ചോദ്യപേപ്പർ മോഷ്ടാവിനെ പിടികൂടാനായില്ല; പുനഃപരീക്ഷക്ക് ചെലവായ 38 ലക്ഷം അധ്യാപകരിൽനിന്ന് ഈടാക്കുന്നു
text_fieldsതിരുവനന്തപുരം: സ്കൂളിൽനിന്ന് ചോദ്യപേപ്പർ പാക്കറ്റുകൾ കവർന്നതുകാരണം പുനഃപരീക്ഷ നടത്താൻ ചെലവായ 38 ലക്ഷം രൂപ അധ്യാപകരിൽനിന്ന് ഈടാക്കാൻ വിദ്യാഭ്യാസ വകുപ്പ്. മലപ്പുറം കുഴിമണ്ണ ജി.എച്ച്.എസ്.എസിൽനിന്ന് 2020 ഡിസംബറിൽ ഒന്നാം വർഷ ഹയർസെക്കൻഡറി സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷയുടെ ഇംഗ്ലീഷ്, ഇക്കണോമിക്സ്, അക്കൗണ്ടൻസി വിത്ത് എ.എഫ്.എസ് എന്നിവയുടെ പത്ത് വീതം ചോദ്യപേപ്പർ പാക്കറ്റുകളാണ് മോഷണം പോയത്.
സംഭവത്തിൽ സ്കൂൾ പ്രിൻസിപ്പൽ ഡി. ഗീത, ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരായ ടി. മുഹമ്മദലി (ചുള്ളിക്കോട് ജി.എച്ച്.എസ്.എസ്), കെ. മഹറൂഫ് അലി (ഒഴുകൂർ ക്രസൻസ് എച്ച്.എസ്.എസ്), നൈറ്റ് വാച്ച്മാനായ ടി. അബ്ദുസ്സമദ് എന്നിവരെ സർവിസിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു.
ചോദ്യപേപ്പർ മോഷണം പോയതിനെതുടർന്ന് പരീക്ഷ മാറ്റിവെക്കുകയും പിന്നീട് പുനഃപരീക്ഷ നടത്തുകയും ചെയ്തു. പുനഃപരീക്ഷ നടത്താൻ 38,30,772 രൂപ ചെലവായെന്നും ഇത് ഉത്തരവാദികളായ നാലുപേരിൽനിന്ന് തിരിച്ചുപിടിക്കാനുമാണ് സർക്കാർ നിർദേശം. ഇതുസംബന്ധിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഹയർസെക്കൻഡറി ഫിനാൻസ് വിഭാഗം സീനിയർ ഓഫിസറെ ചുമതലപ്പെടുത്തി പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിട്ടു. രാത്രി ചോദ്യപേപ്പർ മോഷണം പോയ സംഭവത്തിൽ പരീക്ഷ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട മറ്റ് രണ്ട് സ്കൂളിലെ അധ്യാപകരിൽനിന്ന് ഉൾപ്പെടെ നഷ്ടപരിഹാരം ഈടാക്കുന്നതിനെതിരെ അധ്യാപക സംഘടനകൾ രംഗത്തുവന്നിട്ടുണ്ട്.
മോഷ്ടാവിനെ പിടിക്കുന്നതിൽ സർക്കാർ സംവിധാനങ്ങൾ പരാജയപ്പെട്ടപ്പോൾ ഉത്തരവാദിത്തം അധ്യാപകരുടെ തലയിൽ വെച്ചുകെട്ടുകയാണെന്നും സംഘടനകൾ പറയുന്നു. സംസ്ഥാനത്ത് ഇനി ഏതെങ്കിലും ഓഫിസിൽ മോഷണം നടന്നാൽ ഓഫിസ് മേധാവിയോ വകുപ്പ് മേധാവിയോ നഷ്ടം നികത്തേണ്ടിവരുമോ എന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കണമെന്ന് എ.എച്ച്.എസ്.ടി.എ ജനറൽ സെക്രട്ടറി എസ്. മനോജ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

