ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് സ്കൂട്ടർ കത്തിനശിച്ചു; ദമ്പതികൾ അത്ഭുതകരമായി രക്ഷപ്പെട്ടു
text_fieldsനെന്മാറ (പാലക്കാട്): ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക് സ്കൂട്ടര്‍ കത്തിനശിച്ചു. പുക ഉയരുന്നത് കണ്ടതോടെ നിര്‍ത്തി ഓടി മാറിയതിനാല്‍ വാഹനത്തിൽ സഞ്ചരിച്ച ദമ്പതികള്‍ രക്ഷപ്പെട്ടു. ബുധനാഴ്ച രാവിലെ 11.30ഓടെ നെന്മാറ വിത്തനശ്ശേരിക്ക് സമീപമാണ് സംഭവം. പാലക്കാട് കിണാശ്ശേരി തണ്ണിശ്ശേരിയില്‍ ആനപ്പുറം വീട്ടില്‍ റിയാസ് (35), ഭാര്യ ഹസീന (30) എന്നിവരാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.
നെന്മാറയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി മടങ്ങുന്ന വഴിയാണ് അപകടമുണ്ടായത്. ഹസീനയാണ് സ്കൂട്ടര്‍ ഓടിച്ചിരുന്നത്. നെന്മാറ ബ്ലോക്ക് ഓഫിസിന് സമീപമെത്തിയതും സ്കൂട്ടറില്‍നിന്ന് പുക ഉയരുന്നതായി കണ്ടതോടെ സ്കൂട്ടര്‍ നിര്‍ത്തിയിടുകയായിരുന്നു. ഉടന്‍ തീ പൂര്‍ണമായും പടര്‍ന്ന് സ്കൂട്ടര്‍ കത്തി. കൊല്ലങ്കോട് നിന്നുള്ള അഗ്നിരക്ഷ സേനയെത്തിയാണ് തീ അണച്ചത്. വാഹനം പൂർണമായി കത്തിനശിച്ചു. തീ കത്തിയതോടെ മംഗലം-ഗോവിന്ദാപുരം പാതയില്‍ ഒരു മണിക്കൂറോളം ഗതാഗതം മുടങ്ങി.

