ഫലസ്തീൻ ജനതയുടെ ന്യായമായ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം -സി.പി.എം
text_fieldsതിരുവനന്തപുരം: ഫലസ്തീൻ ജനതയുടെ ന്യായമായ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും ഇസ്രായേലില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെ സുരക്ഷ ഉറപ്പുവരുത്താനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കണമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ഫലസ്‌തീനിലെ ഗാസ മുനമ്പില്‍ ഹമാസും ഇസ്രയേല്‍ സേനയും നടത്തുന്ന ഏറ്റുമുട്ടലുകള്‍ ഗുരുതരമായ സ്ഥിതിവിശേഷമാണ് സൃഷ്ടിച്ചിരിക്കുന്നത്. സാധാരണ പൗരന്മാരുടെ ജീവിതത്തെ ഗുരുതരമായി ബാധിക്കുന്ന സംഭവമായി ഇത് മാറിയിട്ടുണ്ട്. നിരവധി ജീവനുകള്‍ ഇതിനോടകം നഷ്ടമായിക്കഴിഞ്ഞു. ഏറ്റുമുട്ടലുകള്‍ ഇനിയും തുടരുന്നത് നിരപരാധികളുടെ ജീവന്‍ കൂടുതല്‍ നഷ്ടപ്പെടുന്നതിന് മാത്രമേ ഇടയാക്കുകയുള്ളൂ.
ഇസ്രായേല്‍, ഫലസ്‌തീന്‍ ഭൂപ്രദേശങ്ങള്‍ വ്യാപകമായി പിടിച്ചെടുക്കുകയും പലസ്‌തീന്‍ പൗരന്മാരെ കൊലപ്പെടുത്തുകയും ചെയ്യുന്ന സംഭവമാണ് ഇത്തരമൊരു സ്ഥിതിവിശേഷത്തിന് അടിസ്ഥാനമിട്ടത്. ജനാധിപത്യപരമായ രീതിയില്‍ ഇത്തരം പ്രശ്‌നങ്ങളെ മനസ്സിലാക്കി പരിഹരിക്കുകയാണ് വേണ്ടത്. അതിനുള്ള സാഹചര്യം സൃഷ്‌ടിക്കാനുള്ള ഇടപെടലാണ് ഉണ്ടാകേണ്ടത്.
ദ്വിരാഷ്‌ട്ര പരിഹാരമെന്ന യു.എന്‍ രക്ഷാസമിതിയുടെ പ്രമേയം അടിയന്തിരമായി നടപ്പിലാക്കി ഫലസ്‌തീന്‍ ജനതയുടെ ന്യായമായ അവകാശങ്ങള്‍ സംരക്ഷിക്കണം. നിരപരാധികളുടെ ജീവന്‍ കവര്‍ന്നെടുക്കുന്ന തരത്തിലുള്ള ഏറ്റുമുട്ടലുകള്‍ അവസാനിപ്പിച്ച് സമാധാനം ഉറപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകണം -സി.പി.എം പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

