സംസ്ഥാന ന്യൂനപക്ഷ കമീഷൻ പ്രത്യേക സിറ്റിങ് നടത്തി
text_fieldsമുതലപ്പൊഴിയിൽ തുടർച്ചയായുണ്ടാകുന്ന അപകടങ്ങളെ സംബന്ധിച്ച് സംസ്ഥാന ന്യൂനപക്ഷ കമീഷൻ സ്വമേധയാ എടുത്ത കേസിന്റെ തെളിവെടുപ്പിനായി ശാസ്തമംഗലത്തുള്ള കമീഷൻ ആസ്ഥാനത്ത് പ്രത്യേക സിറ്റിങ് നടന്നു. ചെയർമാൻ അഡ്വ. എ.എ. റഷീദ് ഹർജികൾ പരിഗണിച്ചു. തുറമുഖത്തിന്റെ ആഴം കൂട്ടുന്നതിനായി അദാനി പോർട്സുമായി 2018-ൽ സർക്കാരുണ്ടാക്കിയ ധാരണപത്രത്തിലെ വ്യവസ്ഥകൾ നടപ്പിലാക്കുന്നതിന് നടപടികൾ കൈക്കൊള്ളാൻ ബന്ധപ്പെട്ട വകുപ്പുകൾ വേണ്ടത്ര ജാഗ്രത കാട്ടിയില്ലെന്ന് കമീഷൻ അറിയിച്ചു.
മുതലപ്പൊഴി വിഷയം പരിഹരിക്കാൻ വിവിധ ഏജൻസികൾ കാലാകാലങ്ങളിൽ പഠനം നടത്തി സമർപ്പിച്ച റിപ്പോർട്ടുകളിന്മേൽ കൈക്കൊണ്ട നടപടികളെ സംബന്ധിച്ച വ്യക്തമായ റിപ്പോർട്ട് സമർപ്പിക്കുവാൻ അധികൃതരോട് പലതവണ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടാകാത്തതിൽ കമീഷൻ അതൃപ്തി രേഖപ്പെടുത്തി. ജൂലൈ 20 ന് നടക്കുന്ന സിറ്റിങിൽ, വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ അധികൃതർക്ക് കമീഷൻ നിർദേശം നൽകി. മത്സ്യബന്ധന തുറമുഖ വകുപ്പ്, ഹാർബർ എഞ്ചിനീയറിങ്, തീരദേശ പൊലീസ് എന്നീ വകുപ്പുകളെയും തിരുവനന്തപുരം കലക്ടറെയും, അദാനി പോർട്സിനെയും പ്രതിനിധീകരിച്ച് ഉദ്യോഗസ്ഥർ സിറ്റിങിൽ ഹാജരായി.
സി.എസ്.ഐ സഭാതർക്കത്തിൽ, സഭാവിശ്വസി നൽകിയ ഹർജി പരിഗണിച്ച കമീഷൻ, ഇതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിലുള്ള കേസിൽ ഉത്തരവ് വരുന്നതുവരെ നിലവിലുള്ള സ്ഥിതി തുടരാൻ ഇരുകക്ഷികൾക്കും നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

