കുടുംബം താമസിച്ചിരുന്ന ഷെഡ് കത്തി നശിച്ചു
text_fieldsവിജയനും കുടുംബവും താമസിച്ചിരുന്ന ഷെഡ് കത്തിനശിച്ച നിലയിൽ
കരുനാഗപ്പള്ളി: കുടുംബം താൽക്കാലിക താമസത്തിനായി സ്ഥാപിച്ചിരുന്ന ഷെഡ് കത്തി നശിച്ചു. തഴവ മണപ്പള്ളി ജങ്ഷന് സമീപം വിജയഭവനിൽ വിജയന്റെ നിർമാണം നടന്നുകൊണ്ടിരിക്കുന്ന വീടിനോട് ചേർന്ന് താൽക്കാലിക താമസത്തിനായി നിർമിച്ച ഷെഡാണ് വ്യാഴാഴ്ച ഉച്ചക്ക് 12.25 ഓടെ കത്തി നശിച്ചത്. അപകടസമയം വിജയനും കുടുംബവും പുറത്തായിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.
വീട്ടിനുള്ളിൽ ഉണ്ടായിരുന്ന രണ്ട് ഗ്യാസ് സിലിണ്ടറുകൾ അഗ്നിരക്ഷാസേന എത്തും മുമ്പുതന്നെ പൊട്ടിത്തെറിച്ചെങ്കിലും ആർക്കും അപകടമുണ്ടായില്ല. വശങ്ങൾ പലക അടിച്ചും മേൽക്കൂര ഓട് മേഞ്ഞും നിർമിച്ചിരുന്ന ഷെഡും അകത്ത് ഉണ്ടായിരുന്ന വീട്ടുപകരണങ്ങളും പൂർണമായും കത്തിനശിച്ചു. കരുനാഗപ്പള്ളി അഗ്നിരക്ഷാസേന തീ പൂർണമായും അണച്ചു. ഇലക്ട്രിക് ഷോർട്ട് സർക്യൂട്ട് ആകാം തീ പിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നു

