ഭരണപരിഷ്കാര കമീഷൻ ചെയർമാൻ സ്ഥാനം ആലോചനയിൽ ഇല്ലെന്ന് ജോസ് കെ. മാണി
text_fieldsകോട്ടയം: ഭരണപരിഷ്കാര കമീഷൻ ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കുന്നുവെന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച് ജോസ് കെ മാണി. അക്കാര്യം ആലോചനയിൽ ഇല്ല. അത്തരം ചർച്ചകളൊന്നും നടന്നിട്ടില്ല. നിലവിൽ പാർട്ടി ചുമതല വഹിക്കാനാണ് താൽപര്യമെന്നും വ്യാഴാഴ്ച രാവിലെ പാലായിലെ വസതിയിൽ ജോസ് കെ. മാണി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
യു.ഡി.എഫിലെ നിരവധി നേതാക്കൾ കേരളാ കോൺഗ്രസ് എമ്മിലേക്ക് വരാൻ താൽപര്യം അറിയിച്ചിട്ടുണ്ടെന്നും ജോസ് കെ. മാണി പറഞ്ഞു. ജനപിന്തുണയുള്ള നേതാക്കളാണ് നേരിട്ട് സമീപിച്ചത്. ഇക്കാര്യത്തിൽ നീക്കങ്ങൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ നേതാക്കളുടെ പേരുകൾ വെളിപ്പെടുത്താൽ ജോസ് കെ. മാണി തയ്യാറായിട്ടില്ല.
ഒരു മന്ത്രിസ്ഥാനം മാത്രം കേരള കോൺഗ്രസിന് നൽകിയപ്പോൾ തന്നെ ജോസ് കെ. മാണിക്ക് ഏതെങ്കിലും സുപ്രധാന സ്ഥാനം നൽകിയേക്കുമെന്ന് വിലയിരുത്തപ്പെട്ടിരുന്നു. മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനായിരുന്നു ഇതിന് മുന്‍പ് ഭരണ പരിഷ്‌കരണ കമീഷന്‍ അധ്യക്ഷന്‍. 31 ജീവനക്കാരും തിരുവനന്തപുരത്ത് ഓഫീസും വസതിയും ഭരണ പരിഷ്‌കരണ കമീഷന്‍ ചെയര്‍മാന് ലഭിക്കും.