മലയാളത്തിന് തിരിച്ചടി; അച്ചടിമേഖല കേരളംവിടുന്നു
text_fieldsകോഴിക്കോട്: അച്ചുകൾ നിരത്തി മലയാളം അച്ചടിച്ചിരുന്ന കാലമുണ്ടായിരുന്നു കേരളത്തിന്. കമ്പ്യൂട്ടർ യുഗമായതോടെ കല്ലച്ചു പോയി ഡി.ടി.പിയും ഒാഫ്സെറ്റ് പ്രസുകളും വ്യാപകമായി. നാട്ടിൻപുറങ്ങളിലെല്ലാം നോട്ടീസും ക്ഷണക്കത്തുമൊക്കെ ചെറുപ്രസുകളിൽ അച്ചടിച്ചു.
ബഹുവർണ പോസ്റ്ററുകളും മറ്റും അന്നും കേരളത്തിന് പുറത്തായിരുന്നു അച്ചടി. ഡിജിറ്റൽ വിപ്ലവം വ്യാപകമായതോെട അച്ചടിമേഖല കൂടുതൽ ക്ഷീണിച്ചു. കോവിഡ് കാലം കൂനിന്മേൽ കുരുവായി.
നിലവിൽ മലയാളം അച്ചടിയുടെ വലിയൊരു പങ്ക് ഇതര സംസ്ഥാനങ്ങളിലാണ്. ഇതിൽതന്നെ ഭൂരിഭാഗവും ശിവകാശിയിൽ. സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങൾ പുറത്തിറക്കുന്ന പുസ്തകങ്ങൾ, നോട്ടീസുകൾ, അറിയിപ്പുകൾ തുടങ്ങി കൂടുതൽ പ്രിൻറുകൾ ആവശ്യമുള്ളവയെല്ലാം ശിവകാശിയിലാണ്. കൂടാതെ, തെരഞ്ഞെടുപ്പ് കാലങ്ങളിൽ നോട്ടീസുകൾ, പ്രചാരണ പോസ്റ്ററുകൾ എന്നിവയെല്ലാം ശിവകാശിയിലാണ് അച്ചടിക്കുന്നത്. ഇപ്പോൾ മാറ്ററുകൾ മെയിൽ ചെയ്താൽ മതിയെന്ന സൗകര്യവുമുണ്ട്.
കോട്ടയത്തെ സി.എം.എസ് പ്രസായിരുന്നു കേരളത്തിലെ ആദ്യ അച്ചടിശാല. ബെഞ്ചമിൻ ബെയ്ലി എന്ന ബ്രിട്ടീഷ് മിഷനറി പരിഭാഷപ്പെടുത്തി 1824ൽ അച്ചടിച്ച, 'ചെറുപൈതങ്ങൾക്ക് ഉപകാരാർഥം ഇംഗ്ലീഷിൽ നിന്ന് പരിഭാഷപ്പെടുത്തിയ കഥകൾ' എന്ന പുസ്തകമാണ് കേരളത്തിൽ അച്ചടിച്ച ആദ്യ മലയാള പുസ്തകം.
കേരളത്തിൽ ചെറുകിട അച്ചടിമേഖല ഇന്ന് പട്ടിണിയിലാണ്. സംസ്ഥാനത്തെ 4,000ത്തോളം അച്ചടിശാലകളും ലക്ഷത്തോളം ജീവനക്കാരും അവരെ ആശ്രയിച്ചു കഴിയുന്ന അഞ്ചു ലക്ഷം കുടുംബാംഗങ്ങളും ദുരിതമനുഭവിക്കുകയാണ്.
തെരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ പാർട്ടികളുടെ പോസ്റ്ററുകളും മറ്റും ലഭിക്കുമെന്ന് പ്രതീക്ഷിക്കുമെങ്കിലും എല്ലാ തവണയും അത് ശിവകാശിയിലേക്കാണ് പോകാറുള്ളതെന്ന് കേരള പ്രിേൻറഴ്സ് അസോസിയേഷൻ ജില്ല പ്രസിഡൻറ് സി. ഉല്ലാസ് പറഞ്ഞു. ജി.എസ്.ടി കൂടി വന്നതോടെ ബിൽ ബുക്കുകൾ അച്ചടിക്കുന്നത് അവസാനിച്ചു. കോവിഡ് കാലമായതോെട, കല്യാണ ക്ഷണക്കത്തുകളും ഇല്ലാതായി. മറ്റു പരിപാടികളും ഉത്സവങ്ങളും ഇല്ലാതായതോടെ ആ വകയിൽ ലഭിക്കേണ്ട നോട്ടീസുകളും ലഭിക്കാതായി. കോഴിക്കോട് മാത്രം 15ഓളം അച്ചടിശാലകൾ അടച്ചു പൂട്ടേണ്ടിവന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ശിവകാശിയിലും മറ്റും പേപ്പർ നിർമിക്കുന്നതിനൊപ്പം സ്വന്തമായി അച്ചടിമഷിയും ഉണ്ടാക്കുന്നുണ്ട്. തൊഴിലാളികൾക്ക് കൂലി കുറവായതിനാൽ അവിടെ കുറഞ്ഞ ചെലവിൽ അച്ചടിക്കാൻ സാധിക്കുന്നു.
അതേസമയം, കേരളത്തിൽ പുറത്തുനിന്ന് പേപ്പർ കൊണ്ടുവരുകയും ബ്രാൻഡഡ് കമ്പനികളുടെ മഷി ഉപയോഗിക്കുകയും ചെയ്യുേമ്പാൾ അച്ചടിക്ക് ചെലവ് കൂടുകയാണ്. ഇതാണ് പലരെയും കേരളത്തിനു പുറത്തേക്ക് നയിക്കുന്നത്.