ന്യായാധിപരും കൈകൊടുക്കും; ഈ നിയമ കലാലയത്തിന്റെ സ്വന്തം സുബ്ബണ്ണന്
text_fieldsചായ വിൽപ്പനക്കാരൻ... എറണാകുളം ഗവ. ലോ കോളജിൽ നടന്ന ബിരുദദാന ചടങ്ങിന് എത്തിയ പൂർവ വിദ്യാർഥികളും ഹൈകോടതി ജഡ്ജിമാരുമായ ജസ്റ്റിസ് സോഫി തോമസ്, ജസ്റ്റിസ്
ശോഭ അന്നമ്മ ഈപ്പൻ എന്നിവർ സുബ്ബയ്യയുമായി കുശലം പറയുന്നു
കൊച്ചി: കണ്ടമാത്രയിൽ വാഹനം നിർത്തി ഹൈകോടതിയിലെ ന്യായാധിപർപോലും കുശലം ചോദിക്കും, തമാശപറയും. തോളത്തുതട്ടി ആശ്വസിപ്പിക്കും. കോട്ടും സ്യൂട്ടുമണിഞ്ഞ വി.ഐ.പികൾക്ക് മുന്നിൽ നിറചിരിയോടെ അയാൾ നിൽക്കും. കണ്ണിൽ നോക്കിയാലറിയാം. വർഷങ്ങൾ നീണ്ട സൗഹൃദത്തിന്റെ പങ്കുവെപ്പ്. പാഠം പഠിപ്പിച്ച അധ്യാപകരോളം ബഹുമാനമാണ് വി.ഐ.പികൾക്കെല്ലാം അയാളോട്. നിയമപഠന കാലത്ത് മതിവരുവോളം സ്നേഹത്തിന്റെ ചായ പകർന്ന അവരുടെ സുബ്ബണ്ണനാണത്.
എറണാകുളം ഗവ. ലോ കോളജിൽ എന്നും സൈക്കിളിലെത്തി ചായ വിൽപന നടത്തുന്നയാളാണ് 58കാരനായ സുബ്ബയ്യൻ. ഇന്നും ഇന്നലെയുമൊന്നും തുടങ്ങിയതല്ല ജോലി. 14 ാം വയസ്സിൽ തന്നെക്കാൾ വലിയ സൈക്കിളിൽ ചായപ്പാത്രമേന്തി ഈ കാമ്പസിലെത്തിയതാണ്. അന്നു മുതൽ ഇന്നുവരെ കാമ്പസിന്റെ സ്വന്തം ചായക്കാരനാണ് സുബ്ബയ്യ. വിദ്യാർഥികളായും അധ്യാപകരായും പലരും വന്നുപോയിട്ടും പാസ് ഔട്ടും ട്രാൻസ്ഫറും റിട്ടയർമെന്റുമൊന്നുമില്ലാതെ സുബ്ബയ്യ മാത്രം ഇവിടെ ബാക്കി.
കഴിഞ്ഞ നാലര പതിറ്റാണ്ടിനിടെ കാമ്പസിൽ വിദ്യാർഥികളായെത്തിയവരാരും സുബ്ബണ്ണന്റെ ചായ കുടിക്കാതെ കടന്നുപോയിട്ടില്ല. അഭിഭാഷകരായി തുടരുന്നവരും നീതിപീഠത്തിലെത്തിയവരുമായ പൂർവ വിദ്യാർഥികൾക്ക് പ്രിയങ്കരനാണ്.. ഇവിടെ പൂർവ വിദ്യാർഥികളായിരുന്ന 50ലേറെ ഹൈകോടതി ജഡ്ജിമാരെങ്കിലും തന്റെ പരിചയത്തിലുണ്ടെന്നും കോളജിൽ പരിപാടികൾക്കെത്തുമ്പോഴോ മറ്റെവിടെയെങ്കിലും വെച്ച് കാണുമ്പോഴോ പരിചയം പുതുക്കാറുണ്ടായിരുന്നെന്നും സുബ്ബയ്യ പറയുന്നു.
എറണാകുളം ലോ കോളജിൽ നടന്ന ബിരുദദാന ചടങ്ങിൽ വിശിഷ്ടാതിഥികളായെത്തിയ ജഡ്ജിമാരിൽ പലരും സുബ്ബയ്യനെ കണ്ട് സൗഹൃദം പുതുക്കിയാണ് മടങ്ങിയത്. ഇപ്പോഴത്തെ പ്രിൻസിപ്പൽ ബിന്ദു നമ്പ്യാരും സുബ്ബയ്യയുടെ ചായ നുകർന്ന പൂർവ വിദ്യാർഥിയാണ്.തമിഴ്നാട് തൂത്തുക്കുടി സ്വദേശിയായ സുബ്ബയ്യൻ കേരളത്തിൽ കൂലിപ്പണിക്കാരനായിരുന്ന അച്ഛനെ സഹായിക്കാനാണ് ചെറുപ്രായത്തിലേ കൊച്ചിയിലെത്തിയത്. ഇതിനിടെ മാതാപിതാക്കൾ മരിച്ചു. ഇപ്പോൾ ഭാര്യക്കും രണ്ട് ആൺമക്കൾക്കുമൊപ്പം പച്ചാളത്താണ് താമസം. ഗുരുതരരോഗം ബാധിച്ച് ഭാര്യ കിടപ്പിലായതോടെയാണ് താൻ ചായ പകർന്ന പൂർവ വിദ്യാർഥികളുടെ സഹായ മനസ്കതയും സ്നേഹവും ശരിക്കും തിരിച്ചറിഞ്ഞതെന്ന് സുബ്ബയ്യൻ പറയുന്നു.
ജഡ്ജിമാരടക്കം പൂർവ വിദ്യാർഥികളും നിലവിലെ വിദ്യാർഥികളും വലിയ സഹായമാണ് നൽകിയത്. വിദേശത്തുനിന്ന് പോലും പണം അയച്ചുതന്നവരുണ്ട്. പഠിക്കുന്ന കാലത്ത് ചായ കുടിച്ച് കടം പറഞ്ഞ് പോയവർ കണക്കില്ലാതെയാണ് ഇപ്പോൾ സഹായിക്കുന്നതെന്ന് പറഞ്ഞപ്പോൾ സുബ്ബയ്യയുടെ മുഖത്ത് നിറചിരി.