‘റെഡ് ബുക്’ ഭാവി ബിസിനസ് കാര്യങ്ങൾ എഴുതിയ കടലാസ്; ബോധപൂര്‍വം മോശമാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മുഹമ്മദ് റിയാസ്
text_fieldsപിഎ മുഹമ്മദ് റിയാസ്
കോഴിക്കോട്: ഇ.ഡി റെഡ് ബുക് എന്ന് വിശേഷിപ്പിക്കുന്നത് ഭാവി ബിസിനസുമായി ബന്ധപ്പെട്ട് ആരംഭിക്കേണ്ട കാര്യങ്ങൾ ഒരു കടലാസിൽ എഴുതിയതിനെയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം പി.എ. മുഹമ്മദ് റിയാസ്. ബോധപൂര്‍വം മോശമാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. പ്രധാനപ്പെട്ട തെളിവുകളായി ഇതെല്ലാം ഇ.ഡി കാണുന്നുണ്ടെങ്കിൽ ഇങ്ങനെ പുറത്തുവിടുമോയെന്നും മേയ് 27ന് കിട്ടിയെന്ന് പറയുന്ന തെളിവുകൾ പുറത്തുവിടാൻ വിപുലീകൃത സംസ്ഥാന കമ്മിറ്റി പൂർത്തീകരിച്ച ദിവസം എന്തിന് തെരഞ്ഞെടുത്തുവെന്നും അദ്ദേഹം ചോദിച്ചു.
നേരത്തെ ഹവാല എന്ന് പറഞ്ഞ് ബന്ധപ്പെടുത്താൻ ശ്രമം നടത്തി, അത് പൊളിഞ്ഞു. ഇപ്പോൾ പുതിയ കഥ രംഗത്തിറക്കിയിരിക്കുകയാണ്. ‘നമ്മൾ ബേപ്പൂർ’ എന്ന ഗ്രൂപ് മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ ചർച്ചചെയ്യാൻ രൂപവത്കരിച്ചതാണ്. ആ ഗ്രൂപ്പിൽ മാധ്യമപ്രവർത്തകരും പൊതുജനങ്ങളും അടക്കം നിരവധിപേരുണ്ട്. വാട്സ്ആപ് ഗ്രൂപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം കൃത്യമായി പരിശോധിക്കാൻ ഇന്നത്തെ കാലത്ത് സാധിക്കുമല്ലോ എന്നും അദ്ദേഹം പറഞ്ഞു.
ഇ.ഡി മൂന്ന് തവണ ചോദ്യംചെയ്തപ്പോഴും ഹവാലയുമായി ബന്ധപ്പെട്ട് ഒന്നും വീണയോട് ചോദിച്ചിട്ടില്ല. ഹവാല ഇടപാടുണ്ടെന്ന് വീണ സമ്മതിച്ചെന്ന് പറയുന്നത് ശുദ്ധ അസംബന്ധമാണ്. വീണ നൽകിയ മുഴുവൻ മൊഴിയും ഇ.ഡി പുറത്തുവിടണം. ഇ.ഡി തെളിവെന്ന് പറഞ്ഞ് വിവരങ്ങൾ പുറത്തുവിട്ട് സമൂഹമധ്യത്തിൽ മോശമാക്കുന്നതുപോലെ എല്ലാ കാര്യങ്ങളും തുറന്ന്പറയുന്നില്ലെന്നും നിയമപരമായി നേരിടുമെന്നും റിയാസ് പറഞ്ഞു. ഇത് നല്ല സ്ക്രിപ്റ്റ് ആണെന്നും എഴുതിയ ആൾക്ക് അവാർഡ് നൽകണമെന്നും റിയാസ് പരിഹസിച്ചു.
‘നമ്മള്‍ ബേപ്പൂര്‍ കോര്‍ ടീം’ വാട്‌സ്ആപ് ഗ്രൂപ് ചാറ്റുകള്‍ പുറത്തുവിട്ടു
മുഹമ്മദ് റിയാസ് ഉള്‍പ്പെട്ട ഹവാല ഇടപാടിന്റെ കേന്ദ്ര ബിന്ദുവെന്ന് ഇ.ഡി. വിശേഷിപ്പിച്ച ‘നമ്മള്‍ ബേപ്പൂര്‍ കോര്‍ ടീം’ വാട്‌സ്ആപ് ഗ്രൂപ്പിലെ ചാറ്റുകള്‍ അംഗങ്ങള്‍ തന്നെ പുറത്തുവിട്ടു. ജൂണ്‍ മുതലുള്ള ചാറ്റുകള്‍ വിഡിയോ രൂപത്തിലാണ് പുറത്തുവിട്ടത്. 2024 ജൂലൈ മൂന്ന്, നാല് തീയതികളിൽ വാക്സആപ് ഗ്രൂപ്പിൽ ഹവാല ഇടപാടിനെക്കുറിച്ച് ചർച്ച നടന്നുവെന്നായിരുന്നു ആരോപണം. എന്നാൽ, ഹവാല ഇടപാടുകളുടെ വിവരങ്ങള്‍ പുറത്തുവന്ന ചാറ്റില്‍ ഇല്ലെന്നാണ് വിവരം. മുഹമ്മദ് റിയാസുമായി ബന്ധപ്പെട്ട പരിപാടികള്‍, മുന്‍ എല്‍.ഡി.എഫ് സര്‍ക്കാറിന്റെ പലതരത്തിലുള്ള പരിപാടികള്‍, ബേപ്പൂര്‍ ഫെസ്റ്റ് ഉള്‍പ്പെടെ പരിപാടികള്‍ തുടങ്ങിയവയുടെ പോസ്റ്ററുകളാണ് ഗ്രൂപ്പില്‍ ഷെയര്‍ ചെയ്തിട്ടുള്ളത്.
റിയാസിനും വീണക്കുമെതിരെ വിമർശനവുമായി പേഴ്സനൽ സ്റ്റാഫ്
ആലപ്പുഴ: മാസപ്പടി കേസ് പാർട്ടിയുടെ പ്രശ്നമല്ലെന്നും അതിനെ ന്യായീകരിക്കാനുള്ള സ്പേസ് പോലും മുഹമ്മദ് റിയാസ് ഇല്ലാതാക്കിയെന്നും മുൻമന്ത്രി ഡോ. തോമസ് ഐസക്കിന്‍റെ പേഴ്സനൽ സ്റ്റാഫ് അംഗവും ഇടതു ചിന്തകനുമായ ഗോപകുമാർ മുകുന്ദൻ. വീണ എഴുതിയ ബുക്കിലെ വിവരങ്ങൾ ഭാവി ബിസിനസിന്‍റെ ഭാഗമാണെന്ന മുൻമന്ത്രി മുഹമ്മദ് റിയാസിന്‍റെ പ്രതികരണത്തിന് പിന്നാലെ ഫേസ്ബുക്കിൽ കുറിപ്പിലൂടെയാണ് വിമർശനം.
മാസപ്പടി ആരോപണത്തിൽ പാർട്ടിയെ പ്രതിരോധത്തിലാക്കിയ ശേഷമാണ് ഇടപാടുകൾ. ഇത് തീർത്തും ഷോക്കിങ് ആണ്. ഒരു സംശയവും ബാക്കിനിൽക്കാത്തവിധം വീണയും റിയാസും ഇതിന് മറുപടി പറഞ്ഞാൽ വലിയ അളവിൽ പരിഹാരമാകും. അല്ലാതെ എളുപ്പമല്ല. സി.പി.എമ്മിനെയും പിണറായി വിജയനെയും ഇതിൽ മറുപടി പറയിക്കാൻ വിടരുത്. ഇത് പാർട്ടി പ്രശ്നമല്ല. കൃത്യമായ കാര്യം പറഞ്ഞാലല്ലാതെ പാർട്ടിക്കെതിരായ കടന്നാക്രമണമെന്ന് സ്ഥാപിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

