തദ്ദേശ തെരഞ്ഞെടുപ്പ് ക്രമീകരണങ്ങളുടെ തിരക്കുകള്‍ക്കിടെ എസ്.ഐ.ആര്‍ അപ്രായോഗികം; നിലവിലെ സാഹചര്യം അട്ടിമറിക്കപ്പെടും -കെ.പി.സി.സി
text_fieldsതിരുവനന്തരപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഭാഗമായ ക്രമീകരണങ്ങളുടെ തിരക്കുകള്‍ക്കിടയില്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണം നടത്താന്‍ തെരഞ്ഞെടുപ്പ് കമീഷന്‍ ശ്രമിക്കുന്നത് വലിയ പ്രതിസന്ധിയുണ്ടാക്കുമെന്ന് കെ.പി.സി.സി. തദ്ദേശ തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രമാണ് ശേഷിക്കുന്നത്. അതിനിടയില്‍ സമാന്തരമായി എസ്.ഐ.ആര്‍ നടത്തുന്നത് അപ്രായോഗികമാണെന്നും കെ.പി.സി.സി ഭാരവാഹികളുടെയും ഡി.സി.സി പ്രസിഡന്റുമാരുടെയും യോഗം വിലയിരുത്തി.
തിടുക്കത്തില്‍ തെരഞ്ഞെടുപ്പ് കമീഷന്‍ എസ്.ഐ.ആര്‍ കേരളത്തില്‍ നടപ്പിലാക്കുന്നത് നിലവിലെ സാഹചര്യത്തെ അട്ടിമറിക്കാനാണ്. ബീഹാറില്‍ നടത്തിയ വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിലൂടെ വലിയൊരു വിഭാഗം വോട്ടര്‍മാരെ പട്ടികയില്‍ നിന്നും പൗരത്വത്തില്‍ നിന്നും ഒഴിവാക്കി. പട്ടികയില്‍ നിന്ന് പുറത്താകുന്നവര്‍ക്ക് രേഖകള്‍ സമര്‍പ്പിക്കാന്‍ വേണ്ടത്ര സമയമില്ലെന്നതാണ് വസ്തുത.
2002 ലെ വോട്ടര്‍ പട്ടികയെ അടിസ്ഥാനപ്പെടുത്തിയാണ് കേരളത്തില്‍ സമഗ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം നടത്തുന്നത്. 2025ലെ വോട്ടര്‍ പട്ടികയിലെ 53.25 ലക്ഷം പേര്‍ ഇതിലില്ല. ഇവരെല്ലാം എന്യൂമറേഷന്‍ എന്ന കണക്കെടുപ്പിന് നേരിട്ടോ ഓണ്‍ലൈനിലോ വിധേയരാകണം. ആവശ്യമെങ്കില്‍ രേഖകള്‍ സമര്‍പ്പിക്കണം. ഇത് വോട്ടര്‍മാര്‍ക്ക് അമിത ദുരിതം അടിച്ചേല്‍പ്പിക്കുന്നതാണ്.
നിലവിലുളള യഥാര്‍ത്ഥ വോട്ടര്‍മാരുടെ വോട്ടവകാശം ഉറപ്പുവരുത്തുന്നതിനുള്ള വ്യവസ്ഥകള്‍ എസ്.ഐ.ആറിലില്ലെന്ന് യോഗം കുറ്റപ്പെടുത്തി. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ബിഹാറില്‍ നടത്തിയ വോട്ടര്‍ അധികാര്‍ യാത്രയുടെ ഊര്‍ജ്ജം ഉള്‍ക്കൊണ്ട്, എ.ഐ.സി.സി നിർദേശ പ്രകാരം വാര്‍ഡ് തലത്തില്‍ ഭവനങ്ങള്‍ സന്ദര്‍ശിച്ച് ‘വോട്ട് ചോര്‍, ഗഡ്ഡി ഛോഡ്’ സിഗ്നേച്ചര്‍ കാമ്പയ്ന്‍ നടത്താനും തീരുമാനിച്ചു.
തെരഞ്ഞെടുപ്പ് കമീഷന്റെയും ബി.ജെ.പിയുടെയും ഗൂഢാലോചന തുറന്നുകാട്ടുന്നതിന്റെ ഭാഗമായി ഒക്ടോബര്‍ ആദ്യവാരം കോഴിക്കോട് കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കളെ പങ്കെടുപ്പിച്ച് ജനാധിപത്യ സംരക്ഷണ സദസ്സ് സംഘടിപ്പിക്കാനും ഭാരവാഹിയോഗം തീരുമാനിച്ചു. ഡി.സി.സി നേതൃയോഗങ്ങള്‍ സെപ്റ്റംബര്‍ 20 നുള്ളില്‍ പൂര്‍ത്തിയാക്കും. മണ്ഡല അവലോകന യോഗം സെപ്റ്റംബര്‍ 20,21,22 തീയതികളില്‍ നടക്കും.
സമൂഹ മാധ്യമ ഇടപെടല്‍ കൂടതല്‍ ശക്തിപ്പെടുത്തി കെ.പി.സി.സി ഡിജിറ്റല്‍ മീഡിയ സെല്ലിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് വേണ്ട നിർദേശം സമര്‍പ്പിക്കുന്നതിനായി അഞ്ചംഗ സമിതിക്ക് രൂപം നല്‍കി. കെ.പി.സി.സി ഭാരവാഹികളായ എം. ലിജു, വി.ടി ബല്‍റാം, പഴകുളം മധു, പി.എം.നിയാസ്, ദീപ്തി മേരി വര്‍ഗീസ് എന്നിവരാണ് സമിതി അംഗങ്ങള്‍.
എൽ.ഡി.എഫ് സര്‍ക്കാറിന്റെ അവസാന നാളുകളില്‍ വിവിധ വിഭാഗങ്ങളുടെ പേരില്‍ സംഘടിപ്പിക്കുന്ന സമ്മേളനങ്ങള്‍ തെരഞ്ഞെടുപ്പ് പരാജയം മുന്നില്‍ കണ്ടുകൊണ്ടുള്ള സൂത്രപ്പണി മാത്രമാണെന്നും യോഗം അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍ ഖജനാവിന് അധിക സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന മറ്റൊരു ധൂര്‍ത്താണിത്. ഈ സമ്മേളനങ്ങളുടെ രാഷ്ട്രീയ ദുഷ്ടലാക്ക് ജനം തിരിച്ചറിയുമെന്നും യോഗം അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

