പന്തളം: വാലായ്മ കാരണം രാജപ്രതിനിധിക്ക് തിരുവാഭരണത്തോടൊപ്പം യാത്രയാകാനായില്ല. രാജകുടുംബാംഗങ്ങൾ കൊട്ടാരമതിലിൽനിന്ന് തിരുവാഭരണത്തെ യാത്രയാക്കി. ഇക്കുറി പന്തളം ശ്രാമ്പിക്കൽ കൊട്ടാരത്തിൽ മൂലം നാൾ ശങ്കർ വർമയായിരുന്നു രാജപ്രതിനിധി. എന്നാൽ, കൊട്ടാരത്തിലുണ്ടായ ആശൂലം കാരണമാണ് ഘോഷയാത്രക്ക് ഒപ്പം പുറെപ്പടാനാകാതിരുന്നത്.
കൊട്ടാരത്തിലെ ഒരു അംഗം പ്രസവിച്ചതിനാലാണ് ആശൂലം ഉണ്ടായത്. രാവിലെ തന്നെ ഉപദേശക സമിതിയുടെയും ദേവസ്വം ബോർഡിെൻറയും നഗരസഭയുടെയും നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ ഘോഷയാത്രക്ക് ആവശ്യമായ തയാറെടുപ്പുകൾ പൂർത്തിയാക്കി. തമിഴ്നാട്ടിൽ നിന്നെത്തിച്ച പൂക്കൾ ഉപയോഗിച്ച് ക്ഷേത്രം പുഷ്പാലംകൃതമാക്കി. കോവിഡ് പശ്ചാത്തലത്തിൽ ക്ഷേത്രത്തിനുൾവശം അണുമുക്തമാക്കി. പുലർച്ച മുതൽ രാവിലെ 11 വരെ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ദർശനം അനുവദിച്ചുവെങ്കിലും പിന്നീട് ഭക്തരുടെ തിരക്ക് നിയന്ത്രണാതീതമായി.
മണികണ്ഠനാൽത്തറയിൽ അയ്യപ്പസേവ സംഘത്തിെൻറ നേതൃത്വത്തിൽ കർപ്പൂരാരതി ഉഴിഞ്ഞു സ്വീകരിച്ചു. ചിറ്റയം ഗോപകുമാർ എം.എൽ.എ, കുളനട ജില്ല പഞ്ചായത്ത് അംഗം ആർ. അജയകുമാർ, പന്തളം നഗരസഭ കൗൺസിലർമാരായ ശ്രീദേവി, പി.കെ. പുഷ്പലത, കെ.ആർ. രവി, കെ.വി. പ്രഭ, കെ. സീന, മഞ്ജുഷ സുമേഷ്, സൂര്യ എസ്. നായർ, യു. രമ്യ, രാധ വിജയകുമാരി, രശ്മി രാജീവ്, അടൂർ ആർ.ഡി.ഒ ഹരികുമാർ, റവന്യൂ ഡെപ്യുട്ടി തഹസിൽദാർ എം.കെ. അജികുമാർ, ഡിവൈ.എസ്.പിമാരായ സന്തോഷ് കുമാർ, ബിനു, ആർ. ജോസ്, ഡി.സി.സി മുൻ പ്രസിഡൻറ് പി. മോഹൻരാജ്, രഘു പെരുമ്പുളിയ്ക്കൽ, കിരൺ കുരമ്പാല തുടങ്ങി നൂറുകണക്കിന് ആളുകൾ തിരുവാഭരണ ഘോഷയാത്രയെ യാത്രയാക്കാൻ എത്തിയിരുന്നു.