ചരിത്രത്തില്‍ ഒരു സ്പീക്കറും ഒരു പ്രതിപക്ഷ നേതാവിനോടും ചെയ്യാത്ത ഇടപെടലാണ് സ്പീക്കര്‍ നടത്തിയത്- വി.ഡി. സതീശൻ
text_fieldsതിരുവനന്തപുരം: ചരിത്രത്തില്‍ ഒരു സ്പീക്കറും ഒരു പ്രതിപക്ഷ നേതാവിനോടും ചെയ്യാത്ത ഇടപെടലാണ് സ്പീക്കര്‍ നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വാക്കൗട്ട് പ്രസംഗം നടത്തുമ്പോള്‍ സ്പീക്കര്‍ അത് തടസപ്പെടുത്തുകയാണ്. ഏറ്റവും കുറവ് വാക്കൗട്ട് പ്രസംഗം നടത്തുന്ന പ്രതിപക്ഷ നേതാവാണ് താന്‍. 30 മിനിട്ടും 35 മിനിട്ടും വാക്കൗട്ട് പ്രസംഗം നടത്തിയ വി.എസ് അച്യുതാനന്ദനെ പോലുള്ള പ്രതിപക്ഷ നേതാക്കളുണ്ട്.
പ്രസംഗത്തിന്റെ ഒന്‍പതാം മിനിട്ടില്‍, കേരളത്തിന്റെ നിയമസഭ ചരിത്രത്തില്‍ ഒരു സ്പീക്കറും ഒരു പ്രതിപക്ഷ നേതാവിനോടും ചെയ്യാത്ത ഇടപെടലാണ് സ്പീക്കര്‍ നടത്തിയത്. മുഖ്യമന്ത്രിയെ സന്തോഷിപ്പിക്കുന്നതിനു വേണ്ടി പ്രതിപക്ഷ നേതാവിന്റെ പ്രസംഗം മനപൂര്‍വം സ്പീക്കര്‍ തടസപ്പെടുത്തിയത്. പിന്‍ബെഞ്ചില്‍ നിന്നും അംഗങ്ങള്‍ ബഹളമുണ്ടാക്കുന്ന ലാഘവത്തോടെയാണ് സ്പീക്കര്‍ ഇടപെട്ടത്.
ഇന്നലെ അഞ്ച് തവണയാണ് പ്രസംഗം തടസപ്പെടുത്താന്‍ ശ്രമിച്ചത്. സ്പീക്കര്‍ പ്രസംഗം തടസപ്പെടുത്താന്‍ ശ്രമിച്ചതില്‍ പ്രതിഷേധിച്ചും എസ്.സി, എസ്.ടി വിഭാഗങ്ങളുടെ പദ്ധതി വിഹിതം വെട്ടിക്കുറച്ചത് സംബന്ധിച്ച അടിയന്തിര പ്രമേയം ചര്‍ച്ച ചെയ്യത്തതിലും പ്രതിഷേധിച്ചുമാണ് പ്രതിപക്ഷം സഭാ നടപടികള്‍ സ്തംഭിപ്പിച്ചത്.
തുടര്‍ച്ചയായി മലയോര മേഖലയിലെ ജനങ്ങളെ ആന ചവിട്ടിക്കൊന്നിട്ടും സര്‍ക്കാര്‍ നിസംഗരായി ഇരിക്കുകയാണ്. അഞ്ച് പേരെയാണ് ഈ ആഴ്ച ആന കൊലപ്പെടുത്തിയത്. വനാതിര്‍ത്തികളില്‍ മാത്രമല്ല അല്ലാത്ത സ്ഥലങ്ങളില്‍ താമസിക്കുന്ന ജനങ്ങളെയും വിധിക്ക് വിട്ടുകൊടുക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
വനാതിര്‍ത്തിക്ക് അകത്തല്ല, വനത്തിന് പുറത്താണ് വന്യജീവികളുടെ ആക്രമണം ഉണ്ടാകുന്നത്. വനത്തനുള്ളിലേക്ക് അതിക്രമിച്ച് കടന്നവരെയല്ല ആന കൊലപ്പെടുത്തിയത്. വനം മന്ത്രി മരിച്ചവരെ അപമാനിക്കുകയാണ്. മദ്യപിച്ച് എത്തി എന്നൊക്കെയാണ് മന്ത്രി പറയുന്നത്. മദ്യപിച്ച് പോകുന്നവരെയൊക്കെ ആന ചവിട്ടി കൊല്ലുമോ?
പത്തനംതിട്ടയില്‍ കാപ്പ കേസ് പ്രകാരം നാടുകടത്തപ്പെട്ട പ്രതിയെ സി.പി.എം ജില്ലാ സെക്രട്ടറി ഗാന്ധിജിയുമായാണ് താരതമ്യപ്പെടുത്തിയിരിക്കുന്നത്. മന്ത്രി മാലയിട്ട് പാര്‍ട്ടിയിലേക്ക് സ്വീകരിച്ച് കൊണ്ടു വന്ന ക്രിമിനല്‍ കേസിലെ പ്രതിയെയാണ് നാട് കടത്തിയിരിക്കുന്നത്. ഈ പ്രതിയെ മഹാത്മാഗാന്ധിയുമായി താരതമ്യം ചെയ്തത് ജില്ലാ സെക്രട്ടറി പിന്‍വലിക്കണം. പിന്‍വലിക്കാന്‍ തയാറായില്ലെങ്കില്‍ ജില്ലാ സെക്രട്ടറിക്കെതിരെ ഗാന്ധിജിയെ അപമാനിച്ചതിന് കേസെടുക്കണമെന്നും പ്രതിപക്ഷ നേതാവ് നിയമസഭക്ക് പുറത്ത് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

