ബിഹാറിലെ വൈജ്ഞാനിക മുന്നേറ്റത്തിന് ഇനി സ്വന്തം ഇടം; ഖുർത്വുബ കാമ്പസ് കിഷൻഗഞ്ചിന് സമർപ്പിച്ചു
text_fieldsബിഹാറിലെ കിഷൻഗഞ്ച് ജില്ലയിലെ റുഹിയയിൽ ഖുർത്വുബ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അക്കാദമിക് എക്സലൻസ് കാമ്പസ് ദാറുൽഹുദ ചാൻസലർ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
കിഷൻഗഞ്ച്: ബിഹാറിലെ കിഷൻഗഞ്ച് ജില്ലയിലെ റുഹിയയിൽ ഹുദവികളുടെ കൂട്ടായ്മയായ 'ഹാദിയ'യുടെ ഖുർത്വുബ ഫൗണ്ടേഷന് കീഴിൽ ആരംഭിച്ച ഖുർത്വുബ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അക്കാദമിക് എക്സലൻസ് കാമ്പസ് ദാറുൽഹുദ ചാൻസലർ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ സമർപ്പിച്ചു. 2019 മുതൽ വാടക കെട്ടിടത്തിൽ പ്രവർത്തിച്ചുവരുന്ന സ്ഥാപനം ഇതോടെ സ്വന്തം കാമ്പസിലേക്ക് മാറി.
പിന്നാക്ക ജനവിഭാഗങ്ങളുടെ വിദ്യാഭ്യാസപരവും സാമൂഹികവുമായ ഉന്നമനം ലക്ഷ്യമിട്ട് അബ്ബാസലി ശിഹാബ് തങ്ങൾ ചെയർമാനും ഡോ. സുബൈർ ഹുദവി ഡയറക്ടറുമായി 2019ൽ ആരംഭിച്ചതാണ് ഖുർത്വുബ ഫൗണ്ടേഷൻ. ഇന്ത്യയിലെ തന്നെ ഏറ്റവും പിന്നാക്കം നിൽക്കുന്ന പ്രദേശത്തെയാണ് വിദ്യാഭ്യാസ മുന്നേറ്റത്തിന് തെരഞ്ഞെടുത്തിരിക്കുന്നതെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. മതത്തിന്റെയും ഭാഷയുടെയും വസ്ത്രത്തിന്റെയും പേരിൽ ഭരണകൂടം തന്നെ വിദ്വേഷം പടർത്താൻ ശ്രമിക്കുന്ന കാലത്ത് നന്മയുടെയും ഭക്തിയുടെയും മാർഗത്തിൽ ആളുകൾ ഒരുമിച്ചത് കൊണ്ടാണ് ഈ വിദ്യാഭ്യാസ സമുച്ചയം കെട്ടിപ്പൊക്കാനായതെന്ന് അദ്ദേഹം പറഞ്ഞു.
കേരള മോഡൽ വിദ്യാഭ്യാസം ഇതര സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള ഹാദിയ പദ്ധതിയുടെ ഭാഗമാണിതെന്ന് അബ്ബാസലി തങ്ങൾ പറഞ്ഞു. തണൽ ചാരിറ്റബിൾ ട്രസ്റ്റ് ഖുർത്വുബ ഫൗണ്ടേഷന് കീഴിൽ നിർമിക്കുന്ന സ്പെഷൽ സ്കൂൾ പി.വി അബ്ദുൽ വഹാബ് എം.പിയും ഓഫിസ് അബ്ബാസലി ശിഹാബ് തങ്ങളും ക്ലാസ് മുറികൾ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ട്രഷറർ കൊയ്യോട് ഉമർ മുസ്‌ലിയാരും ലൈബ്രറി ദാറുൽഹുദ വൈസ് ചാൻസലർ ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വിയും ഫാക്കൽറ്റി ലോഞ്ച് മുഫ്തി മുതീഉ റഹ്മാനും അംജദ് ടീച്ചിങ് ലേണിങ് റിസോഴ്സ് റൂം ഡോ. മുഫ്തി അംജദ് റസയും കമ്പ്യൂട്ടർ ലാബ് കേരള മദ്റസ ക്ഷേമനിധി ബോർഡ് ചെയർമാൻ സൂര്യ ഗഫൂറും ഹാദിയ ഓഫിസ് ദാറുൽ ഹുദ ജനറൽ സെക്രട്ടറി യു. ശാഫി ഹാജിയും ഉദ്ഘാടനം ചെയ്തു. പ്രയാൺ ഫൗണ്ടേഷൻ ബ്രൈറ്റ് ഇന്ത്യാ ഫൗണ്ടേഷനുമായി സഹകരിച്ച് നടത്തുന്ന വിദ്യപ്രഭ എന്ന പരിപാടിയുടെ ലോഞ്ചിങ് ബിഹാറിലെ കോചദാമൻ എം.എൽ.എ ഇസ്ഹാർ അസ്‌ഫി നിർവഹിച്ചു. എം.എൽ.എമാരായ അൻസർ നഈമി, അഖ്തറുൽ ഈമാൻ, കേരളത്തിൽ നിന്നുള്ള എ.പി ഉണ്ണികൃഷ്ണൻ, എം.സി ഖമറുദ്ദീൻ എന്നിവരും സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

