Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘‘എല്ലാം നടന്നെങ്കിൽ...

‘‘എല്ലാം നടന്നെങ്കിൽ 99 സീറ്റ് 35 ആയതെങ്ങനെ?’’ ഇടതുകാലത്തെ പോസ്റ്റ്മോർട്ടം ചെയ്ത് ഭരണപക്ഷം

text_fields
bookmark_border
Kerala Assembly Session
cancel

തിരുവനന്തപുരം: നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചർച്ചയിൽ, കഴിഞ്ഞ 10 വർഷത്തെ ഇടതുഭരണത്തിന്‍റെ പോസ്റ്റ്മോർട്ടവുമായി നിയമസഭയിൽ ഭരണപക്ഷം. ഏകാധിപത്യ സമീപനങ്ങളും വിദ്വേഷ പരാമർശങ്ങളും മുതൽ ജനം തിരിച്ചടി നൽകിയതിന് കാരണമായ ഭരണപരാജയങ്ങൾ അക്കമിട്ടായിരുന്നു ഭരണപക്ഷാംഗങ്ങൾ സഭയിൽ നിറഞ്ഞത്.

പട്ടികജാതി -പട്ടികവർഗ വിഭാഗങ്ങളോടുള്ള വലിയ അനാസ്ഥയാണ് 10 വർഷം നടന്നതെന്നും കേന്ദ്രസർക്കാർ കൊണ്ടുവന്ന വനാവകാശ നിയമം പോലും കൃത്യമായി നടപ്പാക്കാൻ കഴിഞ്ഞില്ലെന്നും ഐ.സി. ബാലകൃഷ്ണൻ കുറ്റപ്പെടുത്തി.

10 വർഷം കേരളത്തിൽ എല്ലാം നടന്നിട്ടുണ്ടെങ്കിൽ 99 സീറ്റുണ്ടായിരുന്ന എൽ.ഡി.എഫ് എങ്ങനെ 35ലെത്തിയെന്നായിരുന്നു ജ്യോതികുമാർ ചാമക്കാലയുടെ ചോദ്യം. എല്ലാം ഭരണാധികാരിയുടെ ഇഷ്ടംപോലെ നടക്കണമെന്നതായിരുന്നു കാഴ്ചപ്പാട്. ഇതിനെ ഏകാധിപത്യവും ഫാഷിസവുമെന്നേ വിളിക്കാനാകൂ.

പോളിറ്റ് ബ്യൂറോ അംഗമെന്നോ ബ്രാഞ്ച് സെക്രട്ടറിയെന്നോ വ്യത്യാസമില്ലാതെ വർഗീയത പറയുകയായിരുന്നു കഴിഞ്ഞ 10 വർഷമെന്ന് ടി.വി. ഇബ്രാഹിം കുറ്റപ്പെടുത്തി. രക്തസാക്ഷികളുടെ മണ്ണായ കണ്ണൂരും കരിവെള്ളൂരും പുന്നപ്രയും മോറാഴയും കാവുമ്പായിയും ഒഞ്ചിയവുമെല്ലാം ഇടതുപക്ഷത്തെ കൈവിട്ടത് എന്തുകൊണ്ടാണെന്ന് സി.പി.എം ആത്മപരിശോധന നടത്തണം.

അമ്പലപ്പുഴയിൽ ജയിച്ചത് വിശുദ്ധനായ കമ്മ്യൂണിസ്റ്റാണ്. നല്ല കമ്യൂണിസ്റ്റുകാർ യു.ഡി.എഫിന്റെ കൂടെയാണ് നിന്നതെന്നും ടി.വി. ഇബ്രാഹിം കൂട്ടിച്ചേർത്തു.

നയപ്രഖ്യാപനം ഒരുഭാഗത്തും ഭരണം മറ്റൊരു ഭാഗത്തുമായിരുന്നു കഴിഞ്ഞ 10 വർഷമെന്ന് പി.കെ. ഫിറോസ് പറഞ്ഞു. എൽ.ഡി.എഫിൽനിന്ന് യു.ഡി.എഫിലേക്കുള്ള ദൂരം എന്നത് തെറ്റിൽനിന്ന് തിരുത്തിലേക്കുള്ള അകലമാണ്. ജനങ്ങൾ എതിരായി വിധിയെഴുതിയ ആളെയാണ് പ്രതിപക്ഷ നേതാവാക്കിയത്. അന്നത്തെ പ്രതിപക്ഷം കരിങ്കൊടി പ്രകടനം നടത്തിയപ്പോൾ തല തല്ലിപ്പൊളിച്ചതിനെ രക്ഷാപ്രവർത്തനമെന്ന് വിശേഷിപ്പിച്ച നേതാവ്, ഇപ്പോൾ പ്രതിപക്ഷനേതാവായിരിക്കുമ്പോൾ എങ്ങനെ ഇപ്പോഴത്തെ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം നടത്തുമെന്ന് ഫിറോസ് ചോദിച്ചു. എൽ.ഡി.എഫ് കാലത്ത് നയപ്രഖ്യാപനങ്ങളിലെ കേന്ദ്രവിമർശനം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള വെറും ‘പുളുവടി’ മാത്രമാണെന്ന് അൻവർ സാദാത്ത് പരിഹസിച്ചു. അതൊന്നും ജനം മൈൻഡ് ചെയ്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എം. വിൻസെന്റാണ് ഗവർണറുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയം അവതരിപ്പിച്ചത്.

ഇടതുപരാമർശങ്ങൾ എണ്ണിപ്പറഞ്ഞ്...

സി.പി.എമ്മിന്റെ വിദ്വേഷ പരാമർശങ്ങളും ഇസ്‍ലാമോഫോബിയ നീക്കങ്ങളും അക്കമിട്ട് ഭരണപക്ഷ പ്രതിനിധികൾ. നന്ദിപ്രമേയ ചർച്ചയിൽ ടി.വി. ഇബ്രാഹിം, പി.കെ. ഫിറോസ്, ജ്യോതികുമാർ ചാമക്കാല എന്നിവരാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

തെരഞ്ഞെടുപ്പ് തോൽവികളിൽ യാഥാർഥ കാരണം കണ്ടെത്തുന്നതിന് പകരം ‘ന്യൂനപക്ഷ വർഗീയത’ എന്ന ചാപ്പ കുത്തി രക്ഷപ്പെടാനാണ് ഇടതുപക്ഷം ശ്രമിച്ചതെന്ന് ടി.വി. ഇബ്രാഹിം പറഞ്ഞു. തദ്ദേശത്തിൽ ജനം കനത്ത തിരിച്ചടി നൽകിയിട്ടും പഠിച്ചില്ല. മലപ്പുറത്തും കാസർകോട്ടും ജയിച്ചവരുടെ മതം നോക്കൂവെന്നാണ് അന്ന് സജി ചെറിയാൻ പറഞ്ഞത്.

ജമാഅത്തെ ഇസ്ലാമിയെ ഉയർത്തിക്കാട്ടിയും ഇസ്‍ലാമോഫോബിയ ഉയർത്തിയും ഭൂരിപക്ഷ വോട്ട് നേടാനാണ് പിന്നീട് ശ്രമമുണ്ടായത്. ഭൂരിപക്ഷ സമുദായത്തിന്റേത് മതനിരപേക്ഷ മനസ്സാണെന്ന് ഈ തെരഞ്ഞെടുപ്പ് തെളിയിച്ചു. ധ്രുവീകരണത്തിന് ഊർജം പകരുന്ന പ്രസ്താവനകളും ഇടതുപക്ഷത്തിൽനിന്നുണ്ടായി. യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ജമാഅത്തെ ഇസ്ലാമി ആഭ്യന്തരം കൈകാര്യം ചെയ്യുമെന്നാണ് എ.കെ. ബാലൻ പറഞ്ഞത്. അദ്ദേഹത്തെ തിരുത്താൻ പിണറായി പോലും വന്നില്ല. ന്യൂനപക്ഷ വർഗീയതയുടെ അതിപ്രസരം നടന്നെന്നാണ് ഇപ്പോഴും കണ്ണൂർ ജില്ല സെക്രട്ടറി പറയുന്നതെന്ന് ടി.വി. ഇബ്രാഹിം ചൂണ്ടിക്കാട്ടി.

വിദ്വേഷം കുത്തിവെച്ച് ജനങ്ങളിൽ ഭിന്നിപ്പുണ്ടാക്കാനല്ല ശ്രമിക്കേണ്ടതെന്ന് ജ്യോതികുമാർ ചാമക്കാല പറഞ്ഞു. തെരഞ്ഞെടുപ്പിൽ ഭരണനേട്ടങ്ങൾക്കുപകരം വർഗീയതയും ഭിന്നിപ്പുണ്ടാക്കുന്ന പരാമർശങ്ങളുമാണ് ഇടതുപക്ഷം പറഞ്ഞതെന്ന് പി.കെ. ഫിറോസ് ആരോപിച്ചു. വയനാട്ടിൽ പ്രിയങ്ക ഗാന്ധി ജയിച്ചപ്പോൾ ന്യൂനപക്ഷ വർഗീയതയാണ് ജയിച്ചതെന്ന് സി.പി.എം നേതാവ് പറഞ്ഞു. കാഫിർ സ്ക്രീൻ ഷോട്ടിൽ ഇവർ പാഠംപഠിച്ചില്ല. പേരാമ്പ്രയിൽ ഖൗമിലെ കുട്ടി എന്ന പ്രചാരണവുമുണ്ടായെന്നും ഫിറോസ് കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:opposition leaderKerala Assembly session
News Summary - The ruling party conducts a post-mortem on the Left's era
Next Story