സംസ്ഥാനത്ത് യു.എസ് മാതൃകയിൽ ദുരന്ത നിവാരണ സംവിധാനം
text_fieldsകൽപറ്റ: മുണ്ടക്കൈ ഉരുൾദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ദുരന്തങ്ങളെ നേരിടാനായി കേരളത്തിൽ ഐ.ആർ.എസ് (ഇൻസിഡന്റ് റെസ്പോൺസ് സിസ്റ്റം) എന്ന പേരിൽ പ്രത്യേക സംവിധാനം വരുന്നു. കേന്ദ്രസർക്കാർ നിർദേശാനുസരണം രാജ്യത്ത് ആദ്യമായി റവന്യൂ വകുപ്പിന്റെ മുൻകൈയിൽ ഇതിനായുള്ള പ്രത്യേകസംഘത്തെ സജ്ജമാക്കുകയാണ്. നിലവിൽ റവന്യൂ, ഗതാഗതം, അഗ്നിരക്ഷസേന, പൊലീസ്, ആരോഗ്യം തുടങ്ങിയ വകുപ്പുകൾ ദുരന്തസമയത്ത് സ്വന്തം നിലക്ക് പ്രവർത്തിക്കുകയാണ് ചെയ്യുന്നത്. 1970ൽ യു.എസിലെ കാലിഫോർണിയയിലുണ്ടായ വൻ കാട്ടുതീയിൽ നിരവധി പേർ മരിക്കുകയും ഏക്കർകണക്കിന് ഭൂമിയും നിരവധി വീടുകളും നശിക്കുകയും ചെയ്തിരുന്നു.
ദുരന്തങ്ങൾ നേരിടാൻ കേന്ദ്രീകൃത സംവിധാനമില്ലാത്തതിന്റെ പോരായ്മ പരിഹരിക്കാനായി പിന്നീട് യു.എസിൽ ഇൻസിഡന്റ് കമാൻഡ് സിസ്റ്റം (ഐ.സി.എസ് ) രൂപവത്കരിച്ചിരുന്നു. നിലവിൽ ഈ സംവിധാനത്തിന് കീഴിലാണ് അവർ ദുരന്തങ്ങളെ നേരിടുന്നത്. ഇതിന്റെ ചുവടുപിടിച്ചാണ് ഇന്ത്യയിലും ഐ.ആർ.എസ് നടപ്പാക്കാൻ തീരുമാനിച്ചത്. എന്നാൽ കേരളത്തിലാണ് ആദ്യമായി ഇതിനുള്ള പ്രായോഗിക നടപടികൾ പുരോഗമിക്കുന്നത്. ദേശീയ ദുരന്ത നിവാരണ അതോറിറ്റി (എൻ.ഡി.എം.എ)യുടെ മാർഗനിർദേശത്തിന്റെ അടിസ്ഥാനത്തിൽ 2005ലെ സംസ്ഥാന ദുരന്തനിവാരണ നിയമപ്രകാരമാണ് കേരളത്തിൽ സംവിധാനം വരുന്നത്.
കലക്ടറുടെയും ദുരന്തനിവാരണ ഡെപ്യൂട്ടി കലക്ടറുടെയും നേതൃത്വത്തിൽ ഏറ്റവും താഴെ തട്ടിലേക്ക് കൂടിയുള്ള ശൃംഖലയായാണ് ഐ.ആർ.എസ് പ്രവർത്തിക്കുക. എ.ഡി.എം, ഇൻഫർമേഷൻ ഓഫിസർ, ലെയ്സൺ ഓഫിസർ, സേഫ്റ്റി ഓഫിസർ എന്നിവരാണ് ജില്ലയിലെ നേതൃനിര. ഇതിനുകീഴിൽ ഓപറേഷൻസ് സെക്ഷൻ, പ്ലാനിങ് സെക്ഷൻ, ലോജിസ്റ്റിക്സ് സെക്ഷൻ എന്നിവയുമുണ്ടാകും.
ആദ്യപടിയായി പൊതുജനങ്ങൾക്കും വിവിധ വകുപ്പുകൾക്കും ദുരന്തവുമായി ബന്ധപ്പെട്ട പരിശീലനം നൽകാനായുള്ള പരിശീലകരുടെ സംഘമാണ് രൂപവത്കരിക്കുന്നത്. ഇതിനായി എല്ലാ ജില്ലകളിൽ നിന്നുമുള്ള 46 റവന്യൂ ഉദ്യോഗസ്ഥർക്ക് ഒക്ടോബർ ഏഴിന് വകുപ്പിന് കീഴിലുള്ള പരിശീലന സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റിൽ (ഐ.എൽ.ഡി.എം) വിവിധ പരീക്ഷകൾ നടത്തി. ഇതിൽ നിന്ന് 14 പേരെയാണ് തിരഞ്ഞെടുത്തത്. ഇവർക്കായി ഒക്ടോബർ 13 മുതൽ 17 വരെ പ്രത്യേക പരിശീലനവും നൽകി. ഐ.എൽ.ഡി.എം എക്സിക്യൂട്ടിവ് ഡയറക്ടർ അനു എസ്. നായരാണ് നേതൃത്വം നൽകുന്നത്.
ഐ.ആർ സിസ്റ്റം പ്രവർത്തിക്കുക ഇങ്ങനെ
സംസ്ഥാനതലത്തിലും ജില്ല തലത്തിലും ഐ.ആർ സിസ്റ്റം വരും. സംസ്ഥാനതലത്തിൽ ചീഫ് സെക്രട്ടറിയും ജില്ല തലത്തിൽ കലക്ടർമാരുമായിരിക്കും തലവൻമാർ. എല്ലാ വകുപ്പുകളും ഉൾകൊള്ളുന്ന ഐ.ആർ സിസ്റ്റത്തിന് കീഴിൽ ഐ.ആർ.ടീം (ഐ.ആർ.ടി) സജ്ജമാകും.
ദുരന്തസമയത്തുള്ള തന്ത്രപരമായ പ്രവർത്തനങ്ങൾ ഓപ്പറേഷൻസ് വിഭാഗം തയാറാക്കും. വിവരങ്ങൾ ശേഖരിക്കുകയും ആവശ്യാനുസരണം പദ്ധതികൾ തയാറാക്കുകയും ആസൂത്രണ വിഭാഗത്തിന്റെ ചുമതലയാണ്. ലോജിസ്റ്റിക്സ് വിഭാഗം വിഭവങ്ങളുടെ ലഭ്യത ഉറപ്പുവരുത്തും. സ്ഥിരം സംവിധാനമായി ഐ.ആർ.ടികൾ എപ്പോഴുമുണ്ടാകും. ദുരന്തം നടന്നുകഴിഞ്ഞാൽ ഉടൻ തന്നെ കൃത്യമായ ആസൂത്രണത്തോടെ താഴെ തട്ടിൽ വരെ ഏകോപനത്തോടെ പ്രവർത്തിക്കാൻ ഇതിലൂടെ സാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

