Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസില്‍വര്‍ ലൈന്‍...

സില്‍വര്‍ ലൈന്‍ വിജ്ഞാപനം റദ്ദാക്കണം; കേന്ദ്രാനുമതി ലഭിച്ചാലും പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ല -വി.ഡി സതീശൻ

text_fields
bookmark_border
VD Satheesan
cancel

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിക്ക് അനുമതി ലഭിക്കാതിരുന്നിട്ടും പദ്ധതിയുമായി മുന്നോട്ടു പോയിരുന്ന മുഖ്യമന്ത്രിയുടെ ഇപ്പോഴത്തെ വാക്കുകൾ പദ്ധതി ഒരു കാരണ വശാലും വരില്ലെന്നാണ് വ്യക്തമാക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. തുടര്‍ ഭരണം കിട്ടിയതിന്റെ ധാര്‍ഷ്ട്യത്തില്‍ അനുമതിയില്ലാത്ത പദ്ധതിയുമായി സര്‍ക്കാര്‍ ജനങ്ങളെ വെല്ലുവിളിക്കുകയായിരുന്നു. എന്തുവന്നാലും പദ്ധതി നടപ്പാക്കുമെന്നാണ് മുഖ്യമന്ത്രി അന്ന് പറഞ്ഞത്. പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് വിനയത്തോടെയാണ് പ്രതിപക്ഷം മറുപടി നല്‍കിയത്. നിങ്ങള്‍ വിജയിച്ചു പക്ഷെ നാടിന്റെ പരാജയമാണെന്നാണ് മുഖ്യമന്ത്രി ഇന്ന് പറഞ്ഞത്. ഇത് നാടിന്റെ വിജയമാണ്.

റവന്യൂ ഉദ്യോഗസ്ഥരെ പിന്‍വലിക്കുന്നെന്ന വാര്‍ത്ത വന്നപ്പോള്‍ റവന്യൂ മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ പൊട്ടിത്തെറിച്ചു. പക്ഷെ ഉദ്യോഗസ്ഥരെയെല്ലാം തിരിച്ചു വിളിച്ചു. 1221 ഹെക്ടര്‍ പദ്ധതിക്ക് വേണ്ടി കല്ലിട്ട് തിരിച്ചിരിക്കുകയാണ്. ഈ ഭൂമിയില്‍ ഒരു തരത്തിലുള്ള ക്രയവിക്രയങ്ങളും നടക്കുന്നില്ല. അഡീഷണല്‍ ചീഫ് സെക്രട്ടറി കത്തെഴുതിയാല്‍ ഏതെങ്കിലും ബാങ്ക് വായ്പ കൊടുക്കുമോ? ജനങ്ങള്‍ വല്ലാത്ത ദുരിതത്തിലാണ്. പദ്ധതിയുടെ ഇരുവശങ്ങളിലുമുള്ള ബഫര്‍ സോണില്‍ ഉള്‍പ്പെടുന്ന ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുകയോ നഷ്ടപരിഹാരം നല്‍കുകയോ ചെയ്യില്ല. ഇവിടെ ആദ്യ അഞ്ച് മീറ്ററില്‍ നിര്‍മ്മാണങ്ങളൊന്നും പാടില്ല. ബാക്കി അഞ്ച് മീറ്ററില്‍ മുന്‍കൂര്‍ അനുമതിയോടെ മാത്രമെ നിര്‍മ്മാണങ്ങള്‍ അനുവദിക്കൂ.

പദ്ധതിയുടെ 530 കിലോ മീറ്റര്‍ ദൂരത്തലും പത്ത് മീറ്റര്‍ വീതിയില്‍ ഇരുവശത്തും ബഫര്‍ സോണുണ്ട്. ആയിരക്കണക്കിന് ഏക്കറില്‍ ഒന്നും ചെയ്യാനാകാതെ ജനങ്ങള്‍ കഷ്ടപ്പെടുകയാണ്. സര്‍ക്കാര്‍ അടിയന്തിരമായി സില്‍വര്‍ ലൈന്‍ വിജ്ഞാപനം റദ്ദാക്കണം.

കേന്ദ്ര സര്‍ക്കാരിന്റെയും റെയില്‍വെയുടെയും അനുമതി ഇല്ലാതെ പണം ചെലവഴിക്കരുതെന്ന് ഉത്തരവില്‍ എഴുതി വെക്കുകയും കല്ലിടാനും ഡി.പി.ആറിനും 56 കോടിയോളം രൂപ സര്‍ക്കാര്‍ ചെലവഴിക്കുകയും ചെയ്തു. രണ്ട് ലക്ഷം കോടി രൂപയുടെ പദ്ധതിയോക്കാള്‍ വന്ദേ ഭാരത് എക്‌സ്പ്രസുകള്‍ കൊണ്ടു വരുന്നതാണ് കേരളത്തിന് നല്ലത്.

2013 -ല്‍ യു.പി.എ സര്‍ക്കാര്‍ റൈറ്റ് ടു കോംപന്‍സേഷന്‍ ആക്ട് കൊണ്ടുവന്നതിനാലാണ് വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ഭൂമി വിട്ടുനല്‍കുന്നവര്‍ക്ക് മാന്യമായ നഷ്ടപരിഹാരം കിട്ടിത്തുടങ്ങിയത്. നിങ്ങളെല്ലാം സമരം ചെയ്തു ഞങ്ങള്‍ നടപ്പാക്കിയെന്നു പറയുന്നത് ശെരിയല്ല. എല്ലാവരും സമരം ചെയ്തവരാണ്. ഗെയില്‍ പൈപ്പ് ലൈന്‍ ഭൂമിക്കടിയില്‍ ഒളിപ്പിച്ച് വച്ചിരിക്കുന്ന ബോംബ് ആണെന്ന് പറഞ്ഞ നേതാവ് ഇപ്പോള്‍ ഈ മന്ത്രിസഭയിലുണ്ട്.

പ്രതിപക്ഷം വികസനത്തിന്റെ ഒപ്പം നില്‍ക്കുന്നവരാണ്. പക്ഷെ കേരളത്തെ തകര്‍ക്കുന്ന സില്‍വര്‍ ലൈന്‍ നടപ്പാക്കാന്‍ അനുവദിക്കില്ല. പ്രധാനമന്ത്രിയെയും ബി.ജെ.പി നേതാക്കളെയും കണ്ട് സംസാരിച്ചാല്‍ പദ്ധതി നടപ്പാക്കാമെന്നാണ് മുഖ്യമന്ത്രി കരുതുന്നത്. കേന്ദ്രം അനുമതി തന്നാലും ജനങ്ങളെ അണിനിരത്തി യു.ഡി.എഫ് സമരം ചെയ്യും. പദ്ധതി നടപ്പാകില്ലെന്ന് മുഖ്യമന്ത്രിക്ക് നന്നായി അറിയാം. പക്ഷെ പെട്ടെന്ന് പിന്‍വലിക്കാന്‍ മുഖ്യമന്ത്രി തയാറല്ല.

2021 ലെ വിജ്ഞാപനം പിന്‍വലിച്ച് പതിനായിരക്കണക്കിന് പാവങ്ങളുടെ പരിതാപകരമായ അവസ്ഥയ്ക്ക് മാറ്റം വരുത്താന്‍ സര്‍ക്കാര്‍ തയാറാകണം. മുദ്രാവാക്യം വിളിച്ചതിന് ആയിരക്കണക്കിന് കേസുകളാണെടുത്തിരിക്കുന്നത്. സമരം ചെയ്തതിന് കേസെടുക്കണമെങ്കില്‍ ഏറ്റവും കൂടുതല്‍ കേസെടുക്കേണ്ടത് നിങ്ങളുടെ പാര്‍ട്ടിക്കാര്‍ക്കെതിരെയാണെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:silver lineVD Satheesan
News Summary - The Silver Line; Even if central approval is obtained, the project will not be allowed to be implemented -VD Satheesan
Next Story