ശബരിമല തീർഥാടനം ഇക്കുറി വ്യത്യസ്തം
text_fieldsശബരിമല: പതിവ് ചിട്ടവട്ടങ്ങളിൽനിന്ന് വ്യത്യസ്തമാണ് ഇത്തവണ ശബരിമല തീർഥാടനം. തിക്കും തിരക്കുമിെല്ലന്നതാണ് ഏറ്റവും വലിയ പ്രത്യേകത. പമ്പയിലെ സ്നാനംതൊട്ട് വിശിഷ്ടമായ നെയ്യഭിഷേകത്തിനുവരെ പുതുരീതികളാണ്. എരുമേലിയിൽനിന്നുള്ള പരമ്പരാഗത കാനനപാത വഴിയും പുല്ലുമേട് വഴിയും ആരെയും കടത്തിവിടില്ല.
പത്തനംതിട്ടയിൽനിന്ന് വടശ്ശേരിക്കര, എരുമേലിയിൽനിന്ന് പ്ലാപ്പള്ളി എന്നീ രണ്ടുവഴിയിലൂടെ മാത്രമാണ് ഭക്തരെ കടത്തിവിടുക. വെർച്വൽ ക്യൂവിൽ ബുക്കുചെയ്തവർക്ക് മാത്രമാണ് പ്രവേശനം. നിലക്കലിൽ എത്തുേമ്പാൾ 24 മണിക്കൂറിനകം എടുത്ത കോവിഡ് നെഗറ്റിവ് റിസൽറ്റ് ഹാജരാക്കണം. അല്ലെങ്കിൽ അവിടെ ടെസ്റ്റിന് വിധേയരാകണം.
പമ്പയാറ്റിൽ കുളി അനുവദിക്കില്ല. പകരം ഷവറുകൾ സ്ഥാപിച്ചിട്ടുണ്ട്. പമ്പയിലും സന്നിധാനത്തും ആരെയും തങ്ങാൻ അനുവദിക്കില്ല. പ്രതിദിനം 1000 പേർക്ക് മാത്രമായി പ്രവേശനം പരിമിതപ്പെടുത്തിയിരിക്കുന്നതിനാൽ തിരക്ക് ഉണ്ടാവുകയേയില്ല. സാധാരണ തീർഥാടനകാലത്ത് പ്രതിദിനം രണ്ടുലക്ഷത്തോളം വരെ ഭക്തരാണ് എത്തുക. തിരക്കുമൂലം മിന്നായംപോലെ മാത്രമാണ് ക്ഷേത്രദർശനം സാധ്യമായിരുന്നത്. ഇത്തവണ യഥേഷ്ടം തൊഴുത് മടങ്ങാൻ അവസരം ലഭിക്കും.
ഓരോരുത്തരെ മാത്രമാണ് പതിനെട്ടാംപടി കയറ്റിവിടുക. സാധാരണ ഒരുമിനിറ്റിൽ 80 പേർ എന്ന കണക്കിലാണ് ആളെ കയറ്റിയിരുന്നത്. ഭക്തർ കൊണ്ടുവരുന്ന പൂജാദ്രവ്യങ്ങളൊന്നും ശ്രീകോവിലിലേക്ക് സ്വീകരിക്കില്ല. അഭിഷേകത്തിന് കൊണ്ടുവരുന്ന നെയ്യ് കൗണ്ടറിൽ ഏൽപിച്ച് അവിെടനിന്ന് ആടിയശിഷ്ടം നെയ്യ് വാങ്ങാം.
ഇത്തവണ തീർഥാടനകാലത്ത് ദിവസവും ഉദയാസ്തമയ പൂജയും പടിപൂജയും നടക്കും. തീർഥാടനകാലത്ത് തിരക്ക് ഏറെയായതിനാൽ ഈ രണ്ട് പൂജയും നടത്താറുണ്ടായിരുന്നില്ല. 2037 വരെ പടിപൂജയുടെ ബുക്കിങ് ഉണ്ട്. കോവിഡുമൂലം എട്ടുമാസമായി പടിപൂജ, ഉദയാസ്തമയ പൂജ എന്നിവ മുടങ്ങിയ നിലയിലാണ്. 75,000 രൂപയാണ് പടിപൂജക്ക് ഈടാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

