Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബജറ്റ് ദിശാബോധം...

ബജറ്റ് ദിശാബോധം നൽകുന്നതെന്ന് ഭരണപക്ഷം; സ്വകാര്യവത്കരണത്തിന് ആക്കംകൂട്ടുന്നതെന്ന് പ്രതിപക്ഷം

text_fields
bookmark_border
ബജറ്റ് ദിശാബോധം നൽകുന്നതെന്ന് ഭരണപക്ഷം; സ്വകാര്യവത്കരണത്തിന് ആക്കംകൂട്ടുന്നതെന്ന് പ്രതിപക്ഷം
cancel

തിരുവനന്തപുരം: സർക്കാറിന്‍റെ ആദ്യ ബജറ്റ് സംസ്ഥാനത്തിന്‍റെ വികസനത്തിന് ദിശാബോധം നൽകുന്നതും വികസന കാഴ്ചപ്പാടുള്ളതുമാണെന്ന് ഭരണപക്ഷമായ യു.ഡി.എഫ് അവകാശപ്പെട്ടപ്പോൾ, സ്വകാര്യവത്കരണത്തിനും കോർപറേറ്റ്വത്കരണത്തിനും ആക്കം കൂട്ടുന്നതാണെന്ന് എൽ.ഡി.എഫ് ആരോപിച്ചു. കേന്ദ്ര പദ്ധതികൾ പേരുമാറ്റി അവതരിപ്പിക്കാൻ ശ്രമിക്കുന്ന സർക്കാർ, സ്വപ്നപദ്ധതികൾ നടപ്പാക്കാൻ ഫണ്ട് കണ്ടെത്താൻ വഴികൾ നിർദേശിക്കാതെ ജനത്തെ കബളിപ്പിക്കുകയാണെന്ന് ബി.ജെ.പിയും കുറ്റപ്പെടുത്തി. നിയമസഭയിൽ ബജറ്റ് ചർച്ചയുടെ ആദ്യ ദിനത്തിലാണ് മുന്നണികൾ നിലപാട് വ്യക്തമാക്കിയത്.

ചർച്ചക്ക് തുടക്കമിട്ട ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ, ബജറ്റ് പ്രഖ്യാപനങ്ങൾ ജനങ്ങൾക്ക് ഏറെ പ്രതീക്ഷ നൽകുന്നതാണെന്നും സർക്കാർ സ്ത്രീകൾക്കൊപ്പമുണ്ടെന്ന് വ്യക്തമാക്കുന്നതായും ചൂണ്ടിക്കാട്ടി. ആറായിരം കോടി രൂപ നീക്കിവെച്ചാണ് ഭരണം അവസാനിപ്പിച്ചതെന്ന എൽ.ഡി.എഫ് അവകാശവാദം പൊള്ളയാണെന്ന് കണക്കുകൾ ചൂണ്ടിക്കാട്ടി പറഞ്ഞ മാത്യു കുഴൽനാടൻ, പുതിയ ദിശാബോധം നൽകാൻ ബജറ്റിന് സാധിച്ചെന്ന് അവകാശപ്പെട്ടു. ഗ്രാമപഞ്ചായത്തംഗങ്ങളുടെ വേതനം വർധിപ്പിക്കണമെന്നും കാൻസർ രോഗികൾക്കുള്ള സഹായധന കുടിശ്ശിക ഉടൻ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ബജറ്റിൽ നവ ലിബറൽ നയങ്ങളാണുള്ളതെന്നും അത് കേരളത്തെ തകർക്കുമെന്നും സി. രവീന്ദ്രനാഥ് കുറ്റപ്പെടുത്തി. അപകടകരമായ സ്വകാര്യവത്കരണത്തിനാണ് സർക്കാർ ശ്രമിക്കുന്നത്. ഇതിനോട് ചേർന്ന ഭൂപരിഷ്കരണം ഫ്യൂഡൽ യുക്തിയിലേക്ക് കേരളത്തെ നയിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പിന് മുമ്പ് വി.ഡി. സതീശൻ നടത്തിയ പ്രവചനങ്ങൾ പിന്നീട് അംഗീകരിക്കേണ്ടിവന്നതുപോലെ കാലക്രമത്തിൽ അദ്ദേഹത്തിന്‍റെ ബജറ്റ് നിർദേശങ്ങളെയും എൽ.ഡി.എഫിന് അംഗീകരിക്കേണ്ടിവരുമെന്ന് മഞ്ഞളാംകുഴി അലി പറഞ്ഞു.

ക്ഷേമസങ്കൽപം തകർക്കുന്ന ബജറ്റാണ് അവതരിപ്പിച്ചതെന്ന് ജി.ആർ. അനിൽ ചൂണ്ടിക്കാട്ടി. കർഷകരെയും യുവാക്കളെയും പാവപ്പെട്ടവരെയും വഞ്ചിക്കുന്ന ബജറ്റിൽ, പ്രഖ്യാപിച്ച പദ്ധതികൾക്ക് ഫണ്ട് കണ്ടെത്താൻ വഴികൾ നിർദേശിച്ചിട്ടില്ലെന്ന് ബി.ജെ.പി കക്ഷിനേതാവ് ബി.ബി. ഗോപകുമാർ കുറ്റപ്പെടുത്തി. പദ്ധതി നിർവഹണത്തിൽ അഴിമതി കാട്ടുന്നവരെ തുറങ്കലിലിടണമെന്ന് ആവശ്യപ്പെട്ട ജി. സുധാകരൻ, സംസ്ഥാനത്തിന്‍റെ മൊത്തം ബാധ്യതയായ 5.07 ലക്ഷം കോടിയിൽ 1.07 ലക്ഷം കോടി അഴിമതി കാരണമാണെന്ന് ചൂണ്ടിക്കാട്ടി.

കാലത്തിനൊപ്പമുള്ള ബജറ്റാണ് അവതരിപ്പിച്ചതെന്ന് പറഞ്ഞ രമേശ് പിഷാരടി, സലിം കുമാറിനായി പ്രഖ്യാപിച്ച സ്മാരകം പ്രതിമയാണെന്ന് തെറ്റിദ്ധരിച്ച് നടക്കുന്ന വിമർശനങ്ങൾ അവസാനിപ്പിക്കാൻ സ്മാരക നിർമാണം വേഗത്തിലാകണമെന്ന് നിർദേശിച്ചു. തെരഞ്ഞെടുപ്പ് കാലത്ത് യു.ഡി.എഫിനെ പിന്തുണച്ചവർ പോലും യു ടേൺ അടിച്ചുതുടങ്ങിയെന്ന് പറഞ്ഞ ടി.എം. ശശി, പി.എം ശ്രീ തൂക്കിയെറിയാൻ അറബിക്കടലിലെ വെള്ളം വറ്റിപ്പോയോ എന്ന് ഭരണപക്ഷത്തെ പരിഹസിച്ചു.

പ്രതിപക്ഷത്തിന് സതീശൻ സിൻഡ്രോം പിടിപെട്ടെന്നും ഇല്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കാൻ എൽ.ഡി.എഫ് ഓവർടൈം പണിയെടുക്കുന്നുവെന്നും സി.കെ. കാസിം പരിഹസിച്ചു. മുൻ സർക്കാറിന്റെ തുഗ്ലക് പരിഷ്കാരങ്ങൾ കാരണം സംസ്ഥാനത്ത് നിക്ഷേപം കുറഞ്ഞുവെന്ന് സുമേഷ് അച്യുതനും കിഫ്ബിയെ തകർക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് കാരായി രാജനും ചൂണ്ടിക്കാട്ടി. ബജറ്റ് പ്രഖ്യാപനമായ ‘മിഷൻ സമുദ്ര’യുമായി ബന്ധപ്പെട്ട് ബജറ്റിൽ ചില ഡീൽ ഉള്ളതായി വി. ജോയി സംശയം പ്രകടിപ്പിച്ചു.

പാവപ്പെട്ടവരുടെ മേൽ പുതിയ നികുതി നിർദേശങ്ങളില്ലാത്ത വിസ്മയമായി ബജറ്റ് മാറിയെന്ന് സജീവ് ജോസഫ് അഭിപ്രായപ്പെട്ടു. നാളികേര താങ്ങുവില 60 രൂപയായി ഉയർത്തണമെന്നും രണ്ടേക്കർ ഭൂമിയുള്ള കർഷകരെ പെൻഷൻ ആനുകൂല്യത്തിൽനിന്ന് മാറ്റി നിർത്തുന്ന വ്യവസ്ഥ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജൻ ജെ. പല്ലൻ, യു.ആർ. പ്രദീപ്, കെ. പ്രവീൺ കുമാർ, റോണി കെ. ബേബി, വർഗീസ് മാമ്മൻ, എം.ആർ. ബൈജു, ദീപക് ജോയ്, വിനു ജോബ്, പ്രഫ. ആബിദ് ഹുസൈൻ തങ്ങൾ എന്നിവരും സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:udf governmentopposition partyKerala Assemblybudget discussion
News Summary - The ruling party says the budget provides direction; the opposition says it will boost privatization.
Next Story