കപ്പൽ കത്തിയമരുന്നു, അടുക്കാനാകാതെ കോസ്റ്റ് ഗാര്‍ഡ് കപ്പലുകൾ, വൻ പൊട്ടിത്തെറിക്ക് സാധ്യത; രക്ഷപ്പെടുത്തിയവരെ ഐ.എൻ.എസ് സൂറത്തിലേക്ക് മാറ്റി, നാല് പേർക്കായി തിരച്ചിൽ
text_fieldsകോഴിക്കോട്: കേരള തീരത്ത് തീപിടിച്ച എം.വി വാൻഹായ് 503 കപ്പലിൽ നിന്ന് രക്ഷപ്പെടുത്തിയ ജീവനക്കാരെ നാവികസേന കപ്പലായ ഐ.എൻ.എസ് സൂറത്തിലേക്ക് മാറ്റി. രക്ഷപ്പെട്ട 18 പേരിൽ രണ്ടുപേരുടെ നിലഗുരുതരമാണെന്നാണ് വിവരം. ഇവരെ ഹെലിക്കോപ്റ്റർ മാർഗം മംഗലാപുരത്തേക്ക് എത്തിക്കും. നാല് പേരെ ഇനിയും കണ്ടെത്താനായിട്ടില്ല.
അതേസമയം, കപ്പലിലെ തീ നിയന്ത്രണ വിധേയമാക്കാനായിട്ടില്ല. കോസ്റ്റ് ഗാർഡ് ഷിപ്പുകൾക്ക് തീപിടിത്തമുണ്ടായ കപ്പലിന് അടുത്തേക്ക് അടുക്കാൻ സാധിക്കുന്നില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. കണ്ടെയ്നറുകൾ കടലിലേക്ക് വീഴുന്നുവെന്നും കപ്പൽ പൂർണമായും തകരുവാനുള്ള സാധ്യതയുണ്ടെന്നുമാണ് വിവരം. കോസ്റ്റ് ഗാർഡിന്റെ അഞ്ച് കപ്പലുകളും നാവിക സേനയുടെ ഒരു കപ്പലും മൂന്നു ഡോണിയർ വിമാനങ്ങളും സംഭവ സ്ഥലത്തുള്ളത്.
കപ്പലിലെ 620 കണ്ടെയ്നറുകളിൽ പൊട്ടിത്തെറിക്ക് കാരണമായ അപകടരമായ വസ്തുകളുള്ളത് കടുത്ത ആശങ്ക സൃഷ്ടിക്കുന്നുണ്ട്. തിങ്കളാഴ്ച രാവിലെ 9.30ഓടെയാണ് കൊളംബോയിൽ നിന്ന് നവി മുംബൈയിലേക്ക് പോയ സിംഗപ്പൂർ കപ്പൽ വൻ സ്ഫോടനത്തോടെ കപ്പലിന് തീപിടിക്കുന്നത്.
അഴീക്കലിനും ബേപ്പൂരിനുമിടയിൽ അന്തർദേശീയ കപ്പൽ പാതയിലാണ് അപകടം. ചൈന മ്യാന്മാര്‍, ഇന്തോനേഷ്യ, തായ്ലാൻഡ് പൗരന്മാരായ 22 തൊഴിലാളികളാണ് കപ്പലിൽ ഉണ്ടായിരുന്നത്. ഇതിൽ 18 പേർ കടലിൽ ചാടി. ഇവരെ പിന്നീട് രക്ഷപ്പെടുത്തുകയായിരുന്നു. കപ്പലിലെ കണ്ടെയ്നറുകളിൽ എന്താണുള്ളത് എന്നത് സംബന്ധിച്ച് കൃത്യമായ വിവരം ലഭ്യമായിട്ടില്ല. അപകടകരമായ ലിഥിയം ബാറ്ററികൾ, ഗൺപൗഡറുകൾ, ആസിഡ് തുടങ്ങിയവയാണ് ഉള്ളത് എന്നാണ് പ്രാഥമിക റിപ്പോർട്ട്. ഇതേക്കുറിച്ച് ഉടനടി റിപ്പോർട്ട് ചെയ്യാൻ ഉടമകളോട് ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.