
സംസ്ഥാനത്ത് സ്ഥിതി ഗൗരവതരം, കർശന നിയന്ത്രണങ്ങൾ വേണ്ടിവരും -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: കോവിഡ് കേസുകൾ ക്രമാതീതമായി വർധിക്കുന്നതിനാൽ ഗൗരവതരമായ സ്ഥിതിയാണ് സംസ്ഥാനത്ത് രൂപപ്പെടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കർക്കശമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വരും. ശനി, ഞായർ ദിവസങ്ങളിൽ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ഉണ്ടാവുക. അതിനുശേഷം ഏതെല്ലാം നിയന്ത്രണങ്ങൾ വേണമെന്ന് തിങ്കളാഴ്ച ചേരുന്ന സർവകക്ഷി യോഗത്തിൽ തീരുമാനിക്കും.
പ്രധാനമന്ത്രിയുമായി വെള്ളിയാഴ്ച രാവിലെ നടന്ന വിഡിയോ കോൺഫറൻസിൽ കേരളത്തിന്‍റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും ആവശ്യങ്ങളും അവതരിപ്പിച്ചു. പരമാവധി ആളുകൾക്ക് വാക്സിനേഷൻ നൽകി പ്രതിരോധശക്തി വർധിപ്പിക്കുകയാണ് മികച്ച പ്രതിരോധമെന്ന് സംസ്ഥാനം മനസ്സിലാക്കുന്നു. മേയ് ഒന്ന് മുതൽ 18 വയസ്സിന് മുകളില്ലുവർക്ക് വാക്സിൻ നൽകാനുള്ള തീരുമാനത്തെ കേരളം സ്വാഗതം ചെയ്യുന്നു. വിവിധ പ്രായക്കാർക്ക് വിവിധ സമയങ്ങളിലാകും വാക്സിൻ നൽകുക.
എന്നാൽ, താങ്ങാവുന്ന വിലക്ക് വാക്സിൻ ലഭിക്കാത്തതിന്‍റെ ആശങ്ക യോഗത്തിൽ പ്രധാനമന്ത്രിയെ അറിയിച്ചു. കൂടുതൽ വാക്സിൻ സൗജന്യമായി നൽകണം. 400 രൂപക്ക് വാക്സിൻ വാങ്ങാൻ നിലവിലെ കണക്കനുസരിച്ച് 1300 കോടി രൂപ ചെലവ് വരും. ഇത് സംസ്ഥാനത്തിനുമേൽ അധിക ബാധ്യത അടിച്ചേൽപ്പിക്കുമെന്നും പ്രധാനമന്ത്രിയെ ധരിപ്പിച്ചു.
ആളുകൾ അനാവശ്യമായി പുറത്തിറങ്ങാതിരിക്കാൻ പ്രധാന ജംഗ്ഷനുകളിലും ആളുകൾ കൂടുന്നയിടത്തും പൊലീസ് അനൗൺസ്മെന്റ് നടത്തുന്നുണ്ട്. വ്യാപാര സ്ഥാപനങ്ങളിലും മാർക്കറ്റുകളിലും തിരക്കൊഴിവാക്കാൻ നടപടി സ്വീകരിച്ചു. സ്ഥാപനങ്ങളിൽ പകുതി പേർ മാത്രമേ പാടുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.
നാളെയും മറ്റെന്നാളും വീട്ടിൽ തന്നെ നിൽക്കുന്ന രീതി എല്ലാവരും അംഗീകരിക്കണം. അനാവശ്യ യാത്രകളും പരിപാടികളും അനുവദനീയമല്ല. നേരത്തെ നിശ്ചയിച്ച വിവാഹങ്ങൾ നടത്താം. ഹാളിനുള്ളിൽ 75 പേരും തുറസ്സായ സ്ഥലങ്ങളിൽ 150 പേരും മാത്രമേ പാടുള്ളൂ.
മരണാനന്തര ചടങ്ങുകൾക്ക് പരമാവധി 50 പേർക്ക് പങ്കെടുക്കാം. വിവാഹത്തിൽ പങ്കെടുക്കുന്നവർ തിരിച്ചറിയിൽ കാർഡും ക്ഷണക്കത്തും കൈയിൽ കരുതണം. ദീർഘദൂര യാത്രകൾ പരമാവധി ഒഴിവാക്കണം. അതേസമയം വിവാഹം, മരണം, അടുത്ത ബന്ധുവിന്‍റെ രോഗീ സന്ദർശനം, മരുന്ന്, ഭക്ഷണം എന്നിവക്കായി യാത്ര ചെയ്യാൻ അനുവാദമുണ്ട്. എന്നാൽ, സ്വന്തമായി തയാറാക്കിയ സത്യപ്രസ്താവന കൈയിൽ കരുതണം. ഇതിന് പ്രത്യേക മാതൃകയൊന്നുമില്ല.
ശനി, ഞായർ ദിവസങ്ങളിൽ ഹോട്ടലുകൾക്ക് ഹോം ഡെലിവറി നടത്താം. അവശ്യസർവിസുകളും ഈ ദിവസങ്ങളിൽ പ്രവർത്തിക്കും. വീടുകളിൽ മത്സ്യമെത്തിക്കുന്നതിന് വിലക്കില്ല. എന്നാൽ, കച്ചവടക്കാരൻ മാസ്ക് ധരിച്ചിരിക്കുന്നുവെന്ന് ഉറപ്പാക്കണം.
ശനിയാഴ്ച ഹയർസെക്കൻഡറി പരീക്ഷ മുൻ നിശ്ചയപ്രകാരം നടക്കും. പരീക്ഷ കേന്ദ്രങ്ങളിൽ കുട്ടികളെ എത്തിക്കുന്ന രക്ഷിതാക്കൾ കൂട്ടംകൂടി നിൽക്കാതെ പെട്ടെന്ന് മടങ്ങണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
● ശനി, ഞായർ ദിവസങ്ങളിൽ അവശ്യ സര്‍വിസ് മാത്രം
●എല്ലാവരും വീട്ടിൽ തന്നെ ഇരിക്കണം
●അനാവശ്യ യാത്രകളും പരിപാടികളും അനുവദിക്കില്ല
●നേരത്തേ നിശ്ചയിച്ച വിവാഹങ്ങള്‍ നടത്താം
●ഹാളിനുള്ളില്‍ പരമാവധി 75 പേര്‍ക്കും തുറസ്സായ സ്ഥലങ്ങളില്‍ 150 പേര്‍ക്കും മാത്രമായിരിക്കും പ്രവേശനം
●മരണാനന്തര ചടങ്ങുകള്‍ക്ക് പരമാവധി 50 പേര്‍ക്ക് പങ്കെടുക്കാം. ആകെ പങ്കെടുക്കാവുന്നവരുടെ എണ്ണമാണിത്.
●ദീര്‍ഘദൂര യാത്ര പൊതുവെ ഒഴിവാക്കണം
●ബാറുകളും ബെവ്കോ ഔട്ട്ലെറ്റുകളും തുറക്കില്ല.
●വിവാഹം, മരണം മുതലായ ചടങ്ങുകൾ, ഏറ്റവും അടുത്ത ബന്ധുവായ രോഗിയെ സന്ദര്‍ശിക്കൽ, മരുന്ന്, ഭക്ഷണം എന്നിവക്കായി യാത്ര ചെയ്യാം. ഇതിന് സ്വന്തമായി തയാറാക്കിയ സത്യപ്രസ്താവന കൈയില്‍ കരുതണം. പ്രത്യേക മാതൃക ഇല്ല.
●ട്രെയിൻ, വിമാന സര്‍വിസുകള്‍ പതിവുപോലെ ഉണ്ടായിരിക്കും. പൊലീസ് പരിശോധന സമയത്ത് ടിക്കറ്റ് അഥവാ ബോര്‍ഡിങ് പാസും തിരിച്ചറിയല്‍ കാര്‍ഡും കാണിക്കണം
●ഹോട്ടലുകള്‍ക്കും റസ്റ്റാറൻറുകൾക്കും ഹോം ഡെലിവറി നടത്താം
●ചരക്ക്, പൊതുഗതാഗതത്തിന് നിയന്ത്രണമില്ലെങ്കിലും സാഹചര്യം നോക്കിയാകും സർവിസ്
●വളരെ അത്യാവശ്യഘട്ടങ്ങളില്‍ ഹോട്ടലുകളില്‍ പോയി ഭക്ഷണം വാങ്ങാം. ഇതിന് സത്യപ്രസ്താവന ൈകയില്‍ കരുതണം
●ടെലികോം, ഐ.ടി, ആശുപത്രികൾ, മാധ്യമസ്ഥാപനങ്ങള്‍, പാൽ, പത്രവിതരണം, ജലവിതരണം, വൈദ്യുതി എന്നിവയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ ഈ ദിവസങ്ങളില്‍ പ്രവര്‍ത്തിക്കും
●വാക്സിൻ വിതരണം പതിവുപോലെ നടക്കും
●വീടുകളില്‍ മത്സ്യം എത്തിച്ച് വില്പന നടത്തുന്നതിന് തടസ്സമില്ല. എന്നാല്‍, വില്പനക്കാര് മാസ്ക് ധരിക്കുന്നത് ഉള്‍പ്പെടെ കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.