
മൊഴികൾ തൃപ്തികരമല്ല; സ്വർണക്കടത്ത് കേസിൽ ബിനീഷിനെ വീണ്ടും ചോദ്യം ചെയ്തേക്കും
text_fieldsകൊച്ചി: തിരുവനന്തപുരം സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് 12 മണിക്കൂർ ചോദ്യംചെയ്യലിന് വിധേയനായ ബിനീഷ് കോടിയേരിയെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി). മൊഴികൾ തൃപ്തികരമല്ലാത്തതാണ് കാരണം. അടുത്തയാഴ്ച വീണ്ടും വിളിപ്പിച്ചേക്കും.
അന്വേഷണങ്ങളിലെ കണ്ടെത്തലും ബിനീഷിെൻറ മൊഴികളും തമ്മിൽ വൈരുധ്യമുണ്ട്. ഒരു മാസമായി ബിനീഷ് എൻഫോഴ്സ്മെൻറ് നിരീക്ഷണത്തിലാണ്. ഇടപാടുകൾ അന്വേഷിക്കുകയും ബിസിനസ് പങ്കാളികളിൽനിന്നും മറ്റും മൊഴിയെടുക്കുകയും ചെയ്തിരുന്നു. രേഖകളും തെളിവുകളും ശേഖരിക്കുകയും ചെയ്തു. ഇതിനുശേഷമാണ് കൊച്ചി എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തത്.
തിരുവനന്തപുരത്തെ യു.എ.എഫ്.എക്സ് സൊലൂഷന് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനത്തില്‍നിന്ന് തനിക്ക് കമീഷന് ലഭിച്ചെന്ന് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് മൊഴി നൽകിയിരുന്നു. അതിെൻറ ഡയറക്ടര്‍മാരിലൊരാളും ബിനീഷും തമ്മിെല അടുത്ത ബന്ധം ഇ.ഡി കണ്ടെത്തിയിട്ടുണ്ട്.
ബംഗളൂരു മയക്കുമരുന്ന് കേസിൽ നാർകോട്ടിക് കൺട്രോൾ ബ്യൂറോ പിടികൂടിയ അനൂപ് മുഹമ്മദിെൻറ മൊഴി സംബന്ധിച്ചും ബിനീഷിനോട് ചോദ്യങ്ങളുണ്ടായി. ബംഗളൂരു മയക്കുമരുന്ന് കേസ് പ്രതികൾ സ്വർണക്കടത്തിന് പണം നിക്ഷേപിച്ചതിനെക്കുറിച്ചും ചോദ്യം ചെയ്തു. വിവരങ്ങൾ പരിശോധിച്ച് പൊരുത്തക്കേടുകൾ വിലയിരുത്തുകയാണ് ഉദ്യോഗസ്ഥർ. ലഭിച്ച വിവരങ്ങൾ പ്രകാരം ബിനീഷിനെതിരായ കുരുക്ക് മുറുകുകയാണെന്നാണ് ഇ.ഡി അധികൃതർ സൂചിപ്പിക്കുന്നത്.
