Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസഭയിലെ കാരണവർ ഇനി...

സഭയിലെ കാരണവർ ഇനി സ്പീക്കർ

text_fields
bookmark_border
സഭയിലെ കാരണവർ ഇനി സ്പീക്കർ
cancel

കോട്ടയം: സ്പീക്കർ പദവിയിലെത്തുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രായംകൊണ്ടു മാത്രമല്ല, അനുഭവംകൊണ്ടും നിയമസഭയിലെ കാരണവരാകും. മൂന്നര പതിറ്റാണ്ടു നീണ്ട നിയമസഭ ജീവിതം, രണ്ടുതവണ മന്ത്രി സ്ഥാനത്തിരുന്ന് ആഭ്യന്തരമടക്കം വകുപ്പുകൾ കൈകാര്യംചെയ്ത പരിചയം, ചട്ടങ്ങളും കീഴ് വഴക്കങ്ങളും സംബന്ധിച്ച ആഴത്തിലുള്ള അറിവ്, രാഷ്ട്രീയ ഭേദമെന്യേ സൗഹൃദം... ഇതെല്ലാം 76കാരനായ തിരുവഞ്ചൂരിന്‍റെ മാത്രം നേട്ടം.

ജില്ലയിലെ ജനകീയ പ്രശ്നങ്ങളിലേക്ക് എല്ലാകാലത്തും തിരുവഞ്ചൂർ എത്തിയത് കൃത്യമായ പരിഹാരനിർദേശങ്ങളോടെയാണ്. ആ വാക്കുകൾ സ്വീകരിക്കാൻ എതിരാളികൾ പോലും മടികാണിച്ചില്ല. സൗമ്യനയമാണ് മുഖമുദ്ര. എന്നാൽ, ശബ്ദം താഴ്ത്തേണ്ടിടത്ത് താഴ്ത്താനും കലഹിക്കേണ്ടിടത്ത് ശബ്ദം ഉയർത്താനും അദ്ദേഹത്തിനറിയാം. 1991 മുതൽ അടൂരിൽനിന്ന് നിയമസഭയിലെത്തിയെങ്കിലും ജന്മനാടിനെ പ്രതിനിധീകരിച്ചത് 20 വർഷം കഴിഞ്ഞാണ്. ബാലജനസഖ്യം, കെ.എസ്.യു പ്രവര്‍ത്തനങ്ങളിലൂടെയാണ് പൊതുരംഗത്ത് എത്തിയത്. 1965ൽ ബാലജനസഖ്യം സംസ്ഥാന പ്രസിഡന്‍റായി. 1967ല്‍ കെ.എസ്.യു കോട്ടയം ജില്ല പ്രസിഡന്‍റും 1969ല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായി. കോട്ടയം ബസേലിയോസ് കോളജ് യൂനിയൻ ചെയർമാനും ജനറൽ സെക്രട്ടറിയുമായിരുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, പ്രസിഡന്‍റ്, കെ.പി.സി.സി ജനറൽ സെക്രട്ടറി പദവികളും വഹിച്ചു.

1976ൽ കോട്ടയം ബാറിൽ അഭിഭാഷകനായി പരിശീലനം ആരംഭിച്ചെങ്കിലും പൊതുസേവനത്തിനായി മുൻഗണന. 1991 മുതൽ നാലുതവണ അടൂരിൽനിന്ന് ജയിച്ചു. അടൂരിനെ സംവരണ മണ്ഡലമായി പ്രഖ്യാപിച്ചതോടെയാണ് 2011ല്‍ ജന്മനാട്ടിൽ മത്സരിക്കാനെത്തിയത്. അന്നുമുതൽ കോട്ടയം തിരുവഞ്ചൂരിന്‍റെ കോട്ടയായി. ആദ്യ മത്സരത്തിൽ കോട്ടയത്ത് 711 വോട്ടിന്റെ ഭൂരിപക്ഷമേ ലഭിച്ചുള്ളൂ.

2016ൽ കോൺഗ്രസ് എം.എൽ.എമാരിൽ ഏറ്റവും ഉയർന്ന ഭൂരിപക്ഷം (33,632) സ്വന്തമാക്കി. 2021ൽ ഭൂരിപക്ഷം 18,743 ആയി കുറഞ്ഞെങ്കിലും 2026 ൽ 35,986 ആയി വർധിപ്പിച്ചു. 2004ൽ ഉമ്മൻചാണ്ടി സർക്കാറിൽ ജലവിഭവം, വനം, ആരോഗ്യം, പാർലമെന്‍ററികാര്യ എന്നീ വകുപ്പുകൾ വഹിച്ചു. രണ്ടാം ഉമ്മൻചാണ്ടി മന്ത്രിസഭയിൽ റവന്യൂ, ആഭ്യന്തരം, വിജിലന്‍സ്, വനം-പരിസ്ഥിതി, ഗതാഗതം, സ്‌പോര്‍ട്‌സ്, സിനിമ തുടങ്ങിയ വകുപ്പുകൾ കൈകാര്യം ചെയ്തു. 1949 ഡിസംബര്‍ 26ന് കെ.പി. പരമേശ്വരന്‍ പിള്ളയുടെയും ഗൗരിക്കുട്ടി അമ്മയുടെയും മകനായാണ് ജനനം. ഭാര്യ: ലളിതാംബിക രാധാകൃഷ്ണന്‍. മക്കൾ: ഡോ. അനുപം രാധാകൃഷ്ണന്‍, അര്‍ജുന്‍ രാധാകൃഷ്ണന്‍, ആതിര രാധാകൃഷ്ണന്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Speakerthiruvanjoor radhakrishnanKerala UDF Cabinet
News Summary - The senior-most member of the House is now the Speaker
Next Story