പ്രതിപക്ഷ പിന്തുണയിൽ ഭരണപക്ഷത്തിന് ആത്മവിശ്വാസം
text_fieldsതിരുവനന്തപുരം: ഗവർണറുമായുള്ള പോരിൽ പ്രതിപക്ഷ പിന്തുണയിൽ ഭരണപക്ഷത്തിന് ആത്മവിശ്വാസം. വി.സിമാരുടെ വിഷയത്തിൽ ഗവർണറുടെ നടപടികളെ പിന്തുണച്ച പ്രതിപക്ഷം മന്ത്രിയെ പുറത്താക്കാനുള്ള ആവശ്യത്തോട് യോജിക്കാത്തത് ഭരണപക്ഷത്തിന് കരുത്ത് പകരുകയാണ്. വി.ഡി. സതീശൻ ഉൾപ്പെടെ പ്രതിപക്ഷ നേതാക്കൾ ഗവർണറുടെ നീക്കം തള്ളിയിട്ടുണ്ട്.
ഗവർണർക്കെതിരെ പരസ്യ രാഷ്ട്രീയ പ്രതിഷേധം പ്രഖ്യാപിച്ച് മുന്നോട്ട് പോകുന്ന എൽ.ഡി.എഫിന് ഇതു ഗുണം ചെയ്യുമെന്നാണു പ്രതീക്ഷ. ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ പിന്തുണച്ച് ബി.ജെ.പി നേതാക്കൾ മാത്രമാണ് രംഗത്തുള്ളത്. അതിനാൽ സംഘ്പരിവാർ അജണ്ട നടപ്പാക്കാനാണ് ഗവർണർ ശ്രമിക്കുന്നതെന്ന ആക്ഷേപം ശരിയായ നിലയിൽ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് എൽ.ഡി.എഫ്. പ്രശ്നം സംഘ്പരിവാർ ശക്തികൾ രാഷ്ട്രീയമായി ഉപയോഗിക്കാൻ സാധ്യതയുണ്ടെന്ന പ്രചാരണവും ശക്തമാണ്.
കഴിഞ്ഞദിവസം രാത്രിയിൽ രാജ്ഭവന് നേരെ ആക്രമണമുണ്ടാകുമെന്ന പ്രചാരണം സമൂഹമാധ്യമങ്ങളിലുൾപ്പെടെയുണ്ടായി. രാജ്ഭവനു നേരെ ആക്രമണം നടത്തി അത് എൽ.ഡി.എഫിനു മേൽ ചുമത്താൻ സംഘ്പരിവാർ നീക്കമെന്ന നിലയിലായിരുന്നു പ്രചാരണം. രഹസ്യാന്വേഷണ റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിൽ രാജ്ഭവന്റെ സുരക്ഷ കഴിഞ്ഞദിവസം രാത്രിതന്നെ വർധിപ്പിച്ചു. രാജ്ഭവൻ പരിസരത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ചു. വെള്ളയമ്പലം, കവടിയാർ പ്രദേശങ്ങളിൽ വാഹനങ്ങൾ പരിശോധിച്ചശേഷമാണ് കടത്തിവിടുന്നത്.
ഗവര്‍ണര്‍ക്ക് ഇത്തരം അധികാരങ്ങളില്ലെന്ന നിയമവിദഗ്ധരുടെ അഭിപ്രായവും പ്രതിപക്ഷ പിന്തുണയും ഇടതു നേതാക്കള്‍ക്ക് ഈ അസാധാരണ ഘട്ടത്തിൽ ആത്മവിശ്വാസം നല്‍കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

