പൊലീസുകാരന്റെ കൈത്തോക്ക് കവർന്ന മൂന്നംഗ സംഘത്തെ കസ്റ്റഡിയിലെടുത്തു
text_fieldsrepresentational image
ആലപ്പുഴ: പ്രതിയെ കോടതിയിൽ ഹാജരാക്കി സബ്ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ എ.ആർ ക്യാമ്പിലെ പൊലീസുകാരന്റെ കൈത്തോക്ക് കവർന്ന മൂന്നംഗ സംഘത്തെ സൗത്ത് പൊലീസ് കസ്റ്റഡിയിൽ എടുത്തു. ആലപ്പുഴ നഗരസഭ തിരുമല വാർഡിൽ പോഞ്ഞിക്കര സോഫിയാ ഭവനത്തിൽ യദുകൃഷ്ണൻ (20), വടുതല പൊഴിപ്പറമ്പിൽ ആന്റണി (21), ഇവരോടൊപ്പം ഉണ്ടായിരുന്ന പുന്നപ്ര സ്വദേശിനി സന്ധ്യ (35) എന്നിവരെയാണ് സൗത്ത് എസ്.ഐ റെജിരാജിന്റെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിൽ എടുത്തത്. സംഘത്തിൽനിന്ന് തോക്കും കണ്ടെടുത്തു.
ഇന്നലെ ഉച്ചക്ക് ഒരുമണിയോടെയാണ് സംഭവം. ആലപ്പുഴ എ.ആർ ക്യാമ്പിലെ ഹരി എന്ന പൊലീസുകാരൻ പ്രതിയുമായി സ്വകാര്യ ബസിൽ യാത്ര ചെയ്യുന്നതിനിടെയാണ് തോക്ക് നഷ്ടപ്പെട്ടത്. റബർ ഫാക്ടറി ഭാഗത്ത് പ്രതിയുമായി ഇറങ്ങിയ ഹരി സബ്ജയിലിൽ എത്തിയപ്പോഴാണ് തോക്ക് നഷ്ടമായ വിവരം അറിയുന്നത്. തോക്ക് സൂക്ഷിച്ചിരുന്ന പൗച്ച് ഇളകിയ നിലയിലായിരുന്നു. പിൻ സീറ്റിലിരുന്ന ആന്റണിയും യദുവും തന്ത്രപരമായി തോക്ക് കൈവശപ്പെടുത്തുകയായിരുന്നു എന്നാണ് സംശയിക്കുന്നത്.
ഹരി സൗത്ത് പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് വിവിധ പൊലീസ് സ്റ്റേഷനുകളിലും കൺട്രോൾ റൂമിലും റെയിൽവേ പൊലീസിലും വിവരം അറിയിച്ചു. സ്വകാര്യ ബസ് ജീവനക്കാരുമായും ബന്ധപ്പെട്ടു. തുടർന്ന് നടത്തിയ തിരച്ചിലിൽ സംശയാസ്പദമായ സാഹചര്യത്തിൽ ബീച്ചിൽ രണ്ടുപേരെ കണ്ട് ചോദ്യം ചെയ്തപ്പോൾ തോക്ക് ഇവർ മോഷ്ടിച്ച് തങ്ങൾക്കൊപ്പമുണ്ടായിരുന്ന യുവതിയുടെ കൈവശം കൊടുത്തതായി ഇവർ സമ്മതിച്ചു.
പിന്നീട് നടത്തിയ അന്വേഷണത്തിൽ യുവതിയുടെ ബാഗിൽനിന്ന് തോക്ക് കണ്ടെടുത്തു. സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്ത മൂന്നു പേരെയും വിശദമായി ചോദ്യം ചെയ്ത് വരുന്നു. ഇവരുടെ ബന്ധങ്ങളും ക്രിമിനലുകളാണോ എന്നുള്ള വിവരങ്ങൾ പരിശോധിച്ചു വരുകയാണെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

