സാൽവേജ് കമ്പനിയുടെ നടപടി ദുരൂഹം, സംശയാസ്പദം- കേരള മത്സ്യത്തൊഴിലാളി ഐക്യവേദി
text_fieldsആലപ്പുഴ: കഴിഞ്ഞ മെയ് 25ന് തോട്ടപ്പള്ളി ഹാർബറിൽ നിന്നും 14 ' 6 മൈൽ ദൂരത്ത് കടലിൽ മുങ്ങിയ എൽസ -3 യും അതിന്‍റെ അവശിഷ്ടങ്ങളും കേരളത്തിന് ഭീഷണിയായി തുടരുകയാണെന്ന് കേരള മത്സ്യത്തൊഴിലാളി ഐക്യവേദി. കപ്പലിന്റെ ബംഗറിലുള്ള 367 ടൺ എണ്ണയും 84 ടൺ മറൈൻ ഡീസലും ജൂലൈ മൂന്നിന് മുൻപ് നീക്കം ചെയ്യണമെന്ന ഷിപ്പിംഗ് ഡയറക്ടർ ജനറലിൻ്റെ അന്ത്യ ശാസനം തള്ളിക്കളഞ്ഞ് സാൽവേജ് കമ്പനിയായ ടി ആൻ ടി പ്രവർത്തനം അവസാനിപ്പിച്ചിരിക്കുകയാണെന്ന് കേരള മത്സ്യത്തൊഴിലാളി ഐക്യവേദി.
എണ്ണയ്ക്ക് പുറമേ 12 കണ്ടെയ്നറുകളിൽ കാൽസ്യം കാർബൈഡും , ഒരു കണ്ടെയ്നറിൽ ആൻറി ഓക്സിഡൻറ് റബർ കെമിക്കലും ആണുള്ളത് 'ഇപ്പോൾ തന്നെ കപ്പലിന്റെ കണ്ടെയ്നറുകൾ അടക്കമുള്ള അവശിഷ്ടങ്ങളിൽ തട്ടി മത്സ്യത്തൊഴിലാളികളുടെ വലകൾ കീറി പോയിരിക്കുകയാണ്. ഇനിയും കപ്പൽ കടലിൽ കിടക്കുന്നത് ഒരു ജലബോംബിനു സമാനമായ അവസ്ഥയാണ് സൃഷ്ടിക്കുക.ലോകമെമ്പാടുമുള്ള കപ്പലുകളിൽ നിന്ന് എണ്ണയും ചരക്കും നീക്കം ചെയ്ത പാരമ്പര്യമുള്ള ടി ആൻഡ് ടി എന്ന സാൽവേ ജ് കമ്പനിക്ക് സാങ്കേതിക പരിജ്ഞാനം ഇല്ല എന്ന വാദം ശരിയല്ല .
ഈ ദുരൂഹമായ നടപടികൾ അടിയന്തരമായി പരിശോധിക്കണം. കപ്പൽ കമ്പനിക്ക് ദോഷമുണ്ടാക്കാതെ അവരുമായി അനുരഞ്ജനത്തിന്റെയും അനുനയത്തിന്റെയും പാതയിൽ ചർച്ച ചെയ്ത് പരിഹരിക്കാനുള്ള കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നടപടികൾക്ക് മേലുള്ള കനത്ത ഒരു പ്രഹരമാണിത്. നക്കാപ്പിച്ച നഷ്ടപരിഹാരം വാങ്ങി പ്രശ്നം അവസാനിപ്പിക്കാനുള്ള സർക്കാർ നടപടിക്കെതിരെ ഹൈക്കോടതിയും ഇടപെട്ടിരിക്കുകയാണ്. ജൂലൈ മൂന്നിന് മുൻപ് അവശിഷ്ടങ്ങൾ നീക്കം ചെയ്യുക എന്നത് അസാധ്യമായ ഒരു കാര്യവുമാണ്.
ഈ സാഹചര്യത്തിൽ കപ്പൽ മുങ്ങിയതിനെ സംബന്ധിച്ച് കോടതിയുടെ മേൽനോട്ടത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും അവശിഷ്ടങ്ങൾ അടിയന്തരമായി നീക്കം ചെയ്യണമെന്നും മത്സ്യത്തൊഴിലാളിക്കും പരിസ്ഥിതിക്കും ഉണ്ടായ ദോഷങ്ങളെ കുറിച്ച് പരിശോധിക്കുന്നതിന് വിദഗ്ധസമിതിയെ നിയമിക്കണമെന്നും അന്താരാഷ്ട്ര മാനദണ്ഡങ്ങൾ അനുസരിച്ചുള്ള പരിഹാരം ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കേരള മത്സ്യത്തൊഴിലാളി ഐക്യവേദി ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനിച്ചിരിക്കുകയാണെന്ന് കേരള മത്സ്യത്തൊഴിലാളി ഐക്യവേദി സംസ്ഥാന പ്രസിഡന്‍റ് ചാൾസ് ജോർജ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

