ഗുണ്ടാകേന്ദ്രമായി സംസ്ഥാനം; ഏറ്റവും കൂടുതൽ ഗുണ്ടകൾ തൃശൂരിൽ, കുറവ് കാസർകോട്
text_fieldsതൃശൂർ: നടൻ ജോജു ജോർജ് രചനയും സംവിധാനവും അഭിനയവും നിർവഹിച്ച ‘പണി’ എന്ന സിനിമ കാണാത്തവർ കുറവായിരിക്കും. തൃശൂർ നഗരം കേന്ദ്രീകരിച്ചുള്ള ഗുണ്ടകളുടെ കുടിപ്പക കാണിച്ച് തന്ന സിനിമയാണത്. ചെറിയ ഒരു വിഷയത്തിൽ തുടങ്ങി പരസ്പരം കൊന്നുതള്ളുന്ന ഗുണ്ടകളുള്ള സ്ഥലം. സിനിമയിൽ ഗുണ്ടാകേന്ദ്രമായി തൃശൂരിനെ കാണിക്കുന്നത് സങ്കൽപത്തിലാണെന്ന് കരുതാൻ വരട്ടെ. സംസ്ഥാനത്ത് ഗുണ്ടകൾ ഏറ്റവും കൂടുതലുള്ള ജില്ലയേതെന്ന എന്ന ചോദ്യത്തിന് ഇതര ജില്ലകളെയെല്ലാം ബഹുദൂരം പിന്നിലാക്കിയിരിക്കുകയാണ് തൃശൂർ. ഗുണ്ടകളെ അമർച്ച ചെയ്യാനുള്ള ‘ഓപറേഷൻ ഗ്രിപ്പി’ന്റെ ഭാഗമായി പൊലീസ് തയാറാക്കിയ ലിസ്റ്റിൽ കേരളത്തിൽ ആകെ 1497 ഗുണ്ടകളാണുള്ളത്. ഇതിൽ 453 പേർ തൃശൂർ ജില്ലയിലാണ്. തൃശൂർ സിറ്റിയിൽ 310 ഗുണ്ടകളും തൃശൂർ റൂറൽ പരിധിയിൽ 143 ഗുണ്ടകളുമുണ്ട്. മറ്റ് ജില്ലകളെയെല്ലാം ഏറെ പിന്നിലാക്കിയാണ് തൃശൂർ ഗുണ്ടകളുടെ എണ്ണത്തിൽ ഒന്നാമതെത്തിയിരിക്കുന്നത്.
തൃശൂർ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഗുണ്ടകളുള്ളത് കൊല്ലം ജില്ലയിലാണ്. കൊല്ലം സിറ്റിയിൽ മാത്രം 178 ഗുണ്ടകളുണ്ടെന്ന് ഓപറേഷൻ ഗ്രിപ്പ് സംഘം പറയുന്നു. കാസർകോട് ജില്ലയിലാണ് ഏറ്റവും കുറവ്- 29. ബിസിനസ് ശത്രുക്കളെ വിരട്ടാനും മറ്റ് സ്വകാര്യാവശ്യങ്ങൾക്കുമായി പല പ്രമുഖരും ഗുണ്ടകളെ ഉപയോഗപ്പെടുത്തുന്നുണ്ട്. ഇവർക്ക് രാഷ്രടീയക്കാരിൽ നിന്നും സഹായങ്ങൾ ലഭിക്കുന്നുണ്ടെന്ന് പൊലീസ് പറയുന്നു. പല ഗുണ്ടകളുടെയും സ്പോൺസർമാർ സമൂഹത്തിലെ ഉന്നതരാണ്. അതിനാൽ തന്നെ പലപ്പോഴും പൊലീസിന് ഈ സംഘങ്ങൾക്ക് നേർ കണ്ണടക്കേണ്ടി വരികയാണ്. ആർ. ഇളങ്കോ തൃശൂർ സിറ്റി പൊലീസ് കമീഷണറായിരിക്കെ സിറ്റി പരിധിയിലെ ഒരു പ്രദേശത്തുനിന്ന് ഗുണ്ടകളെ പരിപൂർണമായും അമർച്ച ചെയ്തിരുന്നു. നെല്ലങ്കരയിലായിരുന്നു സംഭവം.
‘ഗുണ്ടകൾ ഗുണ്ടകളായാൽ പൊലീസ് പൊലീസാകും’ -എന്ന ഇളങ്കോയുടെ ഡയലോഗ് അന്ന് വലിയ വാർത്തയായിരുന്നു. ഗുണ്ടാ നേതാവിന്റെ പിറന്നാളാഘോഷത്തിന് ഒത്തുകൂടിയ രണ്ട് സംഘങ്ങൾ തമ്മിലടിച്ച ശേഷം പൊലീസിനെ ആക്രമിക്കുകയായിരുന്നു. സംഘത്തെ മുഴുവൻ അന്ന് തന്നെ പൊലീസ് അഴിക്കുള്ളിലാക്കി. തുടർന്ന് നെല്ലങ്കര നിവാസികൾ അവിടുത്തെ റോഡിന് ആർ. ഇളങ്കോ നഗർ എന്ന് പേരിട്ട് ബോർഡ് സ്ഥാപിച്ചു. പിന്നീട് കമീഷണർ ഇടപെട്ട് ആ ബോർഡ് നീക്കം ചെയ്യുകയായിരുന്നു.
തൃശൂർ റെയിൽവേ സ്റ്റേഷൻ റോഡ് തുടങ്ങുന്ന ഭാഗമായ ദിവാൻജി മൂലയും ഒരു കാലത്ത് ഗുണ്ടകളുടെ വിളയാട്ട കേന്ദ്രമായിരുന്നു. പിന്നീട് പൊലീസ് ഇടപെട്ടാണ് ഇവിടം ഗുണ്ടാമുക്തമാക്കിയത്. സാമൂഹികവിരുദ്ധ സംഘങ്ങൾ വീണ്ടും സജീവമാകുന്നെന്നാണ് പൊലീസിന്റെ തന്നെ കണക്കുകൾ നൽകുന്ന സൂചന. ജില്ലയിൽ നടന്ന ഗുണ്ട സംഗമങ്ങൾ സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഓപറേഷൻ തൂഫാൻ പോലെ തന്നെ ഓപറേഷൻ ഗ്രിപ്പും ശക്തമാക്കാനുള്ള തയാറെടുപ്പിലാണ് പൊലീസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

