സൈമൺ ബ്രിട്ടോയുടെ വീട് പൊലീസ് കുത്തിത്തുറന്നു; സ്വര്‍ണാഭരണം അപഹരിച്ചെന്നും ഭാര്യയുടെ പരാതി
text_fieldsകൊച്ചി: സി.പി.എം നേതാവും എം.എൽ.എയുമായിരുന്ന അന്തരിച്ച സൈമൺ ബ്രിട്ടോയുടെ അടച്ചിട്ട വീട്ടിൽ പൊലീസ് ഉദ്യോഗസ്ഥർ അതിക്രമിച്ചുകയറി കുത്തിപ്പൊളിച്ചെന്ന് ഭാര്യ സീന ഭാസ്കർ. വാടകക്ക് നല്‍കിയിരുന്ന വീട് ആളില്ലാത്ത നേരത്ത് തുറന്ന് പരിശോധിച്ചെന്നും സ്വര്‍ണാഭരണങ്ങളും മറ്റ് വസ്തുക്കളും അപഹരിച്ചെന്നും സിറ്റി പൊലീസ് കമീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.
എറണാകുളം വടുതലയിലെ വീട്ടിൽ തിങ്കളാഴ്ച പുലർച്ചെയാണ് നടപടിക്രമങ്ങൾ പാലിക്കാതെ ഞാറക്കൽ പൊലീസെന്നു പറഞ്ഞ് ഒരുസംഘം യൂനിഫോമിലും അല്ലാതെയും എത്തിയത്. വീട്ടുടമസ്ഥയായ തന്നെയോ, അയൽവാസികളെയോ തൊട്ടടുത്ത് താമസിക്കുന്ന ബന്ധുക്കളെയോ അറിയിക്കാതെയാണ് വീട്ടിൽ അതിക്രമിച്ചുകയറിയത്. കുത്തുകേസിലെ പ്രതി ഒളിവിലിരിക്കുന്നുവെന്ന പേരില്‍ എത്തിയ സംഘം സമീപവാസി മാവേലി ഹിലാരി എന്നയാളുടെ സഹായത്തോടെയാണ് വീട് കുത്തിത്തുറന്നത്.
സംഭവശേഷം തട്ടിന്‍മുകളില്‍ സൂക്ഷിച്ച തന്റെയും മകളുടെ 10 പവനോളം വരുന്ന സ്വര്‍ണാഭരണവും സൈമണ്‍ ബ്രിട്ടോക്ക് ലഭിച്ച അവാര്‍ഡുകളും മെമന്റോകളും കാണാനില്ലെന്നും പരാതിയില്‍ പറയുന്നു. ആലപ്പുഴ സ്വദേശിയായ വിഷ്ണുവിനാണ് വീട് വാടകക്ക് നല്‍കിയിരിക്കുന്നത്. പൊലീസ് എത്തുന്ന സമയത്ത് ഇയാള്‍ വീട്ടിലുണ്ടായിരുന്നില്ല. നിലവില്‍ മകളുടെ പഠനാവശ്യത്തിനായി സീന ഡൽഹിയിലാണ് താമസിക്കുന്നത്. വീട്ടില്‍ അതിക്രമിച്ചുകയറിയവരില്‍ പൊലീസ് ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ നടപടിക്രമങ്ങള്‍ പാലിച്ചിട്ടില്ല.
സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിനൊപ്പം സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ തനിക്കെതിര പ്രവര്‍ത്തിക്കുന്ന മാവേലി ഹിലാരി എന്നയാള്‍ക്കെതിരെയും നിയമനടപടി സ്വീകരിക്കണമെന്ന് സീന പരാതിയില്‍ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

