അതിഥി തൊഴിലാളികൾക്ക് കേരളത്തിൽ റേഷൻ നൽകുന്ന പദ്ധതിക്ക് തുടക്കമായി
text_fieldsതിരുവനന്തപുരം: അതിഥി തൊഴിലാളികൾക്ക് കേരളത്തിൽ റേഷൻ നൽകുന്ന പദ്ധതിക്ക് തുടക്കമായി. കേരളത്തിലെ റേഷൻ കടകളിൽ നിന്നും റേഷൻ വിഹിതം വാങ്ങാൻ കഴിയുമെന്ന അറിവ് ലഭ്യമാക്കുന്നതിനായി വിവിധ ഭാഷകളിൽ തയാറാക്കിയ റേഷൻ റൈറ്റ് കാർഡിന്റെ ജില്ലാതല ഉദ്ഘാടനം മന്ത്രി ജി.ആർ. അനിൽ നിർവഹിച്ചു.
2013 ലെ ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം അനുസരിച്ച് ദരിദ്ര വിഭാഗത്തിൽ ഉൾപ്പെടുന്ന (എൻ.എഫ്.എസ്.എ ) റേഷൻ കാർഡുടമകൾക്കോ അംഗങ്ങൾക്കോ രാജ്യത്തെ ഏത് സംസ്ഥാനത്ത് നിന്നും അവരുടെ റേഷൻ വിഹിതം കൈപ്പറ്റാം. എന്നാൽ ഇക്കാര്യത്തിൽ അതിഥി തൊഴിലാളികൾക്ക് വേണ്ടത്ര പരിജ്ഞാനം ഇല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് വിവിധ ഭാഷകളിൽ തയാറാക്കിയ റേഷൻ റൈറ്റ് കാർഡ് പദ്ധതിക്ക് സംസ്ഥാന സർക്കാർ രൂപംനൽകിയതെന്ന് മന്ത്രി പറഞ്ഞു.
ദരിദ്ര വിഭാഗത്തിൽ ഉൾപ്പെടുന്ന റേഷൻ കാർഡുടമകൾക്ക് അഞ്ച് കിലോ സൗജന്യ ഭക്ഷ്യധാന്യമാണ് ലഭിക്കുന്നത്. കുടുംബത്തിലെ ഒരംഗം കേരളത്തിൽ നിന്നും വിഹിതം കൈപ്പറ്റിയതിന്റെ പേരിൽ അയാളുടെ കുടുംബത്തിലെ മറ്റംഗംങ്ങളുടെ വിഹിതത്തിൽ കുറവുണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.
കേരളത്തിൽ 94 ലക്ഷം കുടുംബങ്ങൾ റേഷൻ കാർഡിന് ഉടമകളാണ്. ഒരാൾക്ക് പോലും റേഷൻ കാർഡെന്ന അവകാശം നിഷേധിക്കില്ല. കഴിഞ്ഞ കോവിഡ് കാലത്ത് അതിഥി തൊഴിലാളികൾ ഉൾപ്പെടെ എല്ലാവർക്കും സംസ്ഥാന സർക്കാർ സൗജന്യമായി ഭഷ്യധാന്യം നൽകി. റേഷൻ റൈറ്റ് കാർഡ് പദ്ധതിയെക്കുറിച്ച് സുഹൃത്തുകളോടും സഹപ്രവർത്തകരോടും പറയണമെന്നും മന്ത്രി അതിഥി തൊഴിലാളികളോട് പറഞ്ഞു.
ചടങ്ങിൽ പോത്തൻകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആർ അനിൽകുമാർ അധ്യക്ഷത വഹിച്ചു. ത്രിതല പഞ്ചായത്തംഗങ്ങൾ, സിവിൽ സപ്ലൈസ് കമീഷണർ ഡി.സജിത്ത് ബാബു , അതിഥി തൊഴിലാളികൾ , ഉദ്യോഗസ്ഥർ എന്നിവരും സംബന്ധിച്ചു. പരിപാടിയോടനുബന്ധിച്ച് പോത്തൻകോട് , മംഗലാപുരം ഗ്രാമപത്തായത്തുകളിൽ താമസിക്കുന്ന അതിഥി തൊഴിലാളികളുടെ രജിസ്ട്രേഷൻ, വിവര ശേഖരണം എന്നിവയും സംഘടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

