ഷാരോൺ കേസിൽ പ്രോസിക്യൂഷൻ മറികടന്നത് നിരവധി വെല്ലുവിളികൾ
text_fieldsതിരുവനന്തപുരം: ദൃക്സാക്ഷികളില്ലാത്ത പാറശ്ശാല ഷാരോൺ കേസിൽ പ്രതികൾക്ക് പ്രോസിക്യൂഷൻ ശിക്ഷ വാങ്ങിക്കൊടുത്തത് വെല്ലുവിളികളെ മറികടന്ന്.
പൊലീസിന്റെ പഴുതടച്ച അന്വേഷണവും പ്രോസിക്യൂഷന്റെ യുക്തിഭദ്ര വാദവും വിചാരണയിൽ നിർണായകമായി. ആദ്യഘട്ടത്തിൽ തന്നെ ഫലപ്രദമായി തെളിവ് ശേഖരിച്ച പൊലീസിന്റെയും തെളിവുകൾ കൃത്യമായി കോടതിയിൽ അവതരിപ്പിച്ച പ്രോസിക്യൂഷന്റെയും കൂട്ടായ പ്രവർത്തനത്തിന്റെ വിജയമാണ്. 2022 ഒക്ടോബർ 14നായിരുന്നു ഷാരോണ്‍ കഷായം കുടിച്ചത്. ദേഹാസ്വാസ്ഥ്യമുണ്ടായ ഷാരോണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് 11 ദിവസത്തിന് ശേഷം 25ന് മരിച്ചു. 27ന് മകന്റെ അസ്വാഭാവിക മരണത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ഷാരോണിന്റെ പിതാവ് പാറശ്ശാല പൊലീസില്‍ പരാതി നല്കി. 29ന് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി.
തിരുവനന്തപുരം റൂറൽ എസ്.പിയായിരുന്ന ഡി. ശിൽപ രൂപവത്കരിച്ച സ്പെഷൽ ടീമാണ് കേസന്വേഷിച്ചത്. എസ്.പി എം.കെ. സുൽഫിക്കർ, ഡിവൈ.എസ്.പിമാരായ കെ.ജെ. ജോൺസൺ, വി.ടി. റാസിത്ത്, പാറശ്ശാല ഇൻസ്പെക്ടർ സജി എന്നിവർ അന്വേഷണത്തിന് നേതൃത്വം നൽകി. സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ വി.എസ്. വിനീത് കുമാർ, അഡ്വ. അൽഫാസ് മഠത്തിൽ, അഡ്വ. നവനീത് കുമാർ എന്നിവർ പ്രോസിക്യൂഷന് വേണ്ടി ഹാജരായി.
തുടക്കം മുതൽ സങ്കീർണമായിരുന്നു ഈ കേസെന്ന് പ്രമാദമായ പൂവാർ തിരോധാന കേസ് ഉൾപ്പെടെ തെളിയിച്ച അന്വേഷണ ഉദ്യോഗസ്ഥൻ ജോൺസൺ പറയുന്നു. കാസർകോട് ഡി.സി.ആർ.ബി ഡിവെ.എസ്.പിയായ അദ്ദേഹം വിധി കേൾക്കാൻ കോടതിയിലെത്തിയിരുന്നു. തിരുവനന്തപുരം ഊരൂട്ടുമ്പലത്തുനിന്നും 11 വർഷം മുമ്പ് കാണാതായ ദിവ്യ എന്ന വിദ്യയെയും മകൾ ഗൗരിയെയും കൊലപ്പെടുത്തിയ കേസും അടുത്തിടെ കാസർകോട് പൂച്ചക്കാട്ടെ പ്രവാസി വ്യവസായി ഗഫൂർ ഹാജിയുടെ മരണവും തെളിയിച്ച അന്വേഷണ ഉദ്യോഗസ്ഥാണ് ജോൺസൺ.
ഷാരോൺ കേസന്വേഷണത്തിൽ തുടക്കം മുതൽ പൊലീസ് ഏറെ വെല്ലുവിളികൾ നേരിട്ടതായി ജോൺസൺ പറഞ്ഞു. ദൃക്സാക്ഷികളില്ലാത്ത കേസിൽ ശാസ്ത്രീയ തെളിവുകൾ പിന്തുടർന്നതിനാൽ അന്വേഷണത്തിനൊടുവിൽ കുറ്റക്കാരിലേക്ക് എത്താനായി. പ്രാഥമികഘട്ടത്തിൽ ഗ്രീഷ്മയുടെ മൊഴികൾ പരസ്പരവിരുദ്ധവും വൈരുദ്ധ്യം നിറഞ്ഞതുമായിരുന്നു. അതിനാൽ ആദ്യംതന്നെ ആ വഴിക്കായിരുന്നു അന്വേഷണം.
പ്രണയിച്ച് നടന്ന ഒരാളുടേതുപോലെ ആയിരുന്നില്ല ഗ്രീഷ്മയുടെ സംസാരം. അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി ആദ്യ അഞ്ച് ദിവസം കൊണ്ടുതന്നെ ഷാരോണിന്റെ മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കി. മൊബൈൽ ചാറ്റുകളും മെസേജുകളും ഫോൺ വിളി വിശദാംശങ്ങളും പരിശോധിച്ചപ്പോൾ ചിലകാര്യങ്ങളിൽ സംശയം തോന്നിയിരുന്നു. ഗ്രീഷ്മ മുമ്പും ഷാരോണിനെ കൊലപ്പെടുത്താൻ ശ്രമിച്ച് പരാജയപ്പെട്ടതാണെന്നും അന്വേഷണത്തിൽ മനസ്സിലായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

