ആശമാരുടെ അഭിമാനം ഉയർത്തിയ പ്രക്ഷോഭം സമരം ശക്തമായി തുടരും- ആശ അസോസിയേഷൻ
text_fieldsതിരുവനന്തപുരം: സമൂഹത്തിൽ ആശവർക്കർമാരുടെ അഭിമാനമുയർത്തിയ രാപകൽ സമരവും അതിശക്തമായ അവകാശ പോരാട്ടവും തുടരാൻ തിരുവനന്തപുരത്ത് ചേർന്ന കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു. സെക്രട്ടേറിയറ്റ് പടിക്കൽ നടക്കുന്ന രാപകൽ സമരം 64 ദിവസവും നിരാഹാര സമരം 25 ദിവസവും പിന്നിടുകയാണ്. രണ്ട് മാസമായി തുടരുന്ന സമരത്തിൻറെ പുരോഗതി വിലയിരുത്താൻ ചേർന്ന യോഗത്തിലാണ് തീരുമാനം.
ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം നൽകുക തുടങ്ങിയ വളരെ പ്രധാനപ്പെട്ട ആവശ്യങ്ങൾ അംഗീകരിക്കാൻ സർക്കാർ തയാറായിട്ടില്ല. സമരം കൂടുതൽ ശക്തമാക്കണമെന്ന് സംസ്ഥാന കമ്മിറ്റി അംഗങ്ങൾ ഒറ്റക്കെട്ടായി അഭിപ്രായപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് വി.കെ. സദാനന്ദന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ 64 ദിവസത്തെ സമര പ്രവർത്തനങ്ങളുടെ റിപ്പോർട്ടും വരവ് -ചെലവ് കണക്കും ജനറൽ സെക്രട്ടറി എം.എ. ബിന്ദു അവതരിപ്പിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എസ്. മിനി, കെ.പി. റോസമ്മ, ബിനി സുദർശൻ, ബീന മോഹൻ, രേണുക ജി. കണിച്ചുകുളങ്ങര, പി.ഷൈനി, വിജി മോഹൻ, സുജ ആൻറണി, കെ.എം. ബീവി, എ. സജീന, റോസ്‌ലി തുടങ്ങി വിവിധ സംസ്ഥാന - ജില്ലാ നേതാക്കൾ പങ്കെടുത്തു.
2025- 26 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റിൽ ആശ വർക്കർമാർക്ക് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാരെ ആദരിക്കും. ഏപ്രിൽ 21 ന് സമരവേദിയിൽ സംഘടിപ്പിക്കുന്ന പരിപാടിയിലാണ് ആശമാർ ആദരം അർപ്പിക്കുന്നത്. കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ അദ്ധ്യക്ഷന്മാരെ നേരിട്ട് ക്ഷണിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് വി.കെ. സദാനന്ദൻ, ജനറൽ സെക്രട്ടറി എം.എ. ബിന്ദു എന്നിവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

