നട തുറന്നു; ശബരിമല തീർഥാടനം തുടങ്ങി
text_fieldsശബരിമല: തീർഥാടനകാലത്തിന് തുടക്കം കുറിച്ച് ശബരിമലയിൽ നട തുറന്നു. ഞായറാഴ്ച വൈകീട്ട് അഞ്ചിന് തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി എ.കെ. സുധീർ നമ്പൂതിരി നട തുറന്ന് ശ്രീകോവിലിൽ ദീപം തെളിച്ചു. ഉപദേവത ക്ഷേത്രങ്ങളിലും ദീപം പകർന്നശേഷം പതിനെട്ടാംപടി ഇറങ്ങി ആഴിയിലും അഗ്നി പകർന്നു. ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി കയറി സന്നിധാനത്ത് എത്തിയ നിയുക്ത മേൽശാന്തിമാരെ സുധീർ നമ്പൂതിരി കൊടിമരച്ചുവട്ടിൽ സ്വീകരിച്ചു.
6.45ന് മേൽശാന്തിമാരുടെ അവരോധ ചടങ്ങ് നടന്നു. ശബരിമല മേൽശാന്തി വി.കെ. ജയരാജ് പോറ്റിയെ സോപാനത്തിന് മുന്നിൽ പ്രത്യേക പീഠത്തിലിരുത്തി തന്ത്രി കണ്ഠരര് രാജീവര് കലശാഭിഷേം നടത്തി. മാളികപ്പുറം മേൽശാന്തി രജികുമാറിെൻറ അവരോധ ചടങ്ങ് മാളികപ്പുറത്തും തന്ത്രിയുടെ കാർമികത്വത്തിൽ നടന്നു. വൃശ്ചികപ്പുലരിയിൽ തിങ്കളാഴ്ച പുലർച്ച അഞ്ചിന് നട തുറക്കുന്നതോടെ 41 നാൾ നീളുന്ന മണ്ഡലകാലത്തിന് തുടക്കമാകും. ഡിസംബർ 26 വരെയാണ് മണ്ഡലകാലം.