ഉപയോഗിച്ച എണ്ണ ഇനി കളയേണ്ട; ലിറ്ററിന് 30 രൂപ വരെ നൽകും
text_fieldsകോഴിക്കോട്: നഗരത്തിലെ ഹോട്ടലുകളിലും ബേക്കറിയിലും മറ്റും ഉപയോഗിച്ച് കഴിഞ്ഞ എണ്ണ ഇനി വെറുതെയാവില്ല. പാചകം ചെയ്ത ഭക്ഷ്യ എണ്ണ ശേഖരിച്ച് ബയോ ഡീസലാക്കുന്ന സംരംഭങ്ങൾക്ക് നഗരത്തിൽ നല്ല പ്രതികരണം. ആഴ്ചകളായി തുടരുന്ന എണ്ണശേഖരണം നല്ല രീതിയിൽ മുന്നോട്ടുപോകുന്നതായി വ്യാപാരികൾ പറഞ്ഞു. ഒരു ടണ്ണിലേറെ ഭക്ഷ്യഎണ്ണ വിവിധ ഭാഗങ്ങളിൽനിന്ന് ശേഖരിച്ചതായാണ് കണക്ക്.
ഭക്ഷ്യസുരക്ഷാ ഗുണനിലവാര അതോറിറ്റിയുടെ (റീപര്‍പ്പസ് യൂസ്ഡ് കുക്കിങ് ഓയില്‍-റൂക്കോ) പദ്ധതിയുടെ ഭാഗമായാണ് അംഗീകൃത ഏജന്‍സി വഴി എണ്ണ ശേഖരിക്കുന്നത്. കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റാറൻറ് അസോസിയേഷൻ, ബേേകഴ്സ് അസോസിയേഷൻ എന്നിവർ ഏജന്‍സിയുമായി ധാരണയുണ്ടാക്കിയതിെൻറയടിസ്ഥാനത്തിലാണ് നടപടി. ജില്ലയിലെ മൊത്തം 2800 ലേറെ ഹോട്ടലുകളിലും 650 ലേറെ ബേക്കറികളിലും നിന്ന് ശേഖരണം വ്യാപകമാക്കാനാണ് തീരുമാനം. ചിപ്സ്, എണ്ണപ്പലഹാര നിർമാതാക്കൾ എന്നിവരിൽനിന്നും എണ്ണയെടുക്കൽ തുടങ്ങി. കച്ചവടക്കാര്‍ക്ക് ലിറ്ററിന് 25 മുതൽ 30 രൂപ വരെ ഇതുവഴി കിട്ടും.
ഗുണമേന്മ നോക്കി വിലയിൽ മാറ്റം വരും. കടക്കാർ ഉപയോഗിച്ച ഓയിലും വെളിച്ചെണ്ണയും മറ്റും സംഭരിച്ചു െവക്കുന്നത് ഒന്നിച്ച് ചില ദിവസങ്ങളിൽ മാത്രം എടുത്ത് മലപ്പുറത്തുള്ള വെയര്‍ഹൗസിൽ സൂക്ഷിക്കുകയാണ്.
അവിടെനിന്ന് ബംഗളൂരുവിലെ ബയോഡീസല്‍ പ്ലാൻറിലേക്ക് എണ്ണ എത്തിക്കും. ലിറ്ററിന് 55 രൂപ വരെ ബയോഡീസലിന് ഈടാക്കുന്നുണ്ട്. പാഴാവുന്ന എണ്ണയുടെ 95 ശതമാനത്തിലധികവും ഇത് വഴി വീണ്ടും ഉപയോഗിക്കാനാവും. കോവിഡിൽ പ്രവര്‍ത്തനം നിലച്ചെങ്കിലും ഇപ്പോൾ വീണ്ടും സജീവമായിത്തുടങ്ങി.
ഉപയോഗിച്ച എണ്ണ ഭക്ഷ്യ ആവശ്യത്തിന് വീണ്ടും വീണ്ടും ഉപയോഗിക്കുന്നത് കടുത്ത ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും. ഉപയോഗിച്ച എണ്ണയിൽ പിറ്റേന്ന് വീണ്ടും പൊരിക്കലും കരിക്കലും നടത്തുന്നതിനെതിെര ആരോഗ്യവിഭാഗം നടപടി കർശനമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ എണ്ണക്ക് പുതിയ ഉപയോഗം കണ്ടെത്തിയത് വ്യാപാരികൾക്കും ആശ്വാസമായി.