2001ൽ കെ.പി.സി.സി പ്രസിഡന്റായിരുന്ന തെന്നലയെ മാറ്റിയത് ശരിയായ രീതിയിലല്ല -എ.കെ. ആന്റണി
text_fieldsഎ.കെ. ആന്റണി, തെന്നല ബാലകൃഷ്ണ പിള്ള
തിരുവനന്തപുരം: ചരിത്ര വിജയം നേടിനിൽക്കെ, 2001ൽ കെ.പി.സി.സി പ്രസിഡന്റായിരുന്ന തെന്നല ബാലകൃഷ്ണപിള്ളയെ മാറ്റിയത് ശരിയായ രീതിയിലായിരുന്നില്ലെന്ന് തുറന്നുപറഞ്ഞ് എ.കെ. ആന്റണി. താൻ മുഖ്യമന്ത്രിയായി സത്യവാചകം ചൊല്ലിയ ആ ദിവസം തന്നെ തെന്നലക്ക് പാർട്ടി അധ്യക്ഷസ്ഥാനം രാജിവെക്കേണ്ടിവന്നു. 1971ലെ നേട്ടത്തിനുശേഷം കോൺഗ്രസ് ഏറ്റവും കൂടുതൽ സീറ്റ് നേടി അധികാരത്തിൽ എത്തുന്നത് 2001ലാണ്.
തെരഞ്ഞെടുപ്പിൽ കെ.പി.സി.സി പ്രസിഡന്റായി പടന്നയിച്ച ആളാണ് ബാലകൃഷ്ണപിള്ള. അന്ന് ഗ്രൂപ്പുകൾ തമ്മിൽ ധാരണയുണ്ടായിരുന്നെങ്കിലും തീരുമാനം നടപ്പാക്കപ്പെടേണ്ട രീതിയിലായിരുന്നില്ല നടന്നത്. എന്നാൽ മറുത്തൊരു വാക്കുപറയാതെ പാർട്ടി തീരുമാനം അനുസരിച്ച് അപ്പോൾതന്നെ തെന്നല പടിയിറങ്ങിയെന്നും ആന്റണി വ്യക്തമാക്കി. അനുശോചന സന്ദേശത്തിലായിരുന്നു ആന്റണിയുടെ പരാമർശങ്ങൾ.
കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ ഒരുകാലത്ത് ശക്തമായ ഗ്രൂപ്പുകളുണ്ടായിരുന്നു. താനും കരുണാകരനും രണ്ട് ഗ്രൂപ്പിന്റെ നേതാക്കളുമായിരുന്നു. തനിക്കും കരുണാകരനുമിടയിലെ തർക്കങ്ങൾ പൊട്ടിത്തെറിയിൽ കലാശിക്കാതിരിക്കാൻ കാരണം അന്ന് പാലമായി പ്രവർത്തിച്ച തെന്നലയാണ്. തർക്കങ്ങൾ പരിഹരിക്കാൻ എന്നും അദ്ദേഹം നീതിമാനെ പോലെ പ്രവർത്തിച്ചു. അതുകൊണ്ടാണ് പാർട്ടിക്കുള്ളിൽ പല ഭൂകമ്പങ്ങളും പൊട്ടിത്തെറികളും ഒഴിവാക്കാനായത്.
കോൺഗ്രസിൽ തെന്നലക്ക് എതിരാളികളില്ല. എല്ലാവരും സുഹൃത്തുക്കളും അനുയായികളും മാത്രം. കോൺഗ്രസിൽ തർക്കമുണ്ടായാൽ തെന്നലയുടെ തീരുമാനമാണ് അവസാനവാക്ക്. തർക്കം രൂക്ഷമാകുമ്പോൾ തങ്ങളെല്ലാം ആലോചിച്ചു തർക്കപരിഹാരത്തിന് തെന്നല അധ്യക്ഷനായ തർക്കപരിഹാര കമ്മിറ്റിയെ നിയോഗിക്കും. ആ കമ്മിറ്റിയുടെ തീരുമാനം കേരളത്തിലെ കോൺഗ്രസുകാരെല്ലാം അംഗീകരിക്കും. ഒരാളും തീരുമാനം ചോദ്യംചെയ്തിട്ടില്ല. അദ്ദേഹം കോൺഗ്രസിലെ അവസാന വാക്കായിരുന്നു.
എല്ലാ സമുദായ രാഷ്ട്രീയ നേതാക്കളും ഒരുപോലെ ബഹുമാനിച്ചിരുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹം. ശതാഭിഷേക നിറവിൽ ജന്മനാടായ ശൂരനാട് നടന്ന അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്തത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

