വിവരാവകാശ നിയമത്തെ ദുര്‍ബലപ്പെടുത്താന്‍ അനുവദിക്കരുത് -ഡോ. എ. അബ്ദുൽ ഹക്കീം
text_fieldsകൽപറ്റ: വിവരാവകാശ നിയമത്തെ ദുര്‍ബലപ്പെടുത്താന്‍ പല നിലയ്ക്കും ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും അതനുവദിക്കരുതെന്നും സംസ്ഥാന വിവരാവകാശ കമീഷണര്‍ ഡോ. എ. അബ്ദുൽ ഹക്കീം. സംസ്ഥാന വിവരാവകാശ കമീഷന്റെ ആഭിമുഖ്യത്തില്‍ പുത്തൂര്‍വയല്‍ എം.എസ് സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ ഹാളില്‍ സംഘടിപ്പിച്ച ഏകദിന ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനാധിപത്യത്തിന്റെ അഞ്ചാം സ്തംഭവും നെടുന്തൂണുമായി വളര്‍ന്നുവന്ന ഈ നിയമത്തെ ഏതുവിധേനയും സംരക്ഷിക്കാന്‍ ഉദ്യോഗസ്ഥരും സാമൂഹിക പ്രവര്‍ത്തകരും ജാഗ്രത പുലര്‍ത്തണം. അഴിമതിക്കാര്‍ക്ക് ചൂട്ടുപിടിക്കുന്ന ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം ആർ.ടി.ഐ നിയമത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നുണ്ട്. അഴിമതിയും സ്വജനപക്ഷപാതവും മായവും ചതിയും വഞ്ചനയുമെല്ലാം സമൂഹത്തെ വരിഞ്ഞുമുറുക്കിയ കാലത്ത് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ജനങ്ങളോട് സത്യം വിളിച്ചു പറയണം. ഔദ്യോഗിക രഹസ്യ നിയമത്തിനുമേല്‍ വിവരാവകാശ നിയമം ആധിപത്യം സ്ഥാപിച്ചുകഴിഞ്ഞതിനാല്‍ സത്യപ്രതിജ്ഞകള്‍പോലും സുതാര്യതാ സംരക്ഷണ പ്രതിജ്ഞകളാകണം.
ജനാധിപത്യത്തിലെ ദുര്‍ബലന്റെ നീതിയുടെ പടവാളാണ് വിവരാവകാശ നിയമമെന്നും അതിന്റെ കാവല്‍ക്കാരായി ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കണമെന്നും കമീഷണർ ആവശ്യപ്പെട്ടു. മേലുദ്യോഗസ്ഥരുടെ സമ്മർദത്തിനു വഴങ്ങി വിവരം നിഷേധിക്കുന്നവരും ‘ഫയല്‍ കാണുന്നില്ല’, ‘വിവരം ലഭ്യമല്ല’ തുടങ്ങിയ മറുപടി നല്‍കുന്നവരും വിവരാവകാശനിയമ പ്രകാരമുള്ള നടപടി നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിനെതിരെ ആരംഭിച്ച അതിശക്തമായ തൊഴിലാളി വര്‍ഗസമരത്തിന്റെ ഫലമായിട്ടാണ് ഇന്നത്തെ വിവരാവകാശ നിയമം രൂപപ്പെട്ടത്. വിവരം ലഭിക്കല്‍ പൗരന്റെ അവകാശമായി മാറിയതോടെ നിയമനിർമാണസഭയില്‍ ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഭരണ സംവിധാനം സമയ ബന്ധിതമായി മറുപടി നല്കി വരികയാണ്. ഡിപ്പാര്‍ട്ടമെന്റല്‍ ഓഡിറ്റിന്റെയും ജുഡീഷ്യല്‍ സ്‌ക്രൂട്ടിനിയുടെയും എ.ജി ഓഡിറ്റിന്റെയും ലെജിസ്ലേച്ചറിന്റെയും പരിശോധനക്ക് അപ്പുറത്ത് പൗരന് സര്‍ക്കാറിന്റെ ഫയലുകള്‍ പരിശോധിക്കുന്നതിനുള്ള സ്വാതന്ത്ര്യമാണ് വിവരാവകാശ നിയമം നല്‍കുന്നത്.
വിവരാവകാശനിയമം ജനാധിപത്യത്തിലെ കാര്യനിർവഹണ വിഭാഗത്തിന് ജനങ്ങളോടുള്ള ഉത്തരവാദിത്വം വർധിപ്പിക്കുന്നു. ഭരണത്തില്‍ സുതാര്യതയും വിശ്വാസ്യതയും വർധിപ്പിക്കുന്നു. അഴിമതി ഇല്ലാതാക്കുന്നു. സര്‍ക്കാര്‍ എന്റെ നികുതി പണം എങ്ങനെ വിനിയോഗിക്കുന്നു എന്ന് അറിയാന്‍ പൗരന് അവസരം നല്‍കുന്നു. പഞ്ചായത്ത് മുതല്‍ പാര്‍ലമെന്റ് വരെയും വില്ലേജ് ഓഫിസ് മുതല്‍ സെക്രട്ടറിയേറ്റ് വരെയും കടന്നുചെന്ന് കാര്യങ്ങള്‍ അന്വേഷിക്കാന്‍ നിയമം പൗരന് അധികാരം നല്‍കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിവരാവകാശ കമീഷണര്‍ അഡ്വ. ടി.കെ. രാമകൃഷ്ണന്‍, എ.ഡി.എം കെ. ദേവകി, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി. റഷീദ് ബാബു എന്നിവരും സംസാരിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

