ഊർജനിലയം ചർച്ചയാക്കി വൈദ്യുതി വകുപ്പ്; ഇത്രവേഗമെത്തുമോ തോറിയം റിയാക്ടർ?
text_fieldsപാലക്കാട്: കേരളതീരത്തുള്ള കരിമണലിലെ തോറിയം നിക്ഷേപസാധ്യതകളും തോറിയം അധിഷ്ഠിത ഊർജനിലയങ്ങളും ചർച്ചയാകുമ്പോഴും അവ വ്യവസായികാടിസ്ഥാനത്തിൽ പ്രവർത്തന സജ്ജമാകാൻ കാലമേറെ പിടിക്കും. തോറിയം അധിഷ്ഠിത ന്യൂക്ലിയര്‍ റിയാക്ടറുകളുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ ലോകത്ത് പലഭാഗത്തും നടക്കുന്നതേയുള്ളൂ. എന്നാൽ, തോറിയം റിയാക്ടർ സ്ഥാപിച്ച് ഊര്ജോൽപാദനത്തില് സുപ്രധാന നാഴികക്കല്ല് പിന്നിട്ട രാജ്യമാണ് ചൈന. തമിഴ്നാട്ടിലെ കല്പാക്കം മിനി റിയാക്ടറിലാണ് ബാബ അറ്റോമിക് റിസർച് സെന്ററിന്റെ (ബാർക്) മുൻകൈയിൽ ഇന്ത്യയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ തോറിയം അധിഷ്ഠിത ആണവനിലയം പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയിലെ ആദ്യ തോറിയം അധിഷ്ഠിത ആണവനിലയപരീക്ഷണമാണിത്.
200 ഗ്രാം സംസ്കരിച്ച തോറിയം ഉപയോഗിച്ച് 300 മെഗാവാട്ടിന്റെ സ്റ്റീം ടര്‍ബൈന്‍ 14 വര്‍ഷം തുടര്‍ച്ചയായി പ്രവര്‍ത്തിപ്പിക്കാമെന്നാണ് ബാബ അറ്റോമിക് റിസർച് സെന്ററിന്റെ പരീക്ഷണത്തില്‍ കണ്ടെത്തിയത്. കുറഞ്ഞ നിരക്കില്‍ വൈദ്യുതി ഉൽപാദിപ്പിക്കാന് കൽപാക്കം ആണവനിലയത്തിന് കേരളത്തില്‍നിന്നുള്ള തോറിയം സഹായകമാകുമെന്നാണ് വൈദ്യുതി വകുപ്പ് വിലയിരുത്തൽ. കേരളത്തില്‍ കൂടുതല്‍ തോറിയം നിക്ഷേപമുള്ളത് ചവറ തീരത്തെ കരിമണലിലാണ്.
കായംകുളം എന്‍.ടി.പി.സി നിലയത്തിന്റെ കൈവശം 1180 ഏക്കര്‍ ഭൂമിയുമുണ്ട്. ഈ ഭൂമി ഉപയോഗിക്കുന്നില്ല. ഈ ഭൂമി ഉപയോഗപ്പെടുത്തി ചെറുകിട തോറിയം ആണവപ്ലാന്റുകള്‍ സ്ഥാപിച്ചാല്‍ കുറഞ്ഞ ചെലവില്‍ ഊര്ജോൽപാദനം സാധ്യമായേക്കും. പക്ഷേ, പരിസ്ഥിതിവാദികളുടെ അടക്കം എതിര്‍പ്പ് സര്‍ക്കാറിന് നേരിടേണ്ടിവന്നേക്കാം.
കേരള തീരത്ത് രണ്ടു ലക്ഷം ടണ്‍ നിക്ഷേപം
ലോകത്തെ തോറിയം നിക്ഷേപത്തിന്റെ 90 ശതമാനവും ഇന്ത്യയിലാണ്. കേരള തീരത്തെ കരിമണലില്‍ രണ്ടു ലക്ഷം ടണ്‍ തോറിയം നിക്ഷേപമുണ്ടെന്നാണ് കണക്കാക്കുന്നത്. ഇത് വേർതിരിച്ചെടുത്ത് നിലയത്തിൽ എത്തിച്ചാൽ കുറഞ്ഞ നിരക്കിൽ വൈദ്യുതി ഉൽപാദിപ്പിക്കാനാവുമെന്നാണ് ഇതുസംബന്ധിച്ച് പഠിച്ച വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. 200 വർഷത്തേക്കുള്ള വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള തോറിയം കേരളത്തിലുണ്ടെന്നാണ് പഠനങ്ങൾ വെളിപ്പെടുത്തുന്നത്.
എന്തുകൊണ്ട് തോറിയം?
ഭൗമോപരിതലത്തില്‍ കാണപ്പെടുന്ന പ്രകൃതിദത്ത റേഡിയോ ആക്ടിവ് ലോഹമൂലകമാണ് തോറിയം. ഇവയെ വിഘടിപ്പിച്ച് ഇന്ധനമാക്കി പരിവര്ത്തനംചെയ്താണ് ഊര്ജോൽപാദനം സാധ്യമാവുന്നത്. സുലഭമായ ഇന്ധനമാണിത്. ഇതിന് സ്വാഭാവികമായി വിഘടനശേഷിയില്ല. എന്നാല്‍, വിഘടനശേഷിയുള്ള യുറേനിയം-233 ഉൽപാദിപ്പിക്കാൻ തോറിയത്തെ ഉപയോഗിക്കാം. ഇതിനെ ഊര്‍ജമാക്കി മാറ്റുകയും ചെയ്യാം.
സാധ്യതാറിപ്പോർട്ട് അടുത്ത മന്ത്രിസഭയിൽ
ആണവനിലയമല്ല, സംസ്ഥാനത്ത് തോറിയം നിലയം സ്ഥാപിക്കാനുള്ള സാധ്യതയാണ് പരിശോധിക്കുന്നതെന്ന് വൈദ്യുതിമന്ത്രി കെ. കൃഷ്ണൻകുട്ടി. ആണവനിലയവുമായി മുന്നോട്ടുപോകാൻ എൽ.ഡി.എഫ് സർക്കാറിന് എതിർപ്പുണ്ട്. അതിനാൽ തോറിയം നിലയങ്ങൾ സ്ഥാപിക്കുന്നതിനുള്ള പൊതുജനാഭിപ്രായം തേടും. സംസ്ഥാനത്ത് വൈദ്യുതി ഉൽപാദനത്തിനായി തോറിയം നിലയങ്ങൾ ആരംഭിക്കാൻ ആലോചന തുടങ്ങിക്കഴിഞ്ഞു. വലിയ രീതിയിലുള്ള പഠനങ്ങൾ നടന്നിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് കാബിനറ്റ് നോട്ട് അടുത്ത ദിവസംതന്നെ മന്ത്രിസഭയിൽ സമർപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.
കേരളത്തിൽ തോറിയം ലഭ്യത കൂടുതലാണ്. അടുത്ത 200 വർഷത്തേക്ക് വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള തോറിയം തീരപ്രദേശത്തുണ്ട്. അത് കരിമണലാണ്. ഇതിൽ നിന്ന് തോറിയം വേർതിരിച്ച് യുറേനിയമാക്കി റിയാക്ടറുകളിലേക്ക് കൊണ്ടുവന്ന് വൈദ്യുതി ഉൽപാദിപ്പിക്കാം. പദ്ധതി വരുംതലമുറക്കായാണ്. ഇതിൽ രാഷ്ട്രീയമില്ല. വൈദ്യുതി ഉൽപാദനത്തിൽ സ്വയം പര്യാപ്തതക്കുവേണ്ടിയാണിതെന്നും മന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

