ശൈഖ് ഖറദാവി ഇസ്‍ലാമിക കർമശാസ്ത്രം ജനകീയമാക്കിയ പണ്ഡിതൻ -സെമിനാർ
text_fieldsശാന്തപുരം അൽജാമിഅ അൽഇസ്‍ലാമിയ്യ ബിരുദദാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന ശൈഖ് അൽഖറദാവി അക്കാദമിക് കോൺഫറൻസ് ഉമറാബാദ് ജാമിഅ ദാറുസ്സലാം വൈസ് പ്രിൻസിപ്പൽ ഹാഫിസ് അബ്ദുൽ അസീം ഉമരി ഉദ്ഘാടനം ചെയ്യുന്നു.
ശാന്തപുരം: ഇസ്‍ലാമിക കർമശാസ്ത്ര വിജ്ഞാനീയങ്ങളെ ജനകീയവത്കരിച്ച പണ്ഡിതനാണ് ശൈഖ് യൂസുഫുൽ ഖറദാവിയെന്ന് ശാന്തപുരം അൽജാമിഅ അൽഇസ്‍ലാമിയ്യയിൽ സംഘടിപ്പിച്ച സെമിനാർ വിലയിരുത്തി. ശൈഖ് അൽഖറദാവി അക്കാദമിക് കോൺഫറൻസിന്റെ ഭാഗമായാണ് സെമിനാർ സംഘടിപ്പിച്ചത്.
ഉമറാബാദ് ജാമിഅ ദാറുസ്സലാം വൈസ് പ്രിൻസിപ്പൽ ഹാഫിസ് അബ്ദുൽ അസീം ഉമരി കോൺഫറൻസ് ഉദ്ഘാടനം ചെയ്തു. ‘ശൈഖ് അൽഖറദാവിയുടെ ജീവിതവും സംഭാവനകളും’ വിഷയത്തിൽ അദ്ദേഹം പ്രഭാഷണം നടത്തി. ഇസ്‍ലാമിക കർമശാസ്ത്ര വിജ്ഞാനീയങ്ങളുടെ വിശാലമായ പ്രതലങ്ങള്‍ ലോകത്തിന് പരിചയപ്പെടുത്തിയ മഹാ പണ്ഡിതനായിരുന്നു ശൈഖ് യൂസുഫുൽ ഖറദാവിയെന്ന് അദ്ദേഹം പറഞ്ഞു.
ശാന്തപുരം അൽജാമിഅ അൽഇസ്‍ലാമിയ്യ ബിരുദദാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന ശൈഖ് അൽഖറദാവി അക്കാദമിക് കോൺഫറൻസ് ഉമറാബാദ് ജാമിഅ ദാറുസ്സലാം വൈസ് പ്രിൻസിപ്പൽ ഹാഫിസ് അബ്ദുൽ അസീം ഉമരി ഉദ്ഘാടനം ചെയ്യുന്നു. കെ.എം. അഷ്റഫ്, വി.കെ. അലി, ഡോ. അബ്ദുസ്സലാം അഹ്മദ്, മുഹമ്മദ് നൗഷാദ് നൂരി, ഡോ. മുഹ്‍യിദ്ദീൻ ഖാസി തുടങ്ങിയവർ സമീപം
സെമിനാറില്‍ ശാന്തപുരം അൽജാമിഅ അൽഇസ്‍ലാമിയ്യ റെക്ടർ ഡോ. അബ്ദുസ്സലാം അഹ്മദ് അധ്യക്ഷത വഹിച്ചു. ശൈഖ് അല്‍ഖറദാവിയുടെ ജീവിതവും വൈജ്ഞാനിക സംഭാവനകളും കൂടുതല്‍ ഗവേഷണ പഠനങ്ങള്‍ അര്‍ഹിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
ഖറദാവിയുടെ വൈജ്ഞാനിക സംഭാവനകളെയും ഗ്രന്ഥങ്ങളെയും അധികരിച്ച് നടന്ന സെഷനുകളിൽ ഇന്ത്യയിലെ വിവിധ മുസ്‍ലിം സർവകലാശാലകളിലെ 27 അധ്യാപകരും വിദ്യാർഥികളും പ്രബന്ധങ്ങൾ അവതരിപ്പിച്ചു. അൽജാമിഅ ഡെപ്യൂട്ടി റെക്ടർ കെ.എം. അഷ്റഫ് സ്വാഗതം പറഞ്ഞു. അനസ് സഈദ് ഖിറാഅത് നടത്തി.
കോണ്‍ഫറന്‍സ് പൊതുപരിപാടിയോടെ ഞായറാഴ്ച സമാപിക്കും. വൈകീട്ട് 6.30ന് അല്‍ജാമിഅ കോണ്‍ഫറൻസ് ഹാളില്‍ നടക്കുന്ന സമാപന സമ്മേളനത്തിൽ മാധ്യമം-മീഡിയവൺ ഗ്രൂപ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ, ഐ.പി.എച്ച് ചീഫ് എഡിറ്റർ വി.എ. കബീർ, ഇത്തിഹാദുൽ ഉലമ കേരള പ്രസിഡന്റ് വി.കെ. അലി, ജംഇയ്യതുൽ ഉലമ സെക്രട്ടറി അലിയാർ ഖാസിമി, ഡോ. അബ്ദുസ്സലാം അഹ്മദ് തുടങ്ങിയവർ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

