പൊലീസുകാർ ചോദിക്കുന്നു, ഞങ്ങൾ മരിച്ചാൽ ഇവിടൊരു വിലയുമില്ലേ?
text_fieldsകോട്ടയം: ‘ഡ്യൂട്ടിക്കിടെ മരിച്ച ഡോക്ടർക്കും ഫയർഫോഴ്സ് ഉദ്യോഗസ്ഥനും 25 ലക്ഷം രൂപ കൊടുക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്, അത് കോട്ടയത്ത് ചീട്ടുകളി സംഘത്തെ പിടിക്കാൻ പോയി ഡ്യൂട്ടിക്കിടെ മരിച്ച എസ്.ഐസാറിനും കൊടുക്കേണ്ടതല്ലേ? അതിന് മറ്റെന്തെങ്കിലും തടസ്സമുണ്ടോ?’ കഴിഞ്ഞ കുറച്ചുദിവസമായി പൊലീസ് ഉദ്യോഗസ്ഥരുടെ വാട്സ്ആപ് ഗ്രൂപ്പുകളിലുൾപ്പെടെ പ്രചരിക്കുന്ന സന്ദേശമാണിത്.
മറ്റ് വകുപ്പുകളിൽ ജോലിക്കിടെ മരിക്കുന്നവർക്ക് സർക്കാർ ധനസഹായം പ്രഖ്യാപിക്കുമ്പോൾ പൊലീസ് ഉദ്യോഗസ്ഥരോട് കുറച്ചുകാലമായി കടുത്ത അവഗണനയാണുള്ളതെന്ന പരാതിയാണ് അവർക്കുള്ളത്. മേയ് 14ന് കോട്ടയത്ത് ചീട്ടുകളി സംഘത്തെ പിടികൂടാനുള്ള ശ്രമത്തിനിടെ കെട്ടിടത്തിൽനിന്ന് വീണ് മരിച്ച രാമപുരം സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ ജോബി ജോർജിന്റെ കുടുംബത്തിന് മന്ത്രിസഭ യോഗം ഒരു സഹായവും പ്രഖ്യാപിക്കാത്തതാണ് സേനാംഗങ്ങളെ അസംതൃപ്തരാക്കുന്നത്.
വർക്കലയിൽ ബോട്ട് മറിഞ്ഞ് പൊലീസുകാരനായ ബാലു മരിച്ചിട്ട് വർഷം കഴിഞ്ഞിട്ടും ഒരു സഹായവും നൽകിയിട്ടില്ലത്രെ. ഏഴ് വർഷത്തിനിടെ 15ലധികം പൊലീസ് ഉദ്യോഗസ്ഥർ ഡ്യൂട്ടിക്കിടെ മരിച്ചെങ്കിലും അവർക്കൊന്നും കാര്യമായ സഹായങ്ങൾ ലഭിച്ചിട്ടില്ലെന്ന് സേനാംഗങ്ങൾ പറയുന്നു. സി.പി.എം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ അകമ്പടി വാഹന ഡ്യൂട്ടിക്കിടെ മരിച്ച പൊലീസുകാരൻ പ്രവീണിന്റെ കുടുംബത്തിന് 20 ലക്ഷം രൂപ അനുവദിച്ചത് മാത്രമാണ് ഈ കാലഘട്ടത്തിലുണ്ടായത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നും ഈ പണം അനുവദിച്ചത് ലോകായുക്തയുടെ മുന്നിൽ കേസായി പരിഗണനയിലിരിക്കുകയുമാണ്.
വർഷങ്ങൾക്ക് മുമ്പ് വരെ കൃത്യനിർവഹണത്തിനിടെ മരിക്കുന്ന പൊലീസുകാർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് പത്ത് ലക്ഷം രൂപ വരെ അനുവദിക്കുമായിരുന്നു. അതാണ് ഇപ്പോൾ ഏറെക്കുറെ നിലച്ചത്. പത്ത് വർഷം മുമ്പ് ഇത്തരത്തിൽ അപകടത്തിൽപെടുന്ന പൊലീസുകാരുടെ കുടുംബത്തിന് സാമ്പത്തിക സഹായം ലഭ്യമാക്കാൻ പൊലീസ് വെൽഫെയർ ബ്യൂറോക്കും രൂപംനൽകിയിരുന്നു. പൊലീസുകാരിൽനിന്നും നിശ്ചിത തുക ഈടാക്കിയാണ് ഈ ഫണ്ട് സമാഹരണം നടത്തിവരുന്നത്. എന്നാൽ, ആ പണംപോലും വിതരണം ചെയ്യാത്ത അവസ്ഥയാണുള്ളതെന്ന് പൊലീസുകാർ പരാതിപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

