Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമരുന്ന് പ്രതിസന്ധി...

മരുന്ന് പ്രതിസന്ധി എന്ന പ്രചാരണം അടിസ്ഥാന രഹിതം- വീണാ ജോര്‍ജ്

text_fields
bookmark_border
മരുന്ന് പ്രതിസന്ധി എന്ന പ്രചാരണം അടിസ്ഥാന രഹിതം- വീണാ ജോര്‍ജ്
cancel
Listen to this Article

കോഴിക്കോട്: സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയില്‍ മരുന്ന് പ്രതിസന്ധി എന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് മന്ത്രി വീണാ ജോര്‍ജ്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നിയമസഭയില്‍ ഉന്നയിച്ച സബ്മിഷനുള്ള മറുപടി പറയുകയായിരുന്നു മന്ത്രി.

മരുന്ന് ലഭ്യത ഉറപ്പാക്കുന്നതിനു വേണ്ടി പ്രത്യേക ക്രമീകരണങ്ങള്‍ ചെയ്തു. മരുന്ന് ലഭ്യത ഉറപ്പാക്കാനും, വിതരണം സുഗമമാക്കാനും മേല്‍നോട്ടം വഹിക്കാന്‍ പ്രത്യേക ടീമിനെ നിയോഗിക്കാന്‍ കെ.എം.എസ്.സി.എല്‍-നോട് ആവശ്യപ്പെട്ടു. ആരോഗ്യ വകുപ്പ് ഡയറക്‌ടറേറ്റിലും, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്‌ടറേറ്റിലും ഏകോപനത്തിനും ഇടപെടലിനും പരിശോധനക്കുമായി പ്രത്യേക നോഡല്‍ ഓഫീസര്‍മാരെ നിയോഗിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.

തുടര്‍ച്ചയായി ആരോഗ്യ വകുപ്പ്, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ്, വകുപ്പ് തലവന്മാര്‍, ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ വിശദമായ അവലോകന യോഗങ്ങള്‍ നടത്തി. ജില്ലകളില്‍ ഡെപ്യുട്ടി ഡി.എം.ഒ മാര്‍ക്ക് പ്രത്യേക ചുമതല നല്‍കി. മെഡിക്കല്‍ കോളേജുകളില്‍ ആര്‍.എം.ഒ-മാരെ ചുമതലപ്പെടുത്തി. മരുന്നുകള്‍ ഉപയോഗിക്കാത്തിരുന്നിടത്ത് നിന്ന് ആവശ്യമുള്ളിടത്തേയ്ക്ക് എത്തിക്കുന്നുവെന്നും വാര്‍ഷിക ഇന്‍ഡന്റിനേക്കാള്‍ ആവശ്യമെങ്കില്‍ അധികമായി ഉപഭോഗം ഉണ്ടായ ഇടങ്ങളില്‍ മരുന്നുകള്‍ അഡീഷണല്‍ ഇന്‍ഡന്റിലൂടെ ടെണ്ടര്‍ വിലയ്ക്ക് തന്നെ വാങ്ങി ലഭ്യമാക്കുന്നുവെന്നും ഉറപ്പാക്കി. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിലൂടെ 69 കോടി രൂപ ആശുപത്രികള്‍ക്കായി അനുവദിച്ചിട്ടുണ്ട്.

സാധാരണ ഗതിയില്‍ ഓരോ വര്‍ഷത്തെയും ടെണ്ടര്‍ ക്വാണ്ടിറ്റിയുടെ അവസാനത്തെ ഷെഡ്യൂള്‍ ആ സാമ്പത്തിക വര്‍ഷം കഴിഞ്ഞ് ഏകദേശം ആഗസ്റ്റ് മാസം വരെയുള്ള ഉപയോഗത്തിന് വേണ്ടിയുള്ളതാണ്. ഈ സാമ്പത്തിക വര്‍ഷത്തെ മരുന്ന് സംഭരണ വിതരണത്തിനുള്ള നടപടികള്‍ ആരംഭിച്ചത് 2021 ഒക്‌ടോബര്‍ മാസത്തിലാണ്. കോവിഡ് മഹാമാരിയുടെ സാഹചര്യത്തില്‍ 2020-21 വര്‍ഷത്തിലും 2021-22 വര്‍ഷത്തിലും ഡിസംബര്‍ മാസത്തിലാണ് ടെണ്ടര്‍ ക്ഷണിച്ചിട്ടുള്ളത്. 2023-24 സാമ്പത്തിക വര്‍ഷത്തേയ്ക്കുള്ള മരുന്ന് വിതരണ നടപടികള്‍ ആണ് ഈ വര്‍ഷം നടക്കുന്നത്. ഈ വര്‍ഷത്തെ ടെണ്ടറിന്റെ പര്‍ചേസ് ഓര്‍ഡറുകള്‍ നല്‍കുകയും, ആദ്യ ഷെഡ്യൂൾ അനുസരിച്ചുള്ള മരുന്ന് ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്.

വരും വര്‍ഷങ്ങളില്‍ മരുന്ന് സംഭരണ വിതരണം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് വേണ്ടി വാര്‍ഷിക ഇന്‍ഡന്റ് തയാറാക്കുന്നത് മുതല്‍ മരുന്നുകള്‍ വിതരണം ചെയ്യുന്നത് വരെയുള്ള പ്രക്രിയ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് സംഭരണ വിതരണങ്ങളുടെ സമയം നിജപ്പെടുത്തുന്ന കലണ്ടര്‍ ഉടന്‍ പ്രാബല്യത്തില്‍ വരുത്തും.

ആഗസ്റ്റ് മാസത്തില്‍ തന്നെ അടുത്ത സാമ്പത്തിക വര്‍ഷത്തെ (2023-24) മരുന്ന് സംഭരണ നടപടികള്‍ ആരംഭിക്കും. മരുന്നുകള്‍ പൂര്‍ണമായി തീര്‍ന്നിട്ട് അടുത്ത ഷെഡ്യൂൾ ആവശ്യപ്പെടുന്നത് ഒഴിവാക്കി, ലഭ്യമായ മരുന്നിന്റെ ഒരു നിശ്ചിത ശതമാനം ഉപയോഗിച്ച് തീരുമ്പോള്‍ തന്നെ കെ.എം.എസ്.സി.എല്‍-നെ ഇക്കാര്യം ആശുപത്രികള്‍ അറിയിക്കുന്ന രീതിയും സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Select A Tag
News Summary - The propaganda of drug crisis is baseless- Veena George
Next Story