മെഗാ ശുചീകരണയജ്ഞം രണ്ടാംഘട്ടത്തിന് ഇന്നു തുടക്കം
text_fieldsതിരുവനന്തപുരം: മാലിന്യമുക്ത നവകേരളം കാമ്പയിന്റെ ഭാഗമായി തിങ്കളാഴ്ച ‘സ്വച്ഛതാ ഹി സേവ’ കാമ്പയിന്റെ ഭാഗമായി എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും മെഗാ ശുചീകരണവും മാലിന്യമുക്ത പ്രതിജ്ഞയും സംഘടിപ്പിക്കും. എറണാകുളം ജനറൽ ആശുപത്രി അർബുദ ബ്ലോക്ക് ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിജ്ഞ ചൊല്ലി തുടക്കം കുറിക്കും. തദ്ദേശഭരണ വകുപ്പിന്റെയും ശുചിത്വമിഷന്റെയും നേതൃത്വത്തിലാണ് കാമ്പയിന് നടക്കുക. കഴിഞ്ഞ വർഷം നടന്ന ഒന്നാംഘട്ടത്തിലെ പോരായ്മകൾ പരിഹരിച്ചാണ് രണ്ടാംഘട്ടം ആസൂത്രണം ചെയ്തിരിക്കുന്നത്.
മെഗാ ശുചീകരണത്തിന്റെ ഭാഗമായി സമൂഹത്തിന്റെ വിവിധ മേഖലയില്‍ ഉള്ളവരെ അണിനിരത്തി ശുചീകരണം നടത്തുകയും മാലിന്യം തരം തിരിച്ച് ഹരിതകർമ സേനക്ക് കൈമാറുകയും ചെയ്യും.
വിവിധ സ്ഥലങ്ങള്‍ സൗന്ദര്യവത്കരിക്കുകയും മാലിന്യം വലിച്ചെറിയുന്നതിനെതിരെയുള്ള ബോര്‍ഡുകള്‍ സ്ഥാപിക്കുകയും ചെയ്യും. തദ്ദേശ സ്ഥാപനങ്ങളിലെ മെറ്റീരിയൽ കലക്ഷൻ ഫെസിലിറ്റി (എം.സി.എഫ്), മിനി എം.സി.എഫ് എന്നിവ വൃത്തിയാക്കും. ഞായറാഴ്ച രാവിലെ 10 മുതല്‍ 11 വരെ നഗരസഭകളിലും ഗ്രാമപഞ്ചായത്തുകളിലും ക്ലീനിങ് ഡ്രൈവ് സംഘടിപ്പിച്ചിരുന്നു.
നഗരസഭകളില്‍ കുറഞ്ഞത് ഓരോ വാര്‍ഡിലെയും രണ്ടു സ്ഥലത്തും ഗ്രാമപഞ്ചായത്തുകളിലെ കുറഞ്ഞത് ഒരോ വാര്‍ഡിലുമാണ് ക്ലീനിങ് ഡ്രൈവ് നടക്കുക. ഗാന്ധിജയന്തിയോടനുബന്ധിച്ച് രാജ്യത്തുടനീളം ജനകീയ ശുചീകരണ പരിപാടിയാണ് നടക്കുക.
ജൈവ- അജൈവ മാലിന്യം തരം തിരിച്ചു നിക്ഷേപിക്കാനുള്ള ബിന്നുകള്‍ സ്ഥാപിക്കും. ഇരുനൂറിലധികം സ്കൂളില്‍ എണ്ണൂറോളം സ്വച്ഛതാ ക്വിസ്, പ്ലാന്റേഷന് ഡ്രൈവ്, സ്വച്ഛതാ പ്രതിജ്ഞ, സ്വച്ഛതാ ക്ലാസുകള്‍, സ്വച്ഛതാ റണ്‍ എന്നിവ സംഘടിപ്പിച്ചു കഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

