സിദ്ദീഖിന്‍റെ മരണകാരണം നെഞ്ചിലേറ്റ പരിക്കെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്; തലക്കും വാരിയെല്ലിനും പരിക്ക്
text_fieldsപ്രതികളായ ഷിബിലിയും ഫർഹാനയും, കൊല്ലപ്പെട്ട ഹോട്ടലുടമ സിദ്ദീഖ്
കോഴിക്കോട്: ഹോട്ടൽ മുറിയിൽ കൊല്ലപ്പെട്ട വ്യാപാരിയുടെ മരണം നെഞ്ചിനേറ്റ ആഘാതം കാരണമെന്ന് പ്രാഥമിക റിപ്പോർട്ട്. തലക്കും വാരിയെല്ലിനും പരിക്കേറ്റിട്ടുണ്ട്. ഇരുമ്പുദണ്ഡ് പോലുള്ള വസ്തുക്കൾ ഉപയോഗിച്ചാവാം തലക്ക് പരിക്കേൽപിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ തിരൂർ ഡിവൈ.എസ്.പി കെ.എം. ബിജു അറിയിച്ചു.
മൂന്നു കഷണങ്ങളാക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മെഡിക്കൽ കോളജ് സർജൻ ഡോ. സുജിത് ശ്രീനിവാസന്‍റെ നേതൃത്വത്തിൽ അഞ്ചര മണിക്കൂർ സമയമെടുത്താണ് പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയത്. ഉച്ചക്ക് മൂന്നിന് ആരംഭിച്ച നടപടി അവസാനിക്കുമ്പോൾ രാത്രി ഒമ്പതു മണിയോടടുത്തു.
അറുത്തുമാറ്റിയ ശരീരഭാഗങ്ങൾ തുന്നിച്ചേർത്താണ് കുടുംബത്തിന് കൈമാറിയത്. രാസപരിശോധന ഫലമടക്കം വിശദ റിപ്പോട്ട് ലഭിച്ചാലേ കൂടുതൽ വ്യക്തത ലഭിക്കുകയുള്ളൂ എന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. തിരൂർ കോരങ്ങോട് ജുമാമസ്ജിദ് ഖബർസ്ഥാനിലാണ് മൃതദേഹം ഖബറടക്കുക.