മൂന്നുമാസത്തിലൊരിക്കൽ വില മാറും
text_fieldsതിരുവനന്തപുരം: സപ്ലൈകോയിൽ സബ്സിഡി സാധനങ്ങളുടെ വില മൂന്നുമാസത്തിലൊരിക്കൽ മാറും. വിപണിവിലയുടെ 35 ശതമാനം സബ്സിഡി എന്ന നിലയിൽ ക്രമീകരിക്കാനും മൂന്നു മാസം കൂടുമ്പോൾ വില പുനഃക്രമീകരിക്കാനുമാണ് മന്ത്രിസഭ തീരുമാനിച്ചത്. പൊതുവിപണിയിൽ വില കൂടുന്നതിന് അനുസരിച്ച് സബ്സഡി സാധനങ്ങളുടെ വിലയും കൂടും. ഇതുവരെ പൊതുവിപണിയിലെ വില സബ്സിഡി ഇനങ്ങളെ ബാധിക്കില്ലായിരുന്നു.
വില വർധനയെ ന്യായീകരിച്ച ഭക്ഷ്യ മന്ത്രി ജി.ആർ. അനിൽ വർധനക്ക് ശേഷവും സപ്ലൈകോയിൽനിന്ന് വാങ്ങിയാൽ 506 രൂപയുടെ കുറവുണ്ടാകുമെന്ന് അവകാശപ്പെട്ടു. നയപരമായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് വില വർധിപ്പിക്കാതിരുന്നത്. ഇനി അങ്ങനെ മുന്നോട്ടുപോകാനാകാത്ത സാഹചര്യമാണ്. സപ്ലൈകോ തുറന്നുവെച്ചിട്ട് ഒന്നും ഇല്ലാതെ ഇരിക്കുന്നതിനെക്കാൾ നല്ലത് ചെറിയ വർധന വരുത്തി നിലനിർത്തുന്നതാണ്. സപ്ലൈകോക്ക് 1525 കോടി നൽകാനുണ്ട്. കൂടുതൽ ഭാരം ഏറ്റെടുക്കാനാവില്ല. സാഹചര്യം അനുകൂലമായിരുന്നെങ്കിൽ ഇതിലും നന്നായി ചെയ്യുമെന്നും മന്ത്രി തുടർന്നു.

