പി. ജയരാജന്റെ പോസ്റ്റിന് കാരണം ജില്ല സെക്രട്ടറിയോടുള്ള നീരസം
text_fieldsപി. ജയരാജൻ
കണ്ണൂർ: സി.പി.എം ജില്ല കമ്മിറ്റിയംഗമായിരുന്ന മനു തോമസ് പാർട്ടി വിട്ടശേഷം പി. ജയരാജൻ സമൂഹമാധ്യമത്തിൽ പങ്കുവെച്ച വിവാദ പോസ്റ്റിന് ഇടയാക്കിയത് ജില്ല സെക്രട്ടറിയോടുള്ള അതൃപ്തിയെന്ന് സൂചന. സ്വർണക്കടത്ത്-ക്വട്ടേഷൻ സംഘവുമായി പി. ജയരാജന് ബന്ധമുണ്ടെന്ന് മനു തോമസ് ആരോപണം ഉയർത്തിയതിന് പിന്നാലെ ജയരാജൻ തന്നെ ഇക്കാര്യം സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. നേരിട്ട് മറുപടി പറയേണ്ടെന്നും ജില്ല സെക്രട്ടറി തന്നെ പ്രതികരിക്കുമെന്നും സംസ്ഥാന നേതൃത്വം പി. ജയരാജന് ഉറപ്പുനൽകി.
സ്വർണക്കടത്തുകാരുമായി ജില്ലയിലെ നേതാക്കൾക്ക് ബന്ധമില്ലെന്നും അംഗത്വം പുതുക്കാത്തതിനാലാണ് മനു തോമസ് പാർട്ടിയിൽനിന്ന് പുറത്തായതെന്നും ജില്ല സെക്രട്ടറി എം.വി. ജയരാജൻ അന്ന് മാധ്യമങ്ങളോട് വിശദീകരിക്കുകയും ചെയ്തു. എന്നാൽ, ആരോപണ വിധേയനായ നേതാവിന്റെ പേരുപറഞ്ഞ് പ്രതിരോധിക്കാതെ സ്വർണക്കടത്തുകാരുമായി ആർക്കും പങ്കില്ലെന്ന തരത്തിൽ ജില്ല സെക്രട്ടറി സംസാരിച്ചതിലുള്ള നീരസത്തിലാണ് പി. ജയരാജൻ പോസ്റ്റിട്ടതെന്നാണ് വിവരം.
മനു തോമസിന്റെ നിലപാടുകളെ ശക്തമായി വിമർശിക്കുന്ന ഫേസ്ബുക്ക് കുറിപ്പ് ഏറ്റെടുത്തതോടെ പി. ജയരാജൻ പ്രതിരോധത്തിലായി. ഇക്കാര്യം ചൂണ്ടിക്കാട്ടി പി. ജയരാജനെതിരെ ജില്ല കമ്മിറ്റി സംസ്ഥാന കമ്മിറ്റിക്ക് കത്തയച്ചു. ഇങ്ങനെ ഒരു കത്ത് കിട്ടിയിട്ടുണ്ടെന്നും പി. ജയരാജനെതിരായ പരാതി സംസ്ഥാന സമിതി പരിശോധിക്കുമെന്നും തളിപ്പറമ്പിൽ നടന്ന ജില്ല സമ്മേളനത്തിൽ മുഖ്യമന്ത്രി തന്നെയാണ് വെളിപ്പെടുത്തിയത്.
കൊല്ലം സമ്മേളനത്തോടെ പി. ജയരാജൻ സംസ്ഥാന സെക്രട്ടേറിയറ്റിൽ എത്തുമോയെന്ന ചർച്ചകൾക്കിടെയാണ് കത്ത് പുറത്തുവരുന്നത്. സംസ്ഥാന സമിതിയംഗമായി രണ്ടു പതിറ്റാണ്ട് പിന്നിട്ടിട്ടും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമാകാത്ത പി. ജയരാജന് കത്ത് എങ്ങനെ തിരിച്ചടിയാവുമെന്നാണ് ചർച്ചയാകുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.