Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സംസ്ഥാനത്ത് വയോജനക്ഷേമ വകുപ്പ് പ്രവര്‍ത്തനസജ്ജമാകുന്നു; തസ്തികകള്‍ പുനര്‍വിന്യസിച്ചു

text_fields
bookmark_border
പുതിയ പദ്ധതികള്‍ക്കായി പ്രൊപ്പോസലുകള്‍ സര്‍ക്കാറിന് സമര്‍പ്പിച്ചു
സംസ്ഥാനത്ത് വയോജനക്ഷേമ വകുപ്പ് പ്രവര്‍ത്തനസജ്ജമാകുന്നു; തസ്തികകള്‍ പുനര്‍വിന്യസിച്ചു
cancel

തിരുവനന്തപുരം: വയോജനങ്ങളുടെ ക്ഷേമവും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ പുതുതായി രൂപവത്കരിച്ച വയോജനക്ഷേമ വകുപ്പില്‍ ജീവനക്കാരുടെ തസ്തികകള്‍ പുനര്‍വിന്യസിച്ചു. പൊതുഭരണ, ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പുകളില്‍നിന്നു പ്രധാന തസ്തികകളായ അഡീഷനല്‍ സെക്രട്ടറി, അണ്ടര്‍ സെക്രട്ടറി, സെക്ഷന്‍ ഓഫിസര്‍, അസിസ്റ്റന്റുമാര്‍, കമ്പ്യൂട്ടര്‍ അസിസ്റ്റന്റുകള്‍ എന്നിവയാണ് പുനര്‍വിന്യസിച്ച് പൊതുഭരണ വകുപ്പ് ഉത്തരവിറക്കിയത്.

വയോജനക്ഷേമ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും വിവിധ ക്ഷേമപദ്ധതികള്‍ക്കുമായി സംസ്ഥാന ബജറ്റില്‍ 10 കോടി രൂപ സര്‍ക്കാര്‍ വകയിരുത്തിയിരുന്നു. ഈ തുക ഉപയോഗിച്ച് വയോജനങ്ങള്‍ക്കായി വിപുലമായ പദ്ധതികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. വയോജനങ്ങളുടെ ആവശ്യങ്ങള്‍, കഴിവുകള്‍, ഉപഭോഗശേഷി, തൊഴില്‍/സംരംഭകത്വ സാധ്യതകള്‍ എന്നിവയെ അടിസ്ഥാനമാക്കി രൂപപ്പെടുന്ന സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ സമഗ്രമേഖലയായ സില്‍വര്‍ എക്കണോമി വകുപ്പിന്റെ പ്രധാന ഘടകങ്ങളിലൊന്നാണ്. വയോജന ക്ഷേമവുമായി ബന്ധപ്പെട്ട നിയമങ്ങളുടെയും ചട്ടങ്ങളുടെയും ഭരണനിര്‍വഹണം, വയോജനക്ഷേമ നയങ്ങളുടെ നടത്തിപ്പ്, കേന്ദ്രാവിഷ്‌കൃത വയോജനക്ഷേമ പദ്ധതികളുടെ നടത്തിപ്പ്, വിവിധ സംസ്ഥാന വയോജനക്ഷേമ പദ്ധതികളുടെ നടത്തിപ്പ്, കേരള സംസ്ഥാന വയോജന കമ്മീഷന്‍, വൃദ്ധസനങ്ങള്‍/വയോജന മന്ദിരങ്ങള്‍ എന്നിവയാണ് വകുപ്പിന് അനുവദിച്ചിരിക്കുന്ന പ്രധാന വിഷയങ്ങള്‍. വയോജനക്ഷേമ വകുപ്പ് ഡയറക്ടറേറ്റിന്റെ നേതൃത്വത്തില്‍ വിവിധ പദ്ധതികള്‍ നടപ്പാക്കുന്നതിനായി പ്രൊപ്പോസലുകള്‍ സര്‍ക്കാറിന്റെ പരിഗണനയ്ക്കായി സമര്‍പ്പിച്ചു.

സംസ്ഥാനതല ഡയറക്ടറേറ്റും ജില്ലാതല ഓഫിസുകളും രൂപവത്കരിക്കുന്നതിനും വയോജനക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി സംസ്ഥാന ഗവേണിങ് കൗണ്‍സില്‍ രൂപവത്കരിക്കുന്നതിനുമുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. വയോജനങ്ങളുടെ സമഗ്ര സ്ഥിതിവിവര സര്‍വേ ആരംഭിക്കുന്നതിനുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലാണ്. കേരളത്തില്‍ മുതിര്‍ന്ന പൗരന്‍മാരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ അവര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് അടിയന്തിരമായി ഇടപെടല്‍ നടത്താന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ലൈന്‍ സ്ഥാപിക്കുകയും ഫീല്‍ഡ് തലത്തില്‍ അത് ഏകോപിപ്പിച്ച് അടിയന്തിര സഹായം നേരിട്ട് എത്തിക്കുന്നതിനായി റാപ്പിഡ് റെസ്‌പോണ്‍സ് ടീമിലെ ഫീല്‍ഡ് റെസ്‌പോണ്‍സ് ഓഫിസര്‍ക്ക് ചുമതലയും നല്‍കുന്ന നടപടികള്‍ വയോജന ക്ഷേമ രംഗത്ത് അതിവേഗം ഇടപെടലുകള്‍ നടത്തുന്നതിന് സാധ്യമാക്കും.

സംസ്ഥാന സാങ്കേതിക ഉപദേശക സമിതി രൂപവത്കരിക്കുന്നതിനും എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും വയോജന സൗകര്യ ഡസ്‌ക് ആരംഭിക്കുന്നതിനും വയോജനങ്ങളും യുവതലമുറയും തമ്മിലുള്ള ആശയവിനിമയവും സഹവര്‍ത്തിത്വവും ശക്തിപ്പെടുത്തുന്നതിനും പദ്ധതികള്‍ ആവിഷ്‌കരിക്കും. വയോജന സേവനങ്ങള്‍ക്കായുള്ള പ്രത്യേക പോര്‍ട്ടലിലൂടെ വയോജന ദുര്‍ബലതാ രജിസ്റ്റര്‍ (Elder Vulnerability Register), കേരള കെയര്‍ വര്‍ക്ക്‌ഫോഴ്‌സ് രജിസറ്റര്‍, സര്‍വിസ് കണക്ട് ഡയറക്ടറി, പ്രൊഡക്റ്റീവ് ഏജിങ് രജിസ്റ്റര്‍ എന്നിവ നടപ്പാക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്.

ജില്ലാ വയോജന സെല്ലുകള്‍ (14 ജില്ലാ കളക്ടറേറ്റുകളിലും), വയോജന സൗഹൃദ ഓഫിസ് സര്‍ട്ടിഫിക്കേഷന്‍, ഡിമെന്‍ഷ്യ സൗഹൃദ കേരളം പദ്ധതി, വയോജന സൗഹൃദ ആരോഗ്യ മാനദണ്ഡങ്ങള്‍, കുടുംബശ്രീയുമായി ചേര്‍ന്നുള്ള വയോജന അയല്‍പക്ക സഹായ ശൃംഖലകള്‍ എന്നിവ നടപ്പാക്കുന്നതിനുള്ള നടപടികളും അന്തിമ ഘട്ടത്തിലാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The state's elderly welfare department is operational; posts have been reassigned
Next Story