വിപ്ലവനായകന്റെ മടക്കയാത്ര തുടങ്ങി; പാതയോരങ്ങൾ ജനസഞ്ചയ മുഖരിതം
text_fieldsതിരുവനന്തപുരം: തലസ്ഥാനത്തിന്റെ അന്ത്യാഭിവാദ്യങ്ങളേറ്റുവാങ്ങി ജനനായകൻ വി.എസ്. അച്യുതാനന്ദന്റെ വിലാപയാത്ര ആലപ്പുഴയിലേക്ക്. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സെക്രട്ടേറിയേറ്റിലെ ദര്‍ബാര്‍ ഹാളില്‍നിന്ന് വി.എസ്സിന്റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര ആരംഭിച്ചത്. നേതാക്കളും പ്രവര്‍ത്തകരും ഉള്‍പ്പെടെ ജനസഞ്ചയമാണ് വിലാപയാത്രയെ അനുഗമിക്കുന്നത്. പ്രിയനേതാവിനെ അവസാനമായി കാണാനായി റോഡിനിരുവശങ്ങളിലും വന്‍ ജനക്കൂട്ടമാണുള്ളത്.
ദര്‍ബാര്‍ ഹാളില്‍നിന്ന് പുറപ്പെട്ട വിലാപയാത്ര ഒരുകിലോമീറ്റര്‍ ദൂരം പിന്നിടാന്‍ ഏകദേശം മുക്കാൽമണിക്കൂറെടുത്തു. സ്ത്രീകളും കുട്ടികളും അടക്കം നിരവധിപേരാണ് വിഎസ്സിനെ ഒരുനോക്കുകാണാനും അന്തിമോപചാരം അര്‍പ്പിക്കാനുമായി വഴിയരികുകളിലുടനീളം കാത്തുനില്‍ക്കുന്നത്. തിരുവനന്തപുരത്തുനിന്ന് ആലപ്പുഴ പുന്നപ്രയിലേക്ക് ഏകദേശം 151 കിലോമീറ്ററാണ് ദൂരം. എന്നാല്‍, വഴിയിലുടനീളം ജനസാഗരം തന്നെ അന്തിമോപചാരം അര്‍പ്പിക്കാന്‍ കാത്തുനില്‍ക്കുന്നതിനാല്‍ വിലാപയാത്ര രാത്രി ഏറെ വൈകിയാകും പുന്നപ്രയിലെത്തുക. പുന്നപ്രയിലെ വീട്ടില്‍നിന്ന് ബുധനാഴ്ച രാവിലെ ആലപ്പുഴ ജില്ല കമ്മിറ്റി ഓഫിസിലേക്ക് കൊണ്ടുപോകുന്ന മൃതദേഹം അവിടെ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് ആലപ്പുഴ പൊലീസ് റിക്രിയേഷന്‍ ഗ്രൗണ്ടിലും പൊതുദര്‍ശനമുണ്ടാകും. വൈകീട്ട് മൂന്നുമണിക്ക് വലിയചുടുകാട്ടിലാണ് സംസ്‌കാരം.
വിലാപയാത്ര സഞ്ചരിക്കുന്ന വഴി:
പോങ്ങുമൂട്, ശ്രീകാര്യം, ചാവടിമുക്ക്, പാങ്ങപ്പാറ, കാര്യവട്ടം, കഴക്കൂട്ടം, പാരിപ്പള്ളി, കൊട്ടിയം, ചിന്നക്കട, കാവനാട്, ചവറ, കരുനാഗപ്പള്ളി, ഓച്ചിറ, കായംകുളം, ഹരിപ്പാട്, അമ്പലപ്പുഴ, തോട്ടപ്പള്ളി, കരുവാറ്റ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

