പുൽവാമയിൽ വീരമൃത്യുവരിച്ച ജവാന്മാരുടെ പേരിൽ വോട്ട് ചോദിക്കാൻ ലജ്ജയില്ലാതിരുന്ന പ്രധാനമന്ത്രി മറുപടി പറയണം -എം.കെ. രാഘവൻ എം.പി
text_fieldsപുൽവാമയിലെ വീരമൃത്യുവരിച്ച ജവാന്മാരെ കാണിച്ച് തനിക്ക് വോട്ട് ചെയ്യണമെന്ന് പറയാൻ ലജ്ജയില്ലാതിരുന്ന പ്രധാനമന്ത്രി മുൻ കശ്മീർ ഗവർണറും ബി.ജെ.പി നേതാവുമായ സത്യപാൽ മലികിന്റെ ഗുരുതര ആരോപണത്തിന് മറുപടി പറയണമെന്ന് എം.കെ. രാഘവൻ എം.പി. അധികാരം നേടാൻ ജവാന്മാരുടെ വീരമൃത്യു പോലും ഉപയോഗിക്കപ്പെട്ടെന്ന ആരോപണം നേരിടുന്ന പ്രധാനമന്ത്രിയും അന്നത്തെ ആഭ്യന്തര മന്ത്രിയും ഇന്നത്തെ പ്രതിരോധ മന്ത്രിയും ദേശീയ സുരക്ഷാ ഉപദേഷ്‌ടാവും രാജിവെച്ച് സത്യസന്ധമായ അന്വേഷണം നേരിടുകയാണ് വേണ്ടതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. സൈനികരെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്ന ബി.ജെ.പി രാജ്യത്തിന് തീരാകളങ്കമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
ഹൃദയം നടുങ്ങുന്ന വേദനയോടെ രാജ്യം കേട്ട വാർത്തയായിരുന്നു 40 ധീര ജവാന്മാർക്ക് ജീവൻ നഷ്‌ടപ്പെട്ട 2019 ഫെബ്രുവരിയിലെ പുൽവാമ ഭീകരാക്രമണം. 300 കിലോഗ്രാം ആർ.ഡി.എക്സ് നിറച്ച വാഹനം 10-15 ദിവസം കശ്മീരിലൂടെ സഞ്ചരിച്ചു എന്നത് ഈ വിഷയത്തിൽ കേന്ദ്ര സർക്കാരിന്റെ വീഴ്ചയാണെന്ന് അന്ന് തന്നെ കോൺഗ്രസ് ശക്തമായി ഉയർത്തിയതാണ്.
പുൽവാമ ഭീകരാക്രമണം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഗുരുതര വീഴ്ചയാണെന്ന് കശ്മീരിലെ അവസാന ഗവർണർ സത്യപാൽ മലിക് തന്നെ വെളിപ്പെടുത്തുമ്പോൾ ഈ വീഴ്ച മറച്ചുവെക്കാൻ പ്രധാനമന്ത്രി തന്നോട് ആവശ്യപ്പെട്ടെന്നും സത്യപാൽ മലിക് ആവർത്തിക്കുമ്പോൾ കോൺഗ്രസ് അന്ന് ഉയർത്തിയ ആരോപണം ശരിവെക്കുന്നതും ഏറെ ഞെട്ടൽ ഉണ്ടാക്കുന്നതുമായ കാര്യമാണ് പുറത്ത് വന്നിരിക്കുന്നത്.
തൊട്ടടുത്ത തെരഞ്ഞെടുപ്പിൽ പുൽവാമയിലെ വീരമൃത്യുവരിച്ച ജവാന്മാരെ കാണിച്ച് തനിക്ക് വോട്ട് ചെയ്യണം എന്ന് പറയാൻ ലജ്ജയില്ലാതിരുന്ന പ്രധാനമന്ത്രി അദ്ദേഹത്തിന്റെ സർക്കാർ കാശ്മീരിന് ശേഷം ഗോവയിലും മേഘാലയയിലും ഗവർണറായി നിശ്ചയിച്ച ബി.ജെ.പിയുടെ ദേശീയ വൈസ് പ്രസിഡന്റായിരുന്ന ആളുടെ ഗുരുതര ആരോപണത്തിന് മറുപടി പറയാൻ ബാധ്യസ്ഥനാണ്.
അധികാരം നേടാൻ പാവനമായ ജവാന്മാരുടെ വീരമൃത്യു പോലും ഉപയോഗിക്കപ്പെട്ടു എന്ന് ആരോപണം നേരിടുമ്പോൾ പ്രധാന മന്ത്രിയും അന്നത്തെ ആഭ്യന്തര മന്ത്രിയും ഇന്നത്തെ പ്രതിരോധ മന്ത്രിയും ദേശീയ സുരക്ഷാ ഉപദേഷ്‌ടാവും രാജിവെച്ച് സത്യ സന്ധമായ അന്വേഷണം നേരിടുകയാണ് വേണ്ടത്.
കേവല രാഷ്ട്രീയ ചർച്ചക്കപ്പുറം ഇന്ത്യാ രാജ്യം അത്യന്തം ഗൗരവത്തോടെ കാണേണ്ട വെളിപ്പെടുത്തലാണ് ഇത്. പ്രധാനമന്ത്രിയും കേന്ദ്ര സർക്കാരും മറുപടി പറഞ്ഞേ തീരൂ. സൈനികരെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്ന ബി.ജെ.പി രാജ്യത്തിന് തീരാകളങ്കമാണ്. പുൽവാമയിൽ വീരമൃത്യു വരിച്ച ജവാന്മാർക്ക് ഹൃദയത്തിൽ നിന്നും സ്മരണാഞ്ജലികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

