യു.ഡി.എഫ് ജയത്തിന് കാരണം സർക്കാറിന്‍റെ വീഴ്ച; നിയമസഭയിൽ ഈസി വാക്കോവർ ഉണ്ടാകും - പി.എം.എ സലാം
text_fieldsകോഴിക്കോട്: സർക്കാരിന്റെ വീഴ്ചകളാണ് യു.ഡി.എഫിന്റെ ജയത്തിന് കാരണമായതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. ഒരു പ്രത്യേക ജനത്തെയും പ്രദേശത്തെയും അവഹേളിച്ചവരെ എൽ.ഡി.എഫ് ചേർത്ത് പിടിച്ചു. അതിന് ജനം മറുപടി നൽകിയെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിൽ ലീഗിനും യു.ഡി.എഫിനും വലിയ മുന്നേറ്റം ഉണ്ടായി. നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ഈസി വാക്കോവർ ഉണ്ടാകുമെന്നും പറഞ്ഞു.
ജനവികാരം മാനിച്ച് മുന്നോട്ടു പോകും. ജമാഅത്തെ ഇസ്ലാമിയുമായി ഈ തെരഞ്ഞെടുപ്പിലും എൽ.ഡി.എഫ് ബന്ധം പുലർത്തുന്നു. കാസർഗോഡ്, പാലക്കാട് ജില്ലകളിലാണ് ഈ കൂട്ടുകെട്ട് എന്നും പി.എം.എ സലാം വ്യക്തമാക്കി.
ജമാഅത്തെ ഇസ്ലാമി – ബന്ധം യു.ഡി.എഫ് ധാരണ ഉണ്ടാക്കിയിട്ടില്ല. നീക്കുപോക്ക് ഉണ്ടാകാം. നിയമസഭാ തിരഞ്ഞെടുപ്പിൽ ഇത്തരം ബന്ധം വേണോ എന്ന് യു.ഡി.എഫ് ആണ് തീരുമാനിക്കേണ്ടത്. യു.ഡി.എഫിന്റെ അടിത്തറ വിപുലപ്പെടുത്തണമെന്നാണ് അഭിപ്രായം. മുന്നണി വിപുലീകരണത്തെക്കുറിച്ച് ചർച്ച ചെയ്തിട്ടുണ്ട്. കേരള കോൺഗ്രസ് മാണി വിഭാഗത്തെ കൊണ്ടുവരുന്നതിൽ ഇപ്പോൾ അഭിപ്രായം പറയുന്നില്ല. അഭിപ്രായം യു.ഡി.എഫിൽ പറയുമെന്നും അദ്ദേഹം പറഞ്ഞു.
ആഹ്ലാദപ്രകടനം, അശ്ലീല പരാമർശങ്ങൾ എന്നിവ എല്ലാവരും ഒഴിവാക്കണം.അക്രമ സംഭവങ്ങൾ ഉണ്ടാകരുത്. പൊലീസ് സഹായത്തോടെ സി.പി.എം പ്രവർത്തകരാണ് അക്രമം നടത്തുന്നത്. പാലക്കാട് ബി.ജെ.പിയെ ഭരണത്തിൽ നിന്ന് മാറ്റി നിർത്താനുള്ള തീരുമാനം യു.ഡി.എഫ് എടുക്കും. എസ്.ഐ.ആർ ന്യൂനപക്ഷങ്ങളെ മാത്രമല്ല, എല്ലാവരെയും ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല വിഷയം പുതിയ പ്രതികൾ ഇനിയും ഉണ്ടാകും. വരുനാളുകളിൽ അത് വ്യക്തമാകും. മോഷ്ടിക്കുന്നത് ശരിയല്ല എന്ന് പറയാനെങ്കിലും സി.പി.എം തയ്യാറാക്കണമെന്നും പി.എം.എ സലാം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

