തിളച്ച് അരി വില; പൊള്ളി ജനം
text_fieldsകോഴിക്കോട്: മലയാളിയുടെ ചോറിൽ കല്ലിട്ട് അരി വില തിളച്ചുപൊങ്ങുന്നു. ഒന്നര മാസത്തിനിടെ 10 മുതൽ 15 രൂപയുടെ വരെയാണ് അരിവില വർധിച്ചത്. ആന്ധ്ര അടക്കം ഇതര സംസ്ഥാനങ്ങളിൽ ഉൽപാദനം കുറഞ്ഞതും വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ ഇടപെടാത്തതുമാണ് വിലക്കയറ്റത്തിന്ന് ആക്കം കൂട്ടുന്നത്. 45 ദിവസത്തിനിടെ 20 ശതമാനം വരെ വിലക്കയറ്റമാണ് അരിക്ക് ഉണ്ടായത്. കോഴിക്കോട് വലിയങ്ങാടിയിൽ ബംഗാൾ കുറുവക്ക് 31.50 ൽ നിന്ന് 37.50 ആയി. ചില്ലറ മാർക്കറ്റിൽ ഇത് 40 കടന്നു.
ആന്ധ്ര കുറുവ 33- 34ൽ നിന്ന് 42-44 ആയി. ചില്ലറ മാർക്കറ്റിൽ 48 ആണ് വില. പഴയ സ്റ്റോക്ക് ഉള്ള വ്യാപാരികൾ മാത്രമാണ് ഇതിൽ കുറച്ചു വിൽക്കുന്നത്. വെള്ള കുറുവ വില 38- 39ൽ നിന്ന് 45ന് മുകളിലേക്ക് ഉയർന്നു. പൊന്നി 42.50 ൽ നിന്ന് 48.50 ഉം 49 ഉം ആയി. ചില്ലറ വിപണിയിൽ 50ന് മുകളിലാണ് വില. പച്ചരി വില 22ൽ നിന്ന് 33 ലേക്ക് കുതിച്ചു. ജയ 35ൽ നിന്ന് 46 ആയി. വരും മാസങ്ങളിൽ വില ഇനിയും വർധിക്കുമെന്നും വ്യാപാരികൾ പറയുന്നു.
ധാന്യങ്ങളുടെ വിലയും കുതിച്ചുയർന്നിട്ടുണ്ട്. പരിപ്പ് 120ൽ നിന്ന് 160 ആയി. ചെറുപയർ 100ൽ നിന്ന് 125- 130 വരെയായി. മുതിര 50- 60 നിന്ന് 100 ലെത്തി. വൻപയർ 70 രൂപയിൽ നിന്ന് 110 ലേക്ക് കുതിച്ചു. ചെറിയ ജീരകം രണ്ടു മാസം മുമ്പ് 270 രൂപയായിരുന്നെങ്കിൽ ഇപ്പോൾ 800 രൂപ കൊടുക്കണം. വലിയ ജീരകം 200ൽ നിന്ന് 400 ആയി. കൈപൊള്ളുന്ന വിലയിൽ വിപണിയിൽ അരി വാങ്ങാനെത്തുന്നവരും കുറഞ്ഞു.
മാർക്കറ്റിൽ ചരക്കുനീക്കം വളരെ കുറവാണെന്ന് കോഴിക്കോട്ടെ പ്രധാന മൊത്ത അരിവ്യാപാര കേന്ദ്രമായ വലിയങ്ങായിടിയിലെ വ്യാപാരികൾ പറയുന്നു. ഇതര സംസ്ഥാനങ്ങളിലെ കൃഷിക്കാർ കയറ്റുമതി ഇനങ്ങളിലേക്ക് തിരിഞ്ഞതാണ് കേരളത്തിൽ അരി വിലക്കയറ്റത്തിന് പ്രധാന കാരണം. സർക്കാർ വിപണിയിൽ ഇടപെടാത്തതും വിലക്കയറ്റത്തിന് ആക്കം കൂട്ടുന്നു.
റേഷൻ കടയിൽ അരിയുടെ വിഹിതം വെട്ടിക്കുറച്ചതും പൊതു വിപണിയെ ബാധിക്കുന്നുണ്ട്. മുൻഗണനേതര(എൻ.പി.എൻ.എസ്) വെള്ള കാർഡുകാർക്ക് പ്രതിമാസം ഏഴു മുതൽ 10 കിലോഗ്രാം വരെ റേഷൻ നൽകിയിരുന്നത് രണ്ടു കിലോ ആയി വെട്ടിക്കുറച്ചു. മാത്രമല്ല, മുൻഗണനാ വിഭാഗങ്ങൾക്ക് ലഭിക്കുന്നത് മട്ട അരിയും പച്ചരിയുമാണ്.
മാവേലി സ്റ്റോറുകളിൽ സബ്സിഡി ധാന്യങ്ങളുടെയും അരിയുടെയും വിതരണവും നാമമാത്രമാക്കിയതും വിലക്കയറ്റത്തിന് കാരണമാവുന്നു. ഇടത്തരം സാമ്പത്തിക ശേഷിയുള്ളവർക്കുപോലും താങ്ങാൻ കഴിയാത്തവിധം അവശ്യസാധനങ്ങളുടെ വില കുതിച്ചുയർന്നിട്ടും സർക്കാർ ഇടപെടാത്തത് പ്രതിഷേധത്തിനിടയാക്കുന്നുണ്ട്.
-
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

