വൈദ്യുതി വാങ്ങൽ വൈകിയതിന്‍റെ കാരണം റെഗുലേറ്ററി കമീഷനോട് ചോദിക്കണം; ലോഡ് ഷെഡിങ് ഇല്ലെന്നും മന്ത്രി
text_fieldsതിരുവനന്തപുരം: പുറത്തുനിന്ന് വൈദ്യുതി വാങ്ങാൻ കെ.എസ്.ഇ.ബി നൽകിയ അപേക്ഷയിൽ തീരുമാനം വൈകിയതിന്‍റെ കാരണം വൈദ്യുതി റഗുലേറ്ററി കമീഷനോട് ചോദിക്കണമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി. റെഗുലേറ്ററി കമീഷൻ അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.പുറത്തുനിന്ന് വൈദ്യുതി വാങ്ങാനുള്ള അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു കെ.എസ്.ഇ.ബിയെന്നും വീണ്ടും ഇടപെട്ടാണ് അനുമതി വാങ്ങിയതെന്നും മന്ത്രി പറഞ്ഞു. കെ.എസ്.ഇ.ബി നൽകുന്ന അപേക്ഷയിൽ പെട്ടെന്ന് തീരുമാനമെടുക്കേണ്ട ഉത്തരവാദിത്തം റെഗുലേറ്ററി കമീഷനുണ്ട്. എന്തുകൊണ്ട് കമീഷൻ തീരുമാനം വൈകി എന്ന് അവരോട് ചോദിക്കണമെന്നും മന്ത്രി കൃഷ്ണൻകുട്ടി പറഞ്ഞു.
ഇപ്പോഴും സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഇല്ലെന്നും കറന്‍റ് പോകുന്നത് ലോഡ് കൂടുമ്പോഴാണെന്നും മന്ത്രി പറഞ്ഞു. അതേസമയം, സംസ്ഥാനത്ത് വൈകിട്ട് ആറ് മുതൽ രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചതിന് പിന്നാലെ ലോഡ് ഷെഡിങ് ഇല്ലെന്ന വാദവുമായി കെ.എസ്.ഇ.ബി രംഗത്തെത്തി. നാമമാത്ര വൈദ്യുതി നിയന്ത്രണമേ ഉള്ളൂവെന്ന് കെ.എസ്.ഇ.ബി വിശദീകരിക്കുന്നു.
ഉയർന്ന ലോഡ് കാരണം പ്രസരണ വിതരണ ശൃംഖലക്ക് താങ്ങാനാകാത്ത സമ്മർദം ഉണ്ടാകുന്ന പക്ഷം മാത്രം അരമണിക്കൂറിൽ താഴെ നിയന്ത്രണം ഏർപ്പെടുത്താൻ ഉന്നതതല യോഗം അനുമതി നൽകിയെന്ന കെ.എസ്.ഇ.ബിയുടെ വാർത്താകുറിപ്പിനെ കേരളത്തിൽ ലോഡ് ഷെഡിങ് എന്ന് ദുർവ്യാഖ്യാനിക്കുകയാണ് ഉണ്ടായത്. ഇത് ഖേദകരമാണെന്ന് ബുധനാഴ്ച കെ.എസ്.ഇ.ബി പുറത്തിറക്കിയ വാർത്താകുറിപ്പിൽ വിശദീകരിക്കുന്നു.
ചൊവ്വാഴ്ച വളരെ പരിമിതമായ വൈദ്യുതി നിയന്ത്രണമാണ് സംസ്ഥാനത്ത് വേണ്ടിവന്നത്. റെഗുലേറ്ററി കമീഷന്‍റെ അനുമതി ലഭിച്ച 200 മെഗാവാട്ട് വൈദ്യുതിയും കേന്ദ്ര ഉൽപാദന നിലയങ്ങളിൽ നിന്ന് മുടങ്ങിയ 200 മെഗാവാട്ട് വൈദ്യുതിയും ലഭിച്ചതോടെ സംസ്ഥാനത്തിന്‍റെ ഭൂരിഭാഗം ഇടങ്ങളിലും ഇടതടവില്ലാതെ വൈദ്യുതി ലഭ്യമാക്കാൻ കഴിഞ്ഞു. സംസ്ഥാനത്തിന്‍റെ മധ്യ, തെക്കൻ ഭാഗങ്ങളിൽ വേനൽമഴ ലഭിച്ചുവെങ്കിലും വൈദ്യുതി ആവശ്യകതയിൽ ഗണ്യമായ കുറവ് ഉണ്ടായിട്ടില്ല. 116.5 ദശലക്ഷം യൂനിറ്റാണ് ചൊവ്വാഴ്ച സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

