങൾക്കായി ഈ സർക്കാർ എന്ത് നിലപാട് സ്വീകരിച്ചാലും ഈ സമരം ചരിത്ര യാഥാർഥ്യമായി രേഖപ്പെടുത്തുമെന്നുള്ളത് ഉറപ്പാണ്.
ഈ സമരത്തിന് ഈ രാജ്യത്തെ എല്ലാ തൊഴിലാളികളുടെയും പിന്തുണയുണ്ടാകും. കാരണം ആശാ പ്രവർത്തകർ ഉയർത്തുന്ന മുദ്രവാക്യം തൊഴിലാളി വർഗ്ഗത്തിന്റെ താൽപര്യങ്ങൾക്ക് വേണ്ടിയുള്ളതാണ്. അസംഘടിത മേഖലയിലെ തൊഴിലാളികളെയെല്ലാം കൂലി അടിമകളാക്കി മാറ്റുന്ന നിയമനിർമാണങ്ങൾക്കെതിരെ മുന്നോട്ടുവന്ന ആശാ പ്രവർത്തകരെ അഭിനന്ദിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് സമരവേദിയിൽ പിന്തുണയുമായി വിവിധ സംഘടനകളും വ്യക്തിത്വങ്ങളും എത്തിച്ചേർന്നു. ആംആദ്മി പാർട്ടി മഹിളാശക്തി സംസ്ഥാന ഭാരവാഹികളായ അഡ്വ. സിസിലി, ഡോക്ടർ സബീന സി. എബ്രഹാം, സാലിക്കുട്ടി ജോസ്, റാണി,ഫാത്തിമ,ആം ആദ്മി പാർട്ടി തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഡോ ജോയ്, ഡെമോക്രാറ്റിക് സോഷ്യൽ മൂവ്മെൻറ് മുഖ്യ രക്ഷാധികാരി മങ്ങാട് രാജേന്ദ്രൻ, എസ്.എൻ.ഡി.പി യോഗം അസി. സെക്രട്ടറി കെ.എ ബാഹുലേയൻ, ദേശീയ കർഷക സമിതി ബ്രദർ പീറ്റർ, സേവാദൾ സംസ്ഥാന പ്രസിഡൻറ് രമേശ് കരുവാഞ്ചേരി,
കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി തിരുവനന്തപുരം ജില്ലാ പ്രസിഡൻറ് കെ. ശൈവപ്രസാദ്,കേരള സിവിൽ സൈസൈറ്റി സംസ്ഥാന കോർഡിനേറ്റർ അഡ്വ. ജോൺ ജോസഫ്, കീഴറ്റിയൂർ വേലായുധൻ,കുഞ്ഞിക്കണ്ണൻ വടകര എന്നിവർ പിന്തുണ രേഖപ്പെടുത്തി. ആം ആദ്മി പാർട്ടി മഹിളാശക്തി തെരുവുനാടകവും തൃശ്ശൂരിൽ നിന്ന് എത്തിയ വിൻസെന്റ് ചാക്യാർകൂത്തും സമരവേദിയിൽ അവതരിപ്പിച്ചു.
അനിശ്ചിതകാല നിരാഹാര സമരം പതിനേഴാം ദിവസം
ആശാവർക്കർമാർ നടത്തിവരുന്ന അനിശ്ചിതകാല നിരാഹാര സമരം 17 ദിവസം പിന്നിടുന്നു. നിരാഹാരം അനുഷ്ഠിച്ച പള്ളിച്ചൽ എഫ്എച്ച്സി യിലെ ഡി. എൽ താരയുടെ ആരോഗ്യ നില മോശമായതിനെ തുടർന്ന് തിരുവനന്തപുരം മുക്കട പി എച്ച് സിയിലെ ആശാവർക്കർ എം ശ്രീലത നിരാഹാര സമരം ഏറ്റെടുത്തു. കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയംഗം തത്ത ഗോപിനാഥ്, പാല ജി എച്ചിലെ ആശ വർക്കർ ജിതിക ജോസഫ് എന്നിവരാണ് നിരാഹാര സമരം തുടരുന്ന മറ്റു രണ്ടുപേർ.
ജനറൽ സെക്രട്ടറി എം.എ. ബിന്ദു, പുതുകുറുച്ചി എഫ്.എച്ച്.സി യിലെ ആർ. ഷീജ, തൃക്കണ്ണാപുരം യു.പി.എച്ച്.സി യിലെ കെ.പി തങ്കമണി, വട്ടിയൂർക്കാവ് യു.പി.എച്ച്.സി യിലെ എം. ശോഭ, കുളത്തൂർ യു.പി.എച്ച്.സി യിലെ എസ്. ഷൈലജ, പുത്തൻതോപ്പ് സി.എച്ച്.സിയിലെ ബീന പിറ്റർ, വട്ടിയൂർകാവ് എഫ്.എച്ച്.സിയിലെ എസ്.ബി രാജി, പാലോട് എഫ്.എച്ച്.സിയിലെ എസ്.എസ് അനിതകുമാരി ,കണ്ണുമൂല യു.പി.എച്ച് സിയിലെ ബി. ബിന്ദു എന്നിവരാണ് ഇതുവരെ നിരാഹാരം അനുഷ്ഠിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

